കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും തൊഴിലാളി യൂണിയനുകള്‍ നടത്തിയ രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രതീക്ഷിച്ചതുപോലെതന്നെ പരാജയപ്പെട്ടു. ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും പണിമുടക്ക് കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. സിപിഎമ്മിന്റെയും മറ്റും നേതാക്കള്‍ പണിമുടക്ക് വലിയ വിജയമാണെന്ന് അവകാശപ്പെടുമ്പോഴും ദേശീയതലത്തില്‍ അത് ജനജീവിതത്തെ ബാധിച്ചില്ലെന്ന കാര്യം മറച്ചുപിടിക്കുകയാണ്. പൊതുഗതാഗതവും വ്യാപാര സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സാധാരണപോലെ പ്രവര്‍ത്തിച്ചു. ബാങ്കുകളുടെ പ്രവര്‍ത്തനം ചിലയിടങ്ങളില്‍ തടസ്സപ്പെടുകയോ മന്ദീഭവിക്കുകയോ ചെയ്തെന്നു മാത്രം. കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമാസക്ത സമരങ്ങള്‍ പോലെയായിരുന്നു പണിമുടക്കും. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും സിപിഎമ്മുകാര്‍ ഭീകരാവസ്ഥ സൃഷ്ടിച്ചു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തകര്‍ത്തു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പണിമുടക്കിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്ന് പറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ നിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ച് രംഗത്തെത്തി. പ്രകോപനമുണ്ടായ ഇടങ്ങളിലാണത്രേ അക്രമങ്ങള്‍ നടന്നത്. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ഇത് തെളിയിക്കുന്നു. സിപിഎമ്മിന്റെയും ഇടതു യൂണിയനുകളുടെയും ഭീഷണിക്കു വഴങ്ങാതെ കേരളത്തിലും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയതും, രണ്ടാം ദിവസം ഒട്ടുമിക്ക കച്ചവടസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചതും പണിമുടക്ക് വകവയ്‌ക്കാതെയാണ്.
പണിമുടക്കിന്റെ ആദ്യദിവസംതന്നെ അതിന് നേതൃത്വം നല്കുന്നവര്‍ക്ക് ഹൈക്കോടതിയില്‍നിന്ന് കനത്ത പ്രഹരമേറ്റു. ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും, രണ്ട് ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളം തടയാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, പണിമുടക്കിനുശേഷം നടപടിയെടുക്കാമെന്ന സര്‍ക്കാര്‍ നിലപാട് തള്ളി അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ ഇതിനെതിരെ രംഗത്തുവന്നെങ്കിലും വേലി തന്നെ വിളവു തിന്നുന്ന രീതിയിലുള്ള സര്‍ക്കാരിന്റെ സമീപനത്തെ കോടതി ഉത്തരവ് തുറന്നുകാട്ടുകയുണ്ടായി. ‘നോ വര്‍ക്ക് നോ പേ’ എന്ന തത്വം അംഗീകരിച്ച സുപ്രീംകോടതി വിധി മറികടന്ന് ജോലിക്കു വരാത്തവര്‍ക്ക് പാരിതോഷികമായി ശമ്പളം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ രീതി ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ വെളിച്ചത്തില്‍ വലിയ ചര്‍ച്ചാവിഷയമാകും. പണിമുടക്കിന്റെ ആവശ്യകതയെക്കുറിച്ച് സിപിഎമ്മുകാര്‍ വാചാലരായെങ്കിലും അതില്‍ ഒരു ധാര്‍മികതയുമില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. കണ്ണൂരില്‍ നടക്കാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയില്‍ പണിമുടക്ക് ബാധകമായില്ല. ഇതിനെതിരെ ചോദ്യമുയര്‍ന്നപ്പോള്‍ ചില തൊടുന്യായങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിച്ചത്. പണിമുടക്ക് ദിവസങ്ങളില്‍ അന്നത്തെ അന്നം തേടി പുറത്തിറങ്ങിയവരെ ആട്ടിയോടിച്ചവരാണ് പാര്‍ട്ടിയുടെ കാര്യം വന്നപ്പോള്‍ മറുകണ്ടം ചാടിയത്.
രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് ഈ പണിമുടക്കില്‍ പങ്കെടുത്തില്ല. രാഷ്‌ട്രീയപ്രേരിതമായ പണിമുടക്കില്‍ പങ്കെടുക്കുന്നത് തൊഴിലാളികളുടെ താല്‍പ്പര്യത്തിന് എതിരാണെന്ന് ബിഎംഎസ് ചൂണ്ടിക്കാട്ടുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ആയിരുന്നുവത്രേ പണിമുടക്ക്. രാജ്യത്തെ അസംഘടിത മേഖലയിലെ നാലരക്കോടിയോളം വരുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന വേജ് കോഡിനെയാണ് കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും യൂണിയനുകള്‍ എതിര്‍ക്കുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്ന തൊഴിലാളികളെ സോഷ്യല്‍ സെക്യൂരിറ്റി കോഡിലൂടെ അതിലേക്ക് കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നവര്‍ ഏതു തരം തൊഴിലാളി സ്നേഹികളാണ്? നഷ്ടം നികത്തി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതിനെ അന്ധമായി എതിര്‍ക്കുന്നത് രാജ്യത്തിന് ഗുണകരമാവില്ല. വിദേശ മൂലധനത്തെപ്പോലും സ്വാഗതം ചെയ്ത് പുതിയ നയരേഖ ഇറക്കുന്നവര്‍ പൊതുമേഖലാ ഓഹരിവില്‍ക്കുന്നതിനെ എതിര്‍ക്കുന്നതിന്റെ കാപട്യം തിരിച്ചറിയേണ്ടതുണ്ട്. ഉത്തര്‍പ്രദേശ് അടക്കം അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകല്‍ ബിജെപി നേടിയ അത്യുജ്വലമായ വിജയത്തോടുള്ള അമര്‍ഷമാണ് ഈ ഇടതു-കോണ്‍ഗ്രസ് പണിമുടക്കിനു പിന്നിലുള്ളത്. മത്സരിച്ച സംസ്ഥാനങ്ങളിലെല്ലാം നോട്ടയ്‌ക്കും താഴെ മാത്രം വോട്ടാണ് ഇടതുപാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഒരിടത്തും ജയിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസും തുല്യദുഃഖിതരാണ്. ഇതിനു മറയിടുന്നതിനു വേണ്ടിയാണ് ദേശീയ പണിമുടക്കുമായി ചാടിയിറങ്ങിയത്. അതും പരാജയപ്പെട്ടത് ജനങ്ങള്‍ നല്കുന്ന പാഠമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: