വി.കെ. സോമസുന്ദരന്‍
പാലക്കാട് നഗര്‍ സംഘചാലകും, സേവാഭാരതി ജില്ലാ അധ്യക്ഷനും, ജനം ടിവി എംഡിയുമായ ജി.കെ.പിള്ളയുടെ നിര്യാണം സ്വയംസേവകര്‍ക്കും പരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്കും ഞെട്ടലാണ് ഉണ്ടാക്കിയത്. കര്‍മകുശലമായ അഞ്ച് പതിറ്റാണ്ടോളം നീണ്ട തൊഴില്‍ മേഖലയില്‍ നിന്നും വിരമിച്ചശേഷം സംഘ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്നു. തൊഴില്‍ മേഖലയോട് കാണിച്ച അതേ പ്രതിബന്ധത സംഘപ്രവര്‍ത്തനത്തിലും തുടര്‍ന്നു. ഏറ്റെടുത്ത ദൗത്യം കൃത്യതയോടെയും സൂക്ഷ്മതയോടെയും ആത്മാര്‍ത്ഥമായും നിര്‍വ്വഹിച്ചു. ഏത് വ്യക്തിയെ പരിചയപ്പെട്ടാലും അവരെ സ്വാധീനവലയത്തിലാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നപ്പോഴും വിനയാന്യുതനായിരുന്നു. ഓരോ കാര്യത്തോടും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടായിരുന്നു.
വിദ്യാഭ്യാസത്തിന് ശേഷം കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷനിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നീണ്ട ഔദ്യോഗിക കാലഘട്ടത്തിനിടയില്‍ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2008ല്‍ സ്കോപ്പ് എക്സലന്‍സ് അവാര്‍ഡ് പ്രധാനമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. 2010ല്‍ ഇന്ത്യന്‍ ന്യൂക്ലിയര്‍ സൊസൈറ്റി അവാര്‍ഡും, നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവിന്റെ വ്യാവസായിക മികവിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.
ഉന്നത സംഘപ്രവര്ത്തകന് എങ്ങനെയായിരിക്കണം എന്നുള്ളതിനുള്ള ഉത്തമ മാതൃകയായിരുന്നു ജി.കെ. പിള്ള. കഠിനാധ്വാനത്തിലൂടെ ഏറ്റവും താഴെത്തട്ടില്‍ നിന്ന് നിരവധി ഉന്നതപദവികള്‍ വരെ വഹിക്കുവാന്‍ കഴിഞ്ഞത് സത്യസന്ധതയും, ആത്മാര്‍പ്പണവും കൈമുതലായതുകൊണ്ടാണ്. അത് സംഘപ്രവര്‍ത്തനത്തിലും കാണിച്ചു. അദ്ദേഹത്തോടൊപ്പം സമ്പര്‍ക്കം നടത്തുമ്പോള്‍ അത് പ്രത്യേക അനുഭവം തന്നെയായിരുന്നു. ഉന്നതപദവികള്‍ വഹിച്ചിരുന്നതിന്റെ യാതൊരു ലാഞ്ഛയും സംഘപ്രവര്‍ത്തകരോട് ഇടപഴകുന്നതില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നത് എടുത്തുപറയണം. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതോടൊപ്പം ആത്മാവിന്റെ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: