കൊച്ചി: ദേശീയ അധ്യക്ഷന്‍ ശരത്പവാറിന്റെ പിന്തുണ കുറഞ്ഞതോടെ എന്‍സിപി സംസ്ഥാന ഘടകത്തില്‍ പി.സി. ചാക്കോയുടെ പ്രതാപം മങ്ങുന്നു. തനിക്കെതിരെ പരസ്യ വിമര്‍ശനം ഉയര്‍ത്തിയ ദേശീയ സെക്രട്ടറി എന്‍.എ മുഹമ്മദ് കുട്ടിക്കെതിരെ നടപടി വേണമെന്ന ചാക്കോയുടെ ആവശ്യം പരിഗണിക്കാന്‍ പോലും പവാര്‍ തയാറായിട്ടില്ല.
വിഘടിച്ചു നിന്നിരുന്ന പഴയ എന്‍സിപിക്കാരെയെല്ലാം ചേര്‍ത്ത് നിര്‍ത്തി ചാക്കോക്കെതിരെ പോരാട്ടം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ശശീന്ദ്രന് പക്ഷം. ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നതിന് രാജ്യസഭയിലെത്താന്‍ നടത്തിയ നീക്കം ദയനീയമായി പരാജയപ്പെട്ടതില്‍ ചാക്കോ കടുത്ത നിരാശനുമാണ്. രാജ്യസഭയില്‍ കേരളത്തില്‍ നിന്ന് ഒഴിവ് വന്ന മൂന്ന് സീറ്റില്‍ ഇടത് മുന്നണിക്ക് അവകാശപ്പെട്ട രണ്ട് സീറ്റില്‍ ഒന്ന് ലഭിക്കാന്‍ ചാക്കോ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തിയിരുന്നു.
എന്നാല്‍, ഈ ആവശ്യം പരിഗണിക്കാന്‍ പോലും മുന്നണി തയാറാവാതെ വന്നതോടെ ദേശീയ രാഷ്ട്രീയ സ്വപ്നം അവസാനിക്കുകയാണ്. സീറ്റിനായി പവാര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്താല്‍ തയാറായില്ലെന്ന പരിഭവവും ചാക്കോക്ക് ഉണ്ട്. കോണ്‍ഗ്രസില്‍ നിന്ന് കാലുമാറി എത്തുമ്പോള്‍ ചാക്കോയോട് വലിയ അനുഭാവമായിരുന്നു പവാര്‍ കാട്ടിയിരുന്നത്. തനിക്ക് പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയിലെത്തുമെന്ന പ്രതീക്ഷയാണ് ചാക്കോ കൈമാറിയിരുന്നതും. എന്നാല്‍ നേതാക്കളുടെ കാര്യമായ ഒഴുക്കുണ്ടായില്ല. ചിലരെല്ലാം പാര്‍ട്ടി വിട്ടുപോവുകയും ചെയ്തു.
പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരേയും ഭിന്നിപ്പിച്ച് നിര്‍ത്തുന്ന തന്ത്രമാണ് ചാക്കോ തുടക്കം മുതല്‍ പയറ്റിയിരുന്നത്. തോമസ്.കെ. തോമസിനെ മന്ത്രിസ്ഥാനമെന്ന പ്രലോഭനത്തിലും എ.കെ ശശീന്ദ്രനെ വരുതിക്ക് നിന്നില്ലെങ്കില്‍ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്ന ഭീഷണിയിലുമാണ് മുന്നോട്ട് കൊണ്ടുപോയിരുന്നത്. ആലപ്പുഴ ജില്ലക്കാരനായ റിസോര്‍ട്ട് ഉടമയെ പാര്‍ട്ടിയിലെത്തിച്ച് പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാക്കിയ ചാക്കോയുടെ നടപടിയില്‍ അപകടം മണത്തതോടെയാണ് പഴയ തന്ത്രങ്ങളില്‍ വീഴാതെ ശശീന്ദ്രനൊപ്പം നില്ക്കാന് തോമസ് കെ .തോമസ് തീരുമാനിച്ചത്. ഇതും ചാക്കോയ്ക്ക് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: