തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ പേരില്‍ പൊതുനിരത്തില്‍ ട്രേഡ് യൂണിയന് ഗുണ്ടകള്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ ഭീഷണിയുമായി സംയുക്ത ട്രേഡ് യൂണിയന് സംസ്ഥാന സമിതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ വിനു വി ജോണിനെതിരെ ആര്. ചന്ദ്രശേഖരനും, എളമരം കരീമും കെ.പി രാജേന്ദ്രനുമാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മാര്‍ച്ച് 30 ന് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ ഓഫീസിന് മുന്നില്‍ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ ഇന്നലെ രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ചര്‍ച്ച നയിച്ച ചീഫ് റിപ്പോര്‍ട്ടര്‍ ബിനു ജോണ്‍ പണിമുടക്കിയ തൊഴിലാളികളെ അടച്ച് മോശമായി ആക്ഷേപിക്കുകയും സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ സഖാവ് ഏളമരം കരിമിനെ അപകീര്‍ത്തിപ്പെടുത്തുകയും പണിമുടക്ക് ദിവസം എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് വിനു ന്യൂസ് അവറില്‍ ചോദിച്ചിരുന്നു.
ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണെന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിച്ചിരിക്കുന്നത്. തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കിയില്ല. നേതാക്കളെ ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന് സംസ്ഥാന സമിതി ശക്തമായ പ്രതിഷേധക്കുന്നുവെന്നും ഇവര്‍ പുറത്തിറക്കിയ റിലീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: