തിരുവനന്തപുരം: നഗരസഭ ബജറ്റ് ചര്‍ച്ചയ്‌ക്കിടയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ സിപിഎം ആക്രമണം. ബജറ്റിന്റെ രണ്ടാം ദിവസത്തെ ചര്‍ച്ചയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ കണ്ടെത്തിയ കണക്കിലെ പൊരുത്തക്കേടുകള്‍ ചര്‍ച്ച ചെയ്താല്‍ ഭരണ പക്ഷത്തിനു മറുപടി പറയുവാന്‍ സാധിക്കില്ല എന്ന് മനസിലാക്കിക്കൊണ്ട് മേയര്‍ നേതൃത്വം കൊടുത്തു കൊണ്ട് തന്നെ ഭരണ പക്ഷം ബജറ്റ് ചര്‍ച്ച അലങ്കോല പെടുത്തിയെന്ന് ബിജെപി പറഞ്ഞു.
നഗര സഭയുടെ ചരിത്രത്തില്‍ ഇന്നേ വരെ കേട്ടു കേള്‍വി ഇല്ലാത്ത നടപടിക്കാണ് മേയര്‍ തുടക്കം കുറിച്ചത്. ബജറ്റ് ചര്‍ച്ചയുടെ ആദ്യ ദിവസം ആമുഖ പ്രസംഗമായി മേയറും ഡെപ്യൂട്ടി മേയറും പ്രസംഗം നടത്തി കഴിഞ്ഞാല്‍ മറുപടി പറയേണ്ടത് ബജറ്റിന്റെ എല്ലാ ചര്‍ച്ചകള്‍ക്കും ശേഷമാണ്. ഇവിടെ മേയര്‍ പ്രകോപനം ഉണ്ടാക്കാന്‍ ആദ്യമേ ശ്രമം നടത്തി. ഏറ്റവും അംഗങ്ങള്‍ ഉള്ള ബിജെപിയുടെ പ്രതിനിധികള്‍ക്കാണ് ചര്‍ച്ചയില്‍ ആദ്യ അവസരം കിട്ടേണ്ടത്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്നെ മനഃപൂര്‍വം മൈക്ക് ഓഫ് ചെയ്ത് സിപിഎമ്മിന്റെ ജനപ്രതിനിധിയ്‌ക്ക് കൈമാറി.
ബിജെപിയിലെ അംഗങ്ങള്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം സഭയില്‍ രേഖപ്പെടുത്തിയപ്പോള്‍ മേയര്‍ ഇത് ഒരു അവസരമായി കണക്കാക്കി ചര്‍ച്ചകള്‍ ഒന്നും നടത്താതെ ബജറ്റ് പാസായി എന്ന് പ്രഖാപിച്ചു. ഇതിനിടയില്‍ ഡെപ്യൂട്ടി മേയര്‍ ബിജെപി കൗണ്‍സില്‍ അംഗങ്ങളെ സഭാ നടപടികള്‍ക്ക് നിരക്കാത്ത രീതിയില്‍ അസഭ്യം പറഞ്ഞു ബഹളം ഉണ്ടാക്കിയെന്നും ബിജെപി പറഞ്ഞു. നഗര സഭയുടെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു തികഞ്ഞ പരാജയമാണെന്നും പലപ്പോഴും നഗര സഭയുടെ ഖജനാവ് സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്തം മറന്നു ആരുടെയോ കൈയിലെ കളിപ്പാവയായി മാറുന്ന അവസ്ഥയുമുണ്ടെന്നു ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ആരോപിച്ചു.
ബിജെപി അംഗങ്ങള്‍ക്ക് ഈ ബജറ്റ് ചര്‍ച്ചയില്‍ വേണ്ടത്ര സമയം അനുവദിക്കാതെയും, കണക്കിലെ വന്‍ പൊരുത്തക്കേടുകള്‍ ചര്‍ച്ച ചെയ്യാതെ പാസാക്കിയതിലും പ്രതിക്ഷേധിച്ചു കൊണ്ട് ബിജെപി അംഗങ്ങള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ മേയരുടെ ഓഫീസിനു അകത്തു നിന്ന് ആക്രോശിച്ചുകൊണ്ട് ഇറങ്ങി വന്ന ഡി.ആര്‍. അനില്‍, നിസാമുദീന്‍, പനിയടിമ എന്നിവരുടെ നേതൃത്വത്തില്‍ പിടിപി വാര്‍ഡ് കൗണ്‍സിലറും ബിജെപിയുടെ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി.ജി. ഗിരികുമാറിനെയും കരമന വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു. ജി.എസ്സിനെയും എസ്‌റ്റേറ്റ് വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യയെയും ആക്രമിക്കുകയുണ്ടായി. ഇവരെ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇത്തരം അക്രമ സംഭവങ്ങള്‍ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് വെളിവാകുന്നത്. ഈ ഭരണ സമിതി അധികാരത്തില്‍ വന്ന നാള്‍ മുതല്‍ നടത്തിയിട്ടുള്ള എണ്ണ മറ്റ അഴിമതികളെ ജനമധ്യത്തില്‍ എത്തിച്ചതിന്റെ പക തീര്‍ക്കലാണ് സിപിഎം നേതൃത്വം പലപ്പോഴും ബിജെപിയോട് കാണിക്കുന്നത്. പാവപ്പെട്ട നഗര വാസികളുടെ വീട്ടുകാരം കൊള്ളയടിച്ചതും ദാരിദ്ര പട്ടികജാതി വിഭാഗങ്ങളുടെ ധന സഹായം തട്ടിയെടുത്തതും, കോടികളുടെ എല്‍ഈഡി ലൈറ്റ് വാങ്ങല്‍ പദ്ധതിയിലെ അഴിമതിയും, നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ വ്യാജ ബില്ലുകള്‍ ഉണ്ടാക്കി നഗര വാസികളുടെ നികുതി പണം കവര്‍ന്നെടുത്തതും എല്ലാം ജനമധ്യത്തിലേക്ക് കൊണ്ട് വന്നത് നഗര സഭയിലെ ഒരു തിരുത്തല്‍ ശക്തിയായും ജന പക്ഷത്തു നിന്നും പ്രവര്‍ത്തിക്കുന്ന ബിജെപിയാണ്. തുടര്‍ന്നും ഇത്തരം അഴിമതികള്‍ക്കെ തിരെ ശക്തമായ ഇടപെടല്‍ ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടത്തുന്ന ഇത്തരം അക്രമണങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: