തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കിയത് വഴി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത് കോടികളെന്ന് കണക്കുകള്‍. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ലോക്ഡൗണും, മാസ്ക് ധരിക്കലും നിര്‍ബന്ധമാക്കിയിരുന്നു. ഇത് ലംഘിക്കുന്നവരില്‍ നിന്നും 500 മുതല്‍ 2000 രൂപ വരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മാസ്ക് ധരിക്കാത്തവരില്‍ നിന്ന് മാത്രം 213 കോടിയില്‍ അധികം ലഭിച്ചതായാണ് കണക്കുകള്‍.
കോവിഡ് മൂലം അടച്ചുപൂട്ടല്‍ നേരിടേണ്ടി വന്നാലും പിഴ ഇനത്തില്‍ ഈ കാലയളവില്‍ ഖജനാവിലേക്ക് കോടികളാണ് ഒഴുകിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇതുവരെ 66 ലക്ഷത്തോളം പേര് നടപടി നേരിട്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയിരിക്കുന്നത്. മാസ്ക് ധരിക്കാതിരുന്ന 42,73,735 പേരില്‍ നിന്നും ദുരന്ത നിവാരണ നിയമ പ്രകാരം ഇതുവരെ പിഴ ഈടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 213 കോടി 68 ലക്ഷത്തിലേറെ രൂപ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കാമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം കൈമാറിയതിന് പിന്നാലെ പിഴ ഈടാക്കുന്നതും അവസാനിച്ചു. പുതിയ നിര്‍ദ്ദേശ പ്രകാരം മാസ്ക്ക് ഇട്ടില്ലെങ്കില്‍ പിഴ ചുമത്തി കേസെടുക്കണമെന്നില്ല. എന്നാല്‍ മാസ്ക് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം പിന്നീട് വിശദീകരിച്ചു. മാസ്കും സാമൂഹ്യ അകലവും തുടരണമെന്നാണ് ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: