പോത്തൻകോട്: സിൽവർ പദ്ധതി ചർച്ചയ്‌ക്കെടുത്ത ബജറ്റിൽ കോൺഗ്രസിന്റെ വാ അടപ്പിച്ച് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ നാടകീയങ്ങളോടെ 2022-23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻ്റ് അഡ്വ. അനീജ. കെ.എസ് ബജറ്റ് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തിലെ മംഗലപുരം മുരുക്കുംപുഴ മേഖകളിൽ നിരവധി കുടുംബങ്ങളുടെ വീടുകളിലും പുരയിടങ്ങളിലുമാണ് കല്ലിടൽ നടന്നത്. ഇതാണ് ബജറ്റ് കമ്മിറ്റിൽ കോൺഗ്രസ് നേതാവ് അജിത്ത് ചർച്ചക്കെടുത്തത്. എന്നാൽ അജിത്തിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളി. ഇതൊന്നും ബജറ്റ് കമ്മിറ്റിൽ വേണ്ടന്ന് പറഞ്ഞ് ഭരണപക്ഷം കോൺഗ്രസിന്റെ വാ അടപ്പിക്കുകയായിരുന്നു. തുടർന്ന് അംഗസംഖ്യ കുറഞ്ഞ കോൺഗ്രസുകാർ മൗനത്തിലിരുന്നു ബജറ്റിനെ പിൻതാങ്ങുകയായിരുന്നു.
ഭവന നിർമാണ പദ്ധതിയ്‌ക്കായ് 6,80,00,000 രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ ആരോഗ്യ മേഖലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പുത്തൻതോപ്പ്, അണ്ടൂർക്കോണം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾക്ക് അറുപത് ലക്ഷം രൂപയും വനിതകളിലെ ക്യാൻസർ പരിശോധന ക്യാമ്പുകളുടെ ഭാഗമായുള്ള ഫസ്റ്റ് ചെക്ക് പദ്ധതിയ്‌ക്കായി അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഏറെ നാളായി കാത്തിരിക്കുന്ന പോത്തൻകോട് പഞ്ചായത്തിലെ ചിറ്റിക്കര പാറമട കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേയ്‌ക്ക് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു. ഈ വർഷം പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നും അറിയിച്ചു. മേഖലയിലെ കയർ വ്യവസായത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും ഇരുപത് ലക്ഷം രൂപ പദ്ധതിയ്‌ക്കായി പ്രഖ്യാപിച്ചു. കൂടാതെ പട്ടികജാതി മേഖല, വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ ക്ലാസുകൾ, ക്ഷീരകർഷക മേഖല, മത്സ്യ തൊഴിലാളി മേഖല, മാലിന്യ ശുചിത്വം, കേരഗ്രാമം തുടങ്ങിയവയ്‌ക്കും തുക വകവരുത്തി. വിവിധയിനങ്ങളിലായി 127,25,08,876 രൂപ വരവും, 125, 40,35,226 രൂപ. ചിലവും 1,84,73,650 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
സ്ത്രീശാക്തീകരണം പറയുന്നവർ വനിതകളെ മറന്നിട്ടാണ് ബജറ്റ് അവതരിപ്പിച്ചെന്ന് ഇടത് – വലത് ബ്ലോക്ക് അംഗങ്ങൾ ഒരുപോലെ വിമർശിച്ചു. വനിതകൾക്ക് പ്രത്യേകം സംഭവങ്ങൾ തുടങ്ങണമെന്നും ആവശ്യം ഉയർന്നു. ചെറുപ്പക്കാരുടെ തൊഴിലവസരങ്ങൾ നൽകാത്തതിലും ബജറ്റിൽ സാംസ്കാരിക മേഖലയ്‌ക്ക് പ്രാതിനിത്യം നൽകിയില്ലന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: