ലഖ്നൗ : ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് ഉത്തര്‍പ്രദേശിലെ മദ്രസ്സകള്‍ക്ക് നിര്‍ണ്ണായക നിര്‍ദ്ദേശം നല്കി മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡ്. രാവിലെ ഈശ്വര പ്രാര്‍ത്ഥനയ്ക്കൊപ്പം ദേശീയ ഗാനം കൂടി ആലപിച്ച ശേഷം മാത്രം ക്ലാസ്സുകള്‍ തുടങ്ങിയാല്‍ മതിയെന്നാണ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കുട്ടികള്‍ക്കുള്ളില്‍ രാജ്യസ്നേഹം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമാണ് ഈ കര്‍ശ്ശന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യുപി മദ്രസ എഡ്യുക്കേഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. ഇതോടൊപ്പം എല്ലാ വര്‍ഷവും വാര്‍ഷിക പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പരീക്ഷ മേയ് 14 മുതല്‍ ആരംഭിക്കും. പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹിക ശാസ്ത്രം, സയന്‍സ് എന്നീ വിഷയങ്ങളും ഉള്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മദ്രസ്സകളില്‍ ഇനി മുതല്‍ അധ്യാപകര്‍ക്ക് പ്രവേശനം നല്‍കുക വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിലാകും. ടീച്ചേഴ്സ് എലിജിബിലിറ്റി പരീക്ഷ എഴുതി വിജയിക്കുന്നവരെ മാത്രമാകും ഇനി മുതല്‍ അധ്യാപക തസ്തികകളിലേക്ക് ആളുകളെ പരിഗണിക്കുക. അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും മദ്രസ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്തിഖര്‍ അഹമ്മദ് ജാവേദ് സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
2017 ല്‍ എല്ലാ സ്വാതന്ത്ര്യദിനത്തിലും മദ്രസകളില്‍ ദേശീയഗാനം ആലപിക്കണമെന്നും, ദേശീയപതാക ഉയര്‍ത്തണമെന്നും മദ്രസ്സ ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകളില്‍ ദേശീയ ഗാനവും നിര്‍ബന്ധമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: