നിശ്ശബ്ദതയാണു സൃഷ്ടിക്കുന്നതെങ്കില്‍ അത് ജനാധിപത്യമല്ലെന്നാണ് കാരണഭൂതന്‍ കട്ടായം പറഞ്ഞത്. എന്നുവച്ചാല്‍ ശബ്ദം ഉയരണം, പ്രതിഷേധം ഉണ്ടാവണം എന്നുതന്നെ. അതേസമയം ചില കാര്യത്തില്‍ നിശ്ശബ്ദതയാണ് ജനാധിപത്യം എന്നും മൗനമായി പറയുന്നു. ഈ നിശ്ശബ്ദത എന്താണെന്ന് 47 വര്‍ഷം മുമ്പത്തെ ഒരു ജൂണ്‍മാസ രാത്രി മുതല്‍ നമ്മള്‍ അറിഞ്ഞതാണ്,അനുഭവിച്ചതാണ്. മാനുഷിക വികാരങ്ങളെ എങ്ങനെയൊക്കെ ചവിട്ടിമെതിച്ച് സുഖിക്കാമെന്ന് ഒരു ഭരണാധികാരിക്ക് മനസിലായതും ആ കാലയളവിലാണ്. മൃഗങ്ങള്‍ പോലും ലജ്ജിച്ച് മൂക്ക് നിലത്തു മുട്ടിക്കുന്ന തരത്തിലുള്ള ക്രൂരതയും ഭീകരതയുമായിരുന്നല്ലോ അരങ്ങേറിയിരുന്നത്. ഇന്നും നനഞ്ഞ ഇടവഴികളും ഊടുവഴികളും കേറിച്ചെല്ലുമ്പോള്‍ അപര്യാപ്തത സ്വാഗതം ചെയ്യുന്ന ഒരുപാടു വീടുകളില്‍ അതിന്റെ ബാക്കിപത്രങ്ങള്‍ കണ്ണീര്‍ പെയ്തിരിപ്പുണ്ട്.
അന്ന് നിശ്ശബ്ദതയാണ് ജനാധിപത്യമെന്ന് ഭരണാധികാരി ആക്രോശിച്ചപ്പോള്‍ നെഞ്ചുവിരിച്ച് ശബ്ദമുണ്ടാക്കലാണ് ജനാധിപത്യമെന്ന് പറഞ്ഞതിന്റെ പീഡനങ്ങളേറ്റവരാണ് നേരത്തെ സൂചിപ്പിച്ചവര്‍. അവരുടെ ത്യാഗസന്നദ്ധതയും സമര്‍പ്പണവുമാണ് ഇന്ന് കാരണഭൂതനു പോലും പരാമര്‍ശിത കാര്യം ചൂണ്ടിക്കാണിക്കാനുള്ള അവസരമുണ്ടാക്കിയത്.കേരളത്തിലങ്ങിങ്ങോളം യുദ്ധസമാനമായ അന്തരീക്ഷം ഉയര്‍ന്നു വരുന്നുവെങ്കില്‍ കാരണഭൂതന്‍ ചൂണ്ടിക്കാട്ടിയ ജനാധിപത്യത്തിന്റെ വിജയമാണ്. അത് ഏതെങ്കിലും കക്ഷിയുടെയോ സംഘടനയുടെയോ ആശയങ്ങളുടെയോ മാത്രം വിജയമല്ല. മാനുഷികതയുടെ മുന്നേറ്റവും ജനാധിപത്യത്തിന്റെ സാരള്യവും ഉള്‍ച്ചേര്‍ന്ന സ്വാഭാവികതയാണ്.
കെ റെയില്‍ എന്ന അധുനാധുന സംഭവവികാസങ്ങളിലൂടെ പോകുമ്പോഴേ വികസന വസന്തം വരൂ എന്ന ചിന്ത എത്രമാത്രം പ്രായോഗികമാണ് എന്ന് ആലോചിക്കണം. അതിന് ഉയര്‍ന്ന ബിരുദങ്ങളും ഗവേഷണങ്ങളും വേണമെന്നില്ല; പ്രായോഗിക വിവരം മതി. അതുപക്ഷേ, സാധാരണ ഉണ്ടാവാറില്ല എന്നതത്രേ വസ്തുത. കേരളമെന്ന ചെറുസംസ്ഥാനത്ത്, ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നയിടത്ത് കോടികള്‍ ചെലവഴിച്ച് ആളുകളെ കുടിയിറക്കി ഒരു വികസനം വേണോ എന്ന ചോദ്യം വലിയ ചോദ്യം തന്നെ. ഉള്ളതെല്ലാം പണയപ്പെടുത്തിയും ചോര നീരാക്കിയും മൂന്നും നാലും സെന്റ് സ്ഥലത്ത് വീടുവച്ചവന്റെ മുറ്റത്ത് തോക്കും ബയണറ്റും മുളവടിയുമായി ഔദ്യോഗിക സംഘമെത്തുമ്പോള്‍ താലപ്പൊലിയുമായി സ്വീകരിച്ച് ഓച്ഛാനിച്ച് നില്‍ക്കലാണ് ജനാധിപത്യമെങ്കില്‍ അങ്ങനെയൊന്ന് ഇവിടുത്തുകാര്‍ക്ക് വേണ്ട.കരമടച്ച് രസീത് വാങ്ങിയിരിക്കുന്നവന് ഒരു തുണ്ടുകടലാസ് പോലും കൊടുക്കാതെ അടുക്കളയ്‌ക്കുള്ളിലും കുളിമുറിക്കു മുമ്പിലും മഞ്ഞക്കുറ്റി അടിച്ചു സ്വന്തമാക്കുന്നത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭരണകൂട ഗുണ്ടായിസമാണ്. വളരെക്കുറച്ച് ജനങ്ങള്‍ക്ക് ഏറെ സൗകര്യമുണ്ടാവാനും സമയം ലാഭിക്കാനും ബഹുഭൂരിപക്ഷത്തെ തെരുവാധാരമാക്കുന്നതിനെ വികസനമെന്നല്ല പറയുക.അത് ചമ്പല്‍ക്കൊള്ളയാണ്. ആ കൊള്ളക്കാര്‍ പോലും അമ്മ പെങ്ങന്മാരെ പരസ്യമായി വലിച്ചിഴച്ച് അപമാനിക്കാറില്ല.കുട്ടികളെ വശം കെടുത്തി കാര്യം സാധിക്കാറില്ല. പാഠം കൊള്ളക്കാരില്‍ നിന്നായാലും പഠിച്ചില്ലെങ്കില്‍ അപകടമാണെന്ന് മനസിലാവുകയാണ്.
മനുഷ്യര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതി തീരെ കുറഞ്ഞ ആഘാതത്തില്‍ നടപ്പാക്കുക എന്നതാണ് ഒരു ജനാധിപത്യ ഭരണകൂടം, മര്‍ദ്ദിതര്‍ക്കും ദുര്‍ബലര്‍ക്കും ആലംബമായ ഭരണകൂടം, തൊഴിലാളിയാഭിമുഖ്യ ഭരണകൂടം ചെയ്യേണ്ടത്.പകരം രാക്ഷസീയ ചെയ്തികളിലൂടെ പാവങ്ങളുടെ നെഞ്ചുകീറി ചോരയൊഴുക്കുകയല്ല. ആകെയുള്ള ഇത്തിരിപ്പോന്ന മണ്ണിലെ കിടപ്പാടത്തിന് വല്ലതും എറിഞ്ഞു കൊടുത്ത് ധാര്‍ഷ്ട്യത്തിന്റെ മുള്ളുവേലി കെട്ടി ജനങ്ങളെ അകറ്റി നിര്‍ത്തുന്നതിലൂടെ വിജയിക്കുന്നത് ഗുണ്ടായിസമാണ്. മൂലമ്പള്ളി, ചെങ്ങറ തുടങ്ങിയ സ്ഥലങ്ങളിലെ ദൈന്യത നമ്മുടെ മുമ്പിലുണ്ടല്ലോ. നിശ്ശബ്ദമായി അതു കണ്ടുനില്‍ക്കാനാണ് കാരണഭൂതനും സംഘവും പറയുന്നത്. അതേസമയം മറ്റൊരിടത്ത് സൂചിപ്പിക്കുന്നു നിശ്ശബ്ദത ജനാധിപത്യമല്ലെന്ന്! കെ റെയിലിനെതിരായ വികാരം നിശ്ശബ്ദമായിരിക്കണം. പ്രതിഷേധാത്മക മുന്നേറ്റം പാടില്ല. എന്നാല്‍ ഭരണകൂടത്തിന് അസൗകര്യമായവക്കെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ രംഗത്തു വരികയും വേണം. വൈരുധ്യാത്മക ഭൗതികവാദത്തിന്റെ ഏറ്റവും മികച്ച മുഖമാണിപ്പോള്‍ കാരണഭൂതന്റേത്. 1975 ലെ നിശ്ശബ്ദത കെ റെയില്‍ വിഷയത്തില്‍ വേണമെന്ന് പറയാതെ പറയുന്ന കാരണഭൂതന്‍ അന്നത്തെ ഭരണകര്‍ത്താവിന്റെ മാനസികാവസ്ഥയിലെത്തിയിരിക്കുന്നു. കേരളം അങ്ങിങ്ങോളം പ്രതിഷേധം കത്തിപ്പടരുമ്പോള്‍ അതിന് വിമോചന സമരമുള്‍പ്പെടെയുള്ള മേമ്പൊടി ചേര്‍ത്ത് ദുര്‍വ്യാഖ്യാനം നടത്തുകയാണ്. മനുഷ്യരെ കൈകാര്യം ചെയ്യാന്‍ ഏണും കോണും തിരിച്ച് തോക്ക് വേണ്ടവര്‍ക്ക് അങ്ങനെ, ലാത്തി വേണ്ടവര്‍ക്ക് അങ്ങനെ എന്ന രീതിയാണ് കാരണഭൂതന്റെ സംഘം കൈയാളുന്നത്. പ്രോലിറ്റേറിയറ്റ് ജനാധിപത്യത്തില്‍ നിന്ന് പ്രോഫിറ്റബ്ള്‍ ജനാധിപത്യത്തിലേക്ക് ഭരണകൂടം പോവുമ്പോള്‍ നിശ്ശബ്ദരായിരിക്കാന്‍ തല്‍ക്കാലം കഴിയില്ല സര്‍. ജനാധിപത്യത്തിന്റെ വ്യാഖ്യാനഭേദങ്ങളില്‍ മാറി മാറി കൊടികെട്ടുന്ന ശീലം പാവം മനുഷ്യര്‍ക്കില്ല. അവര്‍ യഥാര്‍ത്ഥ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. അത് ഓര്‍ത്താല്‍ നന്ന്.
*നേര്‍മുറി*
സമരക്കാര്‍ തെക്കും വടക്കുമില്ലാത്ത വിവരദോഷികള്‍: ഇ.പി.ജയരാജന്‍ കൃത്യമായി കൂട്ടുകാരെ തിരിച്ചറിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: