തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ നിന്ന് കലാകാരിയെ വിലക്കി ഇടതുപക്ഷ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ്. കണ്ണൂരില്‍ മകന് ഇതര മതസ്ഥയെ വിവാഹം കഴിച്ചതിന് പിതാവിനെ ക്ഷേത്ര പരിപാടിയില്‍ നിന്ന് വിലക്കിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരും ഇത്തരം സംഭവം അരങ്ങേറിയത്.
അഹിന്ദു ആയതിനാലാണ് നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചതെന്നാണ് നര്‍ത്തകി മന്‍സിയയുടെ പരാതി. ഏപ്രില്‍ 21ന് ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ മന്‍സിയക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ദേവസ്വം ഭാരവാഹികളില്‍ ഒരാള്‍ ഇക്കാര്യം വിളിച്ചറിയിച്ചതെന്നാണ് മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. സിപിഎം നേതാവ് യു.പ്രദീപ് മേനോനാണ് കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന്.
അടുത്ത കാലത്ത് ശ്യാം കല്യാണ്‍ എന്ന ഹിന്ദു യുവാവിനെ മന്‍സിയ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യവും ഉണ്ടായതായി മന്‍സിയ പറയുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരം മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മലപ്പുറം വള്ളുവമ്പ്രത്ത് സ്വദേശിയായ മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഏറെ വിവേചനം നേരിട്ട മുസ്ലിം പെണ്‍കുട്ടിയാണ്. മതതീവ്രവാദികള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ രക്ഷിതാക്കളുടെ പിന്തുണയിലാണ് മന്‍സിയ ഉറച്ചുനിന്നത്. കാന്‍സര്‍ ബാധിച്ച് മരിച്ച അമ്മയുടെ സംസ്കാര ചടങ്ങുകള്‍ക്ക് വിലക്കുകളും മന്‍സിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എംഎ ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെയാണ് മന്‍സിയ പാസായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: