ഇസ്താംബുള്‍: യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും ഉക്രൈനും തമ്മിലുള്ള ചര്‍ച്ചയില്‍ പുരോഗതി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നല്‍കിയാല്‍ നാറ്റോയില്‍ ചേരില്ലെന്ന് ഉക്രൈന്‍ നിലപാട് എടുത്തു. ഉക്രൈന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ് എന്നിവിടങ്ങളില്‍ ആക്രമണം കുറയ്‌ക്കുമെന്നു റഷ്യയും ഉറപ്പ് നല്‍കി.
റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുര്‍ക്കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളെ തയീപ് എര്‍ദോഗന്‍ എതിര്‍ത്തിരുന്നു. ചര്‍ച്ചയ്‌ക്കെത്തിയ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പരസ്പരം അഭിവാദ്യം ചെയ്യുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തില്ല. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ നിലപാടെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചകള്‍ക്ക് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ മുഖാമുഖ ചര്‍ച്ചകള്‍ നടക്കുന്നത്. ഉക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇര്‍പിന്‍ ഉക്രൈന്‍ സേന തിരിച്ചുപിടിച്ചതായി മേയര്‍ ഒലെക്‌സാണ്ടര്‍ മാര്‍കുഷിന്‍ വ്യക്തമാക്കിയിരുന്നു.
റഷ്യ ഫെബ്രുവരി 24ന് ഉക്രൈനില്‍ അതിനിവേശം നടത്തിയതിന് ശേഷം, രണ്ടാം തവണയാണ് തുര്‍ക്കിയില്‍ വച്ച് സമാധാന ചര്‍ച്ചകള്‍ നടത്തുന്നത്. ഇതിന് മുന്നെ മാര്‍ച്ച് പത്തിനാണ് ആദ്യ ചര്‍ച്ച തുര്‍ക്കിയിലെ അന്റ്റാലിയയില്‍ നടന്നത്. ഇന്നത്തെ ചര്‍ച്ചയ്‌ക്ക് ശേഷം പുടിനും സെലന്‍സ്‌കിയും വരും ദിവസങ്ങളില്‍ നേരില്‍ കണ്ട് അടുത്ത തീരുമാനങ്ങളില്‍ എത്തുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: