ലഖ്നൗ: യുപിയില്‍ ബിജെപിയുടെ വിജയം ആഘോഷിച്ചതിനും ബിജെപിയ്ക്ക് വോട്ട് ചെയ്തതിനും ഖുഷി നഗര്‍ ജില്ലയിലെ മുസ്ലിം യുവാവിനെ അയല്‍ക്കാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
അസിമുള്ള, സല്‍മ, താഹിദ്, ആരിഫ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ബാബര്‍ അലി എന്ന 28 കാരന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിപ്പെട്ടെങ്കിലും വേണ്ട നടപടിയെടുക്കാതിരുന്ന രാംകോല പൊലീസ് സ്റ്റേഷനെതിരെ നടപടിയെടുക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.
ബിജെപിയുടെ വിജയം ആഘോഷിച്ചതിന് അയല്‍ക്കാരുടെ ക്രൂരമര്‍ദ്ദനം ഏറ്റ് ലഖ്നോവിലെ ആശുപത്രിയില്‍ ചികിത്സയിലായ ബാബര്‍ അലി ഞായറാഴ്ചയാണ് മരിച്ചത്. കുറ്റവാളികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി യോഗി പ്രഖ്യാപിച്ചതിന് 48 മണിക്കൂറിനകം പ്രതികളെ പിടികൂടി.
മാര്‍ച്ച് 20നാണ് ബാബറിനെതിരെ ആക്രമണം നടന്നത്. കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബറിനെ അയല്‍ക്കാര്‍ ആക്രമിക്കുകയായിരുന്നു. ബിജെപിയുടെ വിജയാഘോഷത്തില്‍ പങ്കെടുത്തതായിരുന്നു പ്രധാന ആക്രമണ കാരണം. ബിജെപിയെ അനുകൂലിച്ച് ബാബര്‍ അലി ജയ് ശ്രീറാം വിളിച്ചതും എതിരാളികളെ ക്രുദ്ധരാക്കി. പ്രാണരക്ഷാര്‍ത്ഥം വീടിന്റെ ടെറസില്‍ കയറാന്‍ ശ്രമിച്ച ബാബറിനെ അയല്‍ക്കാര്‍ പിന്തുടര്ന്ന് അടിച്ച് കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ബാബറിന്റെ ഭാര്യ ഫാത്തിമ പറഞ്ഞു.
ബാബറിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാതെ അന്ത്യകര്‍മ്മങ്ങള്‍ നടത്തില്ലെന്ന് വീട്ടുകാര്‍ വാശിപിടിച്ചതോടെ സംഘര്‍ഷമായി. ‘നേരത്തെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് ബാബറിനെ സമുദായത്തില്‍പ്പെട്ടവര്‍ താക്കീത് ചെയ്തിരുന്നു. തനിക്ക് സംരക്ഷണം വേണമെന്ന് ബാബര്‍ രാംകോല പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഈ അപേക്ഷ ആരും ചെവിക്കൊണ്ടില്ല’- ബാബറിന്റെ കുടുംബം പറയുന്നു.
ബാബറിന്റെ മരണത്തിന് ശേഷം ഭാര്യ ഫാത്തിമ പൊലീസില്‍ കേസ് നല്‍കിയിരുന്നു. കുറ്റം ചെയ്തവരെ ഉടന്‍ പിടികൂടുമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വരുണ്‍ കുമാര്‍ പാണ്ഡെ കുടുംബത്തെ സന്ദര്‍ശിച്ച് ഉറപ്പ് നല്‍കിയിരുന്നു.
ബാബറിനെ കൊന്നത് ബിജെപിയാണെന്ന് വരെ സമാജ് വാദി പ്രചരിപ്പിച്ചിരുന്നു. ‘യോഗി സര്‍ക്കാര്‍ ചാര്‍ജ്ജെടുത്ത ശേഷം ബാബര്‍ എന്ന പേരില്‍ ഒരു യുവാവ് വധിക്കപ്പെട്ടു. ബിജെപി സര്‍ക്കാരാണ് ഇതിന് ഉത്തരവാദികള്‍’- സമാജ് വാദി എംഎല്‍എ രവിദാസ് മെഹ്റോത്ര അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു. ഈ കേസില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസ് സ്റ്റേഷനെതിരെ നടപടിയെടുക്കുമെന്ന് യോഗി സര്‍ക്കാര്‍ പറഞ്ഞു. ബാബര്‍ അലിയുടെ കൊലപാതകം വര്ഗ്ഗീയവല്ക്കരിക്കാന് സമാജ് വാദിയും കോണ്‍ഗ്രസും സംയുക്തമായി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഗോരഖ്പൂര്‍ ഡി ഐജി ജെ. രവീന്ദര്‍ ഗൗഡിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ നാല് കുറ്റവാളികളെയും പിടികൂടുകയായിരുന്നു.
ഇക്കുറി മുസ്ലിങ്ങളുടെ പിന്തുണയും യോഗിക്ക് ലഭിച്ചിരുന്നു. ഇതിന് പ്രത്യുപകാരമായി മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഡാനിഷ് ആസാദ് അന്‍സാരിയെ ന്യൂനപക്ഷക്ഷേമമന്ത്രിയാക്കിയിരുന്നു. പിന്നാക്ക മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയാണ് അന്‍സാരി. എബിവിപിയിലൂടെ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തിയ യുവാവാണ് ഡാനിഷ് അന്‍സാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: