Categories: Samskriti

പരമാത്മാവായ ബ്രഹ്മത്തിന്റെ സ്വരൂപവും ലക്ഷണവും

യാതൊന്നില്‍ നിന്ന് ഈ കാണപ്പെടുന്ന ഭൂതങ്ങള്‍ ജനിച്ചുവോ യാതൊന്നിനെ അവലംബിച്ച് ഉണ്ടായാവയെല്ലാം ജീവിക്കുന്നുവോ അതാണ് ബ്രഹ്മം. സൃഷ്ട്യാദികള്‍ക്ക് കാരണമായിരുന്നതിനാല്‍ ഈശ്വരന്‍ അവസ്ഥാത്രയത്തിലും വിളങ്ങുന്നതിനാല്‍ അദ്വയ ജ്ഞാനം. ദേഹാദികളുടെ പ്രേരകനായിരിക്കുന്നതിനാല്‍ പരമാത്മാവ് എന്നും അറിയപ്പെടുന്നു. ബ്രഹ്മത്തെക്കുറിച്ചറിയാന്‍ സൂക്ഷ്മബുദ്ധി വേണം. സ്ഥൂലം, സൂക്ഷ്മം, കാരണം ഈ മൂന്നും ശരീരത്തോടു ചേര്‍ന്ന് സുഖദുഃഖാദികള്‍ അനുഭവിക്കുന്ന അവസ്ഥയാണ് ജാഗ്രത്ത്.

Published by

ഇറക്കത്ത് രാധാകൃഷ്ണന്‍

നിമിയുടെ അഞ്ചാമത്തെ ചോദ്യത്തിന് യോഗി പിപ്പലായനനാണ് മറുപടി പറയുന്നത്. ജഗത്തിന്റെ സൃഷ്ടി സ്ഥിതി ലയങ്ങള്‍ക്ക് കാരണമാകുന്നതും കാരണരഹിതമായിരിക്കുന്നതും ബ്രഹ്മമാണ്. ജാഗ്രത, സ്വപ്‌നം, സുഷുപ്തി എന്നീ അവസ്ഥാത്രയങ്ങളിലും ദേഹത്തിലും  ഇന്ദ്രിയങ്ങളിലും എല്ലാം ജീവനായ് നിന്ന് ത്രസിക്കുന്നത് പരബ്രഹ്മമാണ്. സത്തിനും അസത്തിനും ഉണ്മയ്‌ക്കും മിഥ്യയ്‌ക്കും എല്ലാറ്റിനും പരമമായിരിക്കുന്നതും ബ്രഹ്മമാണ്. സാത്ത്വിക, രാജസ, താമസ ഗുണങ്ങളില്‍ സൂത്രരൂപത്തിലും മഹത്തത്ത്വം അഹങ്കാരതത്ത്വം എന്നിവയായും ചൈതന്യമായും സഗുണമായും നിര്‍ഗുണമായും ഗുണാതീതമായും പ്രവര്‍ത്തിക്കുന്നത് ബ്രഹ്മമാണ്.  സൂര്യന്‍ ലോകത്തെ ചലിപ്പിക്കുന്നു. എല്ലാറ്റിനും സാക്ഷിയുമാകുന്നു. ബ്രഹ്മവും ഏകമായി സര്‍വത്തിനും കാരണമായി നില്‍ക്കുന്നു. ഒന്നിലും ലയിക്കുന്നുമില്ല.  

യാതൊന്നില്‍ നിന്ന് ഈ കാണപ്പെടുന്ന ഭൂതങ്ങള്‍ ജനിച്ചുവോ യാതൊന്നിനെ അവലംബിച്ച് ഉണ്ടായാവയെല്ലാം ജീവിക്കുന്നുവോ അതാണ് ബ്രഹ്മം. സൃഷ്ട്യാദികള്‍ക്ക് കാരണമായിരുന്നതിനാല്‍ ഈശ്വരന്‍ അവസ്ഥാത്രയത്തിലും വിളങ്ങുന്നതിനാല്‍ അദ്വയ ജ്ഞാനം. ദേഹാദികളുടെ പ്രേരകനായിരിക്കുന്നതിനാല്‍ പരമാത്മാവ് എന്നും അറിയപ്പെടുന്നു. ബ്രഹ്മത്തെക്കുറിച്ചറിയാന്‍ സൂക്ഷ്മബുദ്ധി വേണം. സ്ഥൂലം, സൂക്ഷ്മം, കാരണം ഈ മൂന്നും ശരീരത്തോടു ചേര്‍ന്ന് സുഖദുഃഖാദികള്‍ അനുഭവിക്കുന്ന അവസ്ഥയാണ് ജാഗ്രത്ത്. സൂക്ഷ്മകാരണങ്ങളോട് ചേര്‍ന്ന് സൂക്ഷ്മ പ്രപഞ്ചത്തെ അനുഭവിക്കുമ്പോള്‍ സ്വപ്‌നാവസ്ഥ; സൂക്ഷ്മത്തെയും വിട്ട് ജ്ഞാനസ്വരൂപമായിരിക്കുന്ന കാരണ ശരീരത്തെ അവലംബിച്ച് ഒന്നും ഞാനറിഞ്ഞില്ല എന്ന അജ്ഞാന അവസ്ഥയ്‌ക്കും, സുഖമായി ഉറങ്ങി എന്ന ആനന്ദ അവസ്ഥയ്‌ക്കും, സാക്ഷിയായിരിക്കുന്നത് സുഷുപ്തിയില്‍ ഉള്ള സ്ഥിതി. ഈ മൂന്ന് അവസ്ഥകളിലും അറിവ് രൂപമായി വിളങ്ങുന്നത് ഒന്നു തന്നെ. പരമതത്ത്വം. അതുതന്നെ പരബ്രഹ്മം. അതു തന്നെ ഭഗവാന്‍. അതുതന്നെ നാരായണന്‍.  

ബ്രഹ്മം എന്ന പരമതത്ത്വത്തെ മനസ്സിന് പ്രവേശിക്കാന്‍ കഴിയുകയില്ല. മനസ്സു വിഷയമല്ലാത്തതിനാല്‍ വാക്കിനും വിഷയമല്ല.  കാണാനും കഴിയില്ല. ബുദ്ധികൊണ്ട് ഊഹിക്കാനും കഴിയില്ല. ക്രിയാശക്തിക്കും ബ്രഹ്മത്തെ പ്രവേശിക്കാന്‍ സാമര്‍ത്ഥ്യമില്ല. യാതൊരു ഇന്ദ്രിയങ്ങള്‍ക്കും വിഷയമല്ല. ബ്രഹ്മം സത്യമാണ്. സൃഷ്ട്യാദികള്‍ക്കും ബ്രഹ്മം കാരണമാണ്. അറിവ്, പ്രവൃത്തി, പദാര്‍ത്ഥം, സുഖം ദുഃഖം എന്നീ ഭേദങ്ങളോടുകൂടി- ഈ ഭേദങ്ങള്‍ക്കെല്ലാം ആധാരമായി ബ്രഹ്മം പ്രകാശിക്കുന്നു. എല്ലാറ്റിലും വിളങ്ങുന്ന ബ്രഹ്മത്തിന് വികാരമില്ല. വികാരം രൂപങ്ങള്‍ക്കാണ്.  

സൃഷ്ടി നാല് വിധം അണ്ഡജം, ജരായുജം, ഉദ്ഭിജം, സ്വേദജം ഇവയെല്ലാറ്റിലും പ്രാണന്‍ ജീവനെ അനുവര്‍ത്തിക്കുന്നു. ഏത് വിധ ശരീരത്തിലും പ്രാണന്‍ ഒരേവിധമിരുന്നു കൊണ്ട് ചേഷ്ടകള്‍ നടത്തുന്നു. ഭഗവാന്റെ ചരണത്തെ പ്രാപിക്കാനുള്ള ആഗ്രഹത്താല്‍ വര്‍ദ്ധിച്ച ഭക്തിയില്‍ ഗുണങ്ങള്‍ നിമിത്തമുള്ള ശുദ്ധമനസ്സില്‍ ശുദ്ധതത്ത്വജ്ഞാനം വിളങ്ങുന്നു. രാഗാദികള്‍ നിമിത്തം അശുദ്ധ മനസ്സില്‍ തത്ത്വജ്ഞാനം വിളങ്ങുന്നില്ല. കണ്ണിലെ രോഗം മാറിയാല്‍ സൂര്യപ്രകാശം അനുഭവപ്പെടുന്നതുപോലെ ആത്മതത്ത്വം ഭക്തിയുണ്ടാകുമ്പോള്‍ പ്രകാശിക്കുന്നു. സര്‍വ്വത്തിനും കാരണമാണ് ബ്രഹ്മം. എന്നാല്‍ ഒന്നിലും ലയിക്കുന്നുമില്ല.

(തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by