നട്ടാശ്ശേരി: കെ റെയില്‍ പദ്ധതിക്കായി കല്ലിടുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോട്ടയം കുഴിയാലിപ്പടി നിവാസികള്‍. ഇന്നലെ രാവിലെ ഉദ്യോഗസ്ഥര്‍ നട്ടാശേരിയില്‍ സ്ഥാപിച്ച രണ്ട് സര്‍വേ കല്ലുകളും ജനങ്ങളും ജനപ്രതിനിധികളും ചേര്‍ന്ന് പിഴുതെറിഞ്ഞു.
ഒന്ന് മീനച്ചിലാറിന്റെ കൈവഴിയിലേക്കും മറ്റൊന്ന് റോഡിലേക്കുമാണ് വലിച്ചെറിഞ്ഞത്. ആദ്യം സമാധാനപരമായിരുന്ന പ്രതിഷേധം പിന്നീട് വലിയ പ്രതിഷേധമായി മാറുകയായിരുന്നു. ഇത് പോലീസും നാട്ടുകാരും തമ്മില്‍ നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. സര്‍വ്വേ കല്ലുകള്‍ കൊണ്ടുവന്ന വാഹനത്തിന്റെ മുകളില്‍ കയറിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ഇവിടെ നിന്നും ഒതു തരി മണ്ണ് പോലും കൊണ്ടുപോകില്ലെന്നും, പോലീസ് ഗോ ബാക്ക് വിളികളും മുഴക്കിയുമായിരുന്നു നാട്ടുകാര്‍ പ്രതിഷേധിച്ചത്. കെ റെയില്‍ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കു പുറമെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എണ്‍പതോളം വീടുകളെ ബാധിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു.
വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഇവിടെ പ്രതിഷേധിക്കാനെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വ്വേ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. സര്‍വ്വേ കല്ലുമായി വന്ന വാഹനം തിരികെ പോകുകയും ചെയ്തു. രാവിലെ തന്നെ വൈക്കം ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സന്നാഹവുമായാണ് ഉദ്യോഗസ്ഥര്‍ നട്ടാശ്ശേരിയില്‍ എത്തിയത്. നാട്ടുകാരെപ്പോലും കടത്തിവിടാതെ റോഡിന്റെ രണ്ട് വശവും പോലീസ് വഴിതടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ജനപ്രതിനിധികളെ വിവരമറിയിക്കുകയായിരുന്നു.
നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടും പോലീസ് കടത്തിവിടാന്‍ തയാറായില്ല.വഴിതടഞ്ഞും നാട്ടുകാരെ അറിയിക്കാതെയും എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയണമെന്ന് ജനപ്രതിനിധികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. ഇത് പാക്കിസ്ഥാന് അതിര്‍ത്തി അല്ലെന്നും പാമ്പുഴയാണെന്നും സമരക്കാര്‍ പറഞ്ഞു.
എല്ലാ ദിവസവും ഇടുന്ന സര്‍വേ കല്ലുകള്‍ക്ക് കാവല്‍ നില്ക്കാന് പോലീസിന് കഴിയില്ലെന്നും സമരക്കാര്‍ പറഞ്ഞു. രാവെന്നോ പകലെന്നോ ഇല്ലാതെ പോലീസുകള്‍ ഞങ്ങളെ വിരട്ടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ തീവ്രവാദികള്‍ ആണെന്നാണ് ചില നേതാക്കാള്‍ ചാനലിലൂടെ ഇരുന്ന് പറയുന്നതെന്ന് ജനങ്ങള്‍ പറഞ്ഞു. എന്നാല്‍ പോലീസ് സന്നാഹം തിരികെ എത്തിയാല്‍ പ്രതിഷേധിക്കാന്‍ ആളുകള്‍ ഇപ്പോഴും അവിടെ തമ്പടിച്ചിരിക്കുകയാണ്.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരായ ബിനു ആര്. മോഹന്‍, ദിവ്യ സുജിത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കൗണ്‍സിലര്‍ സാബു തോമസ്, ബിജെപി നേതാക്കളായ അനീഷ് കല്ലേലില്‍, സന്തോഷ് ശ്രീവത്സം എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. സ്ഥലത്ത് യുദ്ധസമാനമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും, സാധരക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് പോലീസും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പടുത്തി. കഴിഞ്ഞ ദിവസവും കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ വാഹനത്തില്‍ നിന്ന് കല്ലെടുക്കാന്‍ സമ്മതിക്കാതെ ജനങ്ങള്‍ തടഞ്ഞിരുന്നു. ഒടുവില്‍ കല്ലിടാന്‍ കഴിയാതെ ഉദ്യോഗസ്ഥസംഘം വൈകുന്നേരം മടങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞ ദിവസവും നാട്ടുകാരുടെയും ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കല്ലിടാതെ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ നയിക്കുന്ന കെ റെയില്‍ വിരുദ്ധ പദയാത്രയോടാനുബന്ധിച്ചു ബിജെപി ജില്ലാ ഓഫീസില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എസ്.രതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റീബ വര്‍ക്കി, ജില്ലാ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്, സോബിന്‍ ലാല്‍, ലാല്‍ കൃഷ്ണ, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ദേവകി ടീച്ചര്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജ്മോഹന്‍, അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കളക്ട്രേറ്റ് വളപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സര്‍വ്വേ കല്ല് സ്ഥാപിച്ചു. സര്‍വ്വേ കല്ല് സ്ഥാപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് ജോയിയുടെ നേതൃത്വത്തിലായിരുന്നു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: