ന്യൂദല്‍ഹി: ബിജെപി ഉത്തര്‍പ്രദേശില്‍ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടിയതു മുതല്‍ ‘ദി ഹിന്ദു’ പത്രമുള്‍പ്പെടെയുള്ള ഇടത്-ലിബറല്‍ മാധ്യമങ്ങള്‍ക്ക് ഉറക്കം നഷ്ടമായിരിക്കുകയാണ്. ഇനി ബിജെപിയെ തോല്പിക്കാന് എന്ത് വഴി എന്ന ചോദ്യത്തിന് ബുദ്ധിജീവികളെ അണി നിരത്തി ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ് ‘ദി ഹിന്ദു’ ദിനപത്രം.
കഴിഞ്ഞ ദിവസം പത്രത്തില്‍ പ്രസിദ്ധീകരിച്ച രണ്ട് ബുദ്ധിജീവികളുടെ അഭിമുഖത്തില്‍ ജാതീയ രാഷ്ട്രീയം മാത്രമാണ് ബിജെപിയുടെ ഹിന്ദുമത രാഷ്ട്രീയത്തെ തോല്പിക്കാനുള്ള ഏക പോംവഴി എന്നാണ് ബുദ്ധിജീവികള്‍ ഉപദേശിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജാതീയ അടിസ്ഥാനത്തില്‍ വീണ്ടും വിഭജിക്കണമെന്നും അത് ഹിന്ദു രാഷ്ട്രീയത്തെ അട്ടിമറിക്കുമെന്നുമാണ് ബുദ്ധിജീവികള്‍ ഉപദേശിക്കുന്നത്. പണ്ട് ഇംഗ്ലീഷുകാര്‍ ഇന്ത്യക്കാര്‍ക്കെതിരെ ഉപയോഗിച്ച് ഡിവൈഡ് ആന്റ് റൂള്‍ (ഭിന്നിപ്പിച്ച് ഭരിക്കുക) എന്ന തന്ത്രം തന്നെയാണ് സീനിയര്‍ പത്രപ്രവര്‍ത്തക രാധിക രമേശനും യുകെയിലെ യോര്‍ക്ക് സര്‍വ്വകലാശാലയിലെ അധ്യാപകന് ഇന്ദ്രജിത് റോയും ഉപദേശിക്കുന്നത്.
ജാതി വിഭജനം ശക്തമാക്കാനുള്ള ഏക പോംവഴി ജാതി സെന്‍സസ് മാത്രമാണെന്നും ഇന്ദ്രജിത് റോയ് ഉപദേശിക്കുന്നു. ജാതി സെന്‍സസ് വന്നാല്‍ ജാതിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ സംഘടനകള്‍ ശക്തരാകും. ജാതികള്‍ കൂടുതല്‍ സ്വതന്ത്രരാകും തോറും ഹിന്ദു രാഷ്ട്രീയം ദുര്‍ബ്ബലമാകും. ഇതാണ് പല സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് വേണമെന്ന മുറവിളിക്ക് പിന്നിലുള്ള യഥാര്‍ത്ഥ രാഷ്ട്രീയം.
ബിജെപിയുടെ വിജയം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി മോദി ആദ്യം പ്രഖ്യാപിച്ചത് ഉത്തര്‍പ്രദേശില്‍ ജാതി അപ്രസക്തമായി എന്നാണ്. ഇക്കുറി സമാജ് വാദി പാര്‍ട്ടിയുടെ ശക്തിസ്രോതസ്സായ യാദവരൊഴികെ ഹിന്ദുമതത്തില്‍പ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ബിജെപിക്ക് ലഭിച്ചിരുന്നു. ഉന്നത ജാതിയില്‍പ്പെട്ട ബ്രാഹ്മിണ്സമുദായവും ഒബിസിയില്പ്പെട്ടവരും ദളിത് വിഭാഗത്തില്‍പ്പെട്ടവരും ബിജെപിയെ പിന്തുണച്ചിരുന്നു.
ഒബിസിയില്‍ തന്നെ ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ടവരും മധ്യനിരയില്‍ പ്പെട്ടവരും പിന്നാക്ക ഒബിസിയും ഉണ്ട്. ഇതില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന യാദവ സമുദായക്കാര്‍ ഉന്നത നിരയില്‍പ്പെട്ട ഒബിസി വിഭാഗക്കാരാണ്. കുര്‍മി, ജാട്, സോണാര്‍, ഗുര്‍ജര്‍, ലോദ്, കാംബോജ് എന്നിങ്ങനെയുള്ള വിഭാഗക്കാര്‍ ഇടത്തരം ഒബിസിയാണ്. ഇതില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന ഒബിസി വിഭാഗക്കാര്‍ 70 ശതമാനത്തോളം വരും. ഇതില്‍ കുശ് വാഹ, കശ്യപ്, നിഷാദ്, കൊയേരി, തെലി, സൈനി എന്നിങ്ങനെയുള്ള ജാതിവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഇവരെല്ലാം അകമഴിഞ്ഞ് ഇക്കുറി ബിജെപിയ്ക്ക് വോട്ട് ചെയ്തിരുന്നു.
ജാടവ് എന്ന ദളിത് ജാതിയില്‍പ്പെട്ടവരാണ് ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ കരുത്തായിരുന്നത്. ഇവരും ബിജെപിക്ക് വോട്ട് ചെയ്തു. ഈ ബഹുജന്‍സമാജ് വാദി രാഷ്ട്രീയം ദുര്‍ബലമായത് ബിജെപിയെ ശക്തമാക്കിയതെന്നാണ് ബുദ്ധിജീവികളുടെ മറ്റൊരു കണ്ടെത്തല്‍. അതിനാല്‍ ബഹുജന്‍ രാഷ്ട്രീയം ശക്തിപ്പെടുത്തണമെന്നും ഇവര്‍ ഉപദേശിക്കുന്നു. എന്തായാലും ഹിന്ദു സമുദായം ജാതിഭേദങ്ങള്ക്കപ്പുറത്തുള്ള ഒരു ശക്തമായ മതമായി നിലകൊള്ളുന്നതില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ അമര്‍ഷമുള്ള നല്ലൊരു വിഭാഗമുണ്ടെന്ന് വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: