ലഖ്നൗ: ബുള്‍ഡോസര്‍ യോഗിയുടെ മുഖം നോക്കാതെയുള്ള നീതി നടപ്പാക്കല്‍ വീണ്ടും. ഇക്കുറി യുപി ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് മുക്താര്‍ അന്‍സാരിയുമായി ബന്ധപ്പെട്ട കേസില്‍ തലയുരുണ്ടത് മുന്‍ ബിജെപി നേതാവിനും സഹോദരനും ആണെന്ന് മാത്രം.
ജയിലില്‍ കഴിയുന്ന, ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയ അധോലോകത്തലവന്‍ മുക്താര്‍ അന്‍സാരിക്ക് യാത്ര ചെയ്യാന്‍ ആംബുലന്‍സ് നല്കി സഹായിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍ ബിജെപി നേതാവ് ഡോ.അല്‍ക റായിയെയും സഹോദരന് ശേഷ്നാത് റായിയെയും ഉത്തര്‍പ്രദേശ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
ഗ്യാംഗ്സ്റ്റേഴ്സ് നിയമ (ഗുണ്ടാനിയമം) പ്രകാരം ഗുണ്ടാത്തലവന് മുക്താര്‍ അന്‍സാരി, ഡോ. അല്‍ക റായി, ശേഷ്നാത് റായി എന്നിവര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡോ. അല്‍ക റായിയെയും സഹോദരന് ശേഷ്നാത് റായിയെയും മൗവില്‍ നിന്നും കസ്റ്റഡിയിലെടുത്ത പൊലീസ് ബാരാബങ്കിയിലേക്ക് കൊണ്ടുപോയി. ‘ഞങ്ങള്‍ അല്‍കാറായിയെയും ശേഷനാഥ് റായിയെും ഗ്യാങ്സ്റ്റേഴ്സ് നിയമമനുസരിച്ച് അറസ്റ്റ് ചെയ്യുകയാണ്. മറ്റുള്ളവരെ പിടികൂടാന്‍ റെയ്ഡ് പുരോഗമിക്കുകയാണ്’- ബാരാബങ്കിയിലെ എസ്പി അനുരാഗ് വറ്റ്സ് പറഞ്ഞു. ഈ കേസിലെ 13 പേരുടെയും സ്വത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഗ്യാങ്സ്റ്റേഴ്സ് ആന്റ് ആന്റി സോഷ്യന്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (ഗുണ്ടാപ്രവര്‍ത്തനങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും (തടയല്‍) നിയമം) അനുസരിച്ചാണ് 13 പേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. മൗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോക്ടറാണ് അല്‍ക റായി. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി) നേതാവായിരുന്ന ഗുണ്ടാത്തലവന് മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ റോപാല്‍ ജയിലില്‍ നിന്നും മൊഹാലിയിലെ കോടതിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് സഹായം നല്കി എന്നതാണ് ഡോ. അല്‍കാ റായിയ്ക്കെതിരായ കുറ്റം. നിരവധി കൊലപാതകക്കുറ്റങ്ങളില്‍ പ്രതിയായ ക്രിമിനലായ മുക്താര്‍ അന്‍സാരിക്ക് ആംബുലന്‍സ് കിട്ടാന്‍ രേഖകള്‍ ചമച്ചുകൊടുത്തത് ഡോ. അല്‍കാ റായ് ആണ്. അന്ന് ബാരാബങ്കി നമ്പര്‍ പ്ലേറ്റുള്ള ആംബുലന്‍സിലാണ് ഗുണ്ടാത്തലവന് മുക്താര്‍ അന്‍സാരിയെ കൊണ്ടുപോയതെന്ന സംഭവം വിവാദമായിരുന്നു. ആംബുലന്‍സ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിച്ച വോട്ടര്‍ ഐഡി കാര്‍ഡും പാന്‍ കാര്‍ഡും വ്യാജമായിരുന്നു. ഈ കേസില്‍ അന്ന് മുക്താര്‍ അന്‍സാരിയും ഡോ. അല്‍കാ റായിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കോട് വാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലെ കുറ്റവാളികള്‍ക്കെതിരെ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ബാന്ദ ജയിലില്‍ കഴിയുകയാണ് മുക്താര്‍ അന്‍സാരി. സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ റോപാല്‍ ജയിലില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബാന്ദ ജയിലിലേക്ക് കൊണ്ടുവന്നത്.
ഡോ.അല്‍കാ റായി മുന്‍ ബിജെപി നേതാവ്
എന്നാല്‍ അല്‍കാ റായി ഇപ്പോള്‍ ബിജെപിയില്‍ ഇല്ലെന്ന് ബിജെപിയുടെ മൗ ജില്ല പ്രസിഡന്റ് പ്രവീണ്‍ ഗുപ്ത വ്യക്തമാക്കി. ആംബുലന്‍സ് കേസില്‍ പ്രതിയാകുന്നതിന് മുന്‍പാണ് അല്‍കാറായി ബിജെപിയില്‍ ഉണ്ടായിരുന്നതെന്ന് ബിജെപിയുടെ മൗ ജില്ല പ്രസിഡന്റ് പ്രവീണ്‍ ഗുപ്ത പറയുന്നു. ‘പാര്‍ട്ടി ഇവര്‍ക്കെതിരെ നടപടിയെടുത്തു. ഇവര്‍ ഇപ്പോള്‍ ബിജെപിയില്‍ ഇല്ല,’- അദ്ദേഹം പറഞ്ഞു.
ആരാണ് പൂര്‍വ്വാഞ്ചലിനെ വിറപ്പിച്ച മുക്താര്‍ അന്‍സാരി?
ഒരിയ്ക്കല്‍ പൂര്‍വ്വാഞ്ചലിനെ വിറപ്പിച്ച ഗുണ്ടയായിരുന്നു മുഖ്താര്‍ അന്‍സാരി. പൂര്‍വ്വാഞ്ചല്‍ മാത്രമല്ല, വടക്കേയിന്ത്യയിലെ ജനങ്ങളാകെ മുക്താര്‍ അന്‍സാരിയുടെ പേര് കേട്ടാല്‍ വിറയ്ക്കുമായിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതോടെ മുക്താര്‍ അന്‍സാരിയുടെ കോടികളുടെ ഗുണ്ടാസാമ്രാജ്യം തകര്‍ന്നുവീഴുകയായിരുന്നു.
കൊലയിലൂടെയും തട്ടിക്കൊണ്ടുപോകലിലൂടെയും കോടികള്‍ വാരിക്കൂട്ടിയ ഗുണ്ടാനേതാവാണ് മുക്താര്‍ അന്‍സാരി. 1927ല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു മുക്താര്‍ അഹമ്മദ് അന്‍സാരിയുടെ പേരക്കുട്ടിയാണ് ഗുണ്ടാത്തലവനായി വിലസിയ മുക്താര്‍ അന്‍സാരി. ഇദ്ദേഹത്തിന്റെ സഹോദരന് അഫ്സല് അന്‍സാരി ഗാസിപൂരില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടിയുടെ എംപിയാണ്. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന ഹമിദ് അന്‍സാരിയും ഈ കുടുംബത്തില്‍ നിന്നുള്ളയാളാണ്.
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ പദ്ധതികള്‍ ഗുണ്ടകളും മാഫിയകളും തട്ടിപ്പറിച്ചിരുന്ന 70കളിലാണ് മുക്താര്‍ അന്‍സാരിയും വളര്‍ന്നത്. ഇദ്ദേഹത്തിന്റെ ക്രിമിനല്‍ സംഘത്തിനെതിരെ 30 കേസുകള്‍ ചാര്‍ജ്ജ് ചെയ്തു. 2005ല്‍ ബിജെപി എംഎല്‍എ കൃഷ്ണാനന്ദ റായിയുടെ വധിച്ചത് ഇന്നും ബിജെപിയുടെ കറുത്ത ദിനങ്ങളിലൊന്നാണ്. മനോജ് സിന്‍ഹ എന്ന കേന്ദ്രമന്തിയുടെ അടുത്തയാളായിരുന്നു കൃഷ്ണാനന്ദ റായി എംഎല്‍എ. ഈ കൃഷ്ണാനന്ദ റായിയെ വധിച്ചതില്‍ മുക്താര്‍ അന്‍സാരിക്കും മുക്താര്‍ അന്‍സാരിയുടെ സഹോദരനായ അഫ്സല് അന്‍സാരിക്കും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. . അന്ന് എംഎല്‍എയുടെ ശരീരത്തില്‍ നിന്നും 67 ബുള്ളറ്റുകളാണ് എടുത്തുമാറ്റിയത്.
മുക്താര്‍ അന്‍സാരിക്ക് വേണ്ടി ഈ കൊല നടത്തിയ ഹനുമാന് പാണ്ഡെയെ യോഗിയുടെ ഭീകരവാദ വിരുദ്ധ പൊലീസാണ് പിന്നീട് കൊലപ്പെടുത്തിയത്. മുക്താര്‍ അന്‍സാരി ഇതിനിടെ ബിഎസ്പിയുടെ എംഎല്‍എ വരെയായി. കഴിഞ്ഞ മുന്ന് തെരഞ്ഞെടുപ്പുകള്‍ ജയിലില്‍ നിന്നും വിജയിച്ച വ്യക്തിയാണ് മുക്താര്‍ അന്‍സാരി. നിരവധി ചെറുപ്പകാരെ മൗ, ജോന്‍പൂര്‍, ബല്ലിയ, വാരണാസി പ്രദേശങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളിലേക്ക് കൊണ്ടുവന്ന ഗുണ്ടയാണ് മുക്താര്‍ അന്‍സാരി.
2009ല്‍ 48 കേസുകളാണ് അന്‍സാരിക്കെതിരെ ഉണ്ടായത്. മൗവില്‍ അജയ് പ്രകാശ് സിങ്ങിനെ വധിച്ചതും അന്‍സാരിയാണ്. ഈ കേസിലെ സാക്ഷി വരെ കൊലചെയ്യപ്പെട്ടു. എന്നാല്‍ യോഗി അന്‍സാരിയെ ജയിലിലാക്കി. ഇദ്ദേഹത്തെ പഞ്ചാബ് ജയിലില്‍ നിന്നും ഉത്തര്‍പ്രദേശ് ജയിലില്‍ എത്തിച്ചത് യോഗി ആദിത്യനാഥാണ്. അന്ന് പഞ്ചാബ് ജയിലില്‍ നിന്നും ഉത്തര്‍പ്രദേശ് ജയിലിലേക്ക് മാറ്റുന്ന ദിവസം അന്‍സാരി ഉണ്ണുകയോ കുടിക്കുകയോ ചെയ്തില്ല. ഭയം കൊണ്ട് അദ്ദേഹത്തിന്റെ മുഖം വരെ വീര്‍ത്തിരുന്നു. ഒരു കാലത്ത് പൂര്‍വ്വാഞ്ചലിനെയും വടക്കേയിന്ത്യയെയും വിറപ്പിച്ച ഗുണ്ടാത്തലവന് അങ്ങിനെ യോഗി ആദിത്യനാഥിന്റെ വിട്ടുവീഴ്ചയില്ലാതെ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കുന്ന നീക്കം മൂലം ഒതുങ്ങി. ഇങ്ങിനെ സമാജ് വാദി, ബിഎസ്പി ഭരണത്തില്‍ ഗുണ്ടാ സാമ്രാജ്യം പടുത്തുയര്‍ത്തിയ നിരവധി ഗുണ്ടകളുടെ സാമ്രാജ്യമാണ് യോഗിയുടെ ഭരണത്തിന്‍കീഴില്‍ അസ്തമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: