കണ്ണീരിന്റെ ശക്തി കണ്ടിട്ടുണ്ടോ? നാപാം ഗേള്‍ എന്ന് സുപ്രസിദ്ധയായ ഫാന്‍ തി കിം ഫുക്കിന്റെ കണ്ണീര് ഓര്‍മയില്ലേ? 1972ലെ വിയറ്റ്നാം യുദ്ധവേളയില്‍ ബോംബിന്റെ തീക്കൈകള്‍ പൊള്ളിച്ചപ്പോള് കുപ്പായം ഊരിയെറിഞ്ഞ് പ്രാണവേദനയാല്‍ ഓടിയ പെണ്‍കുട്ടി. ആ ചിത്രം പകര്‍ത്തിയത് നിക് ഫുട്ട് എന്ന ഫോട്ടൊഗ്രാഫര്‍. ലോകം നെഞ്ചിലേറ്റിയ വിഖ്യാത ചിത്രമായിരുന്നല്ലോ അത്. ആ ചിത്രം ലോകത്തെ പൊള്ളിച്ചു, കരയിച്ചു. യുദ്ധക്കെടുതികളുടെ നേര്‍ചിത്രം തന്നെയായി അത്. ബാക്കിപത്രമെന്തായിരുന്നു എന്ന് നമുക്കറിയാം. ഏറിയും കുറഞ്ഞും ലോകത്തിന്റെ പല ഭാഗത്തും ഇത്തരം കണ്ണീരും കരളലിയിക്കുന്ന സംഭവഗതികളുമുണ്ടാവുന്നുണ്ട്.
ഇനി നമുക്ക് മറ്റൊരു കണ്ണീര് വീണ സംഭവത്തിലേക്കു പോകാം. കാലം 2007. രംഗം ലോക്സഭ. ചെയറില്‍ സോമനാഥ് ചാറ്റര്‍ജി. വികാരവിക്ഷുബ്ധമായ അന്തരീക്ഷം. ചെറുപ്പക്കാരനായ ഒരു ജനപ്രതിനിധി സംസാരിക്കാനെഴുന്നേറ്റു. ലളിതമായ കാവിവസ്ത്രം. ദീപ്ത വ്യക്തിത്വം. സ്പീക്കറെ നോക്കി അദ്ദേഹം പറഞ്ഞു: ‘സര്, മൂന്നാം തവണയാണ് ഞാന്‍ സഭയിലെത്തുന്നത്. ആദ്യം 26-ാം വയസ്സില്‍. അന്നു മുതല്‍ പ്രാദേശിക മുസ്ലിം തീവ്രവാദികള്‍ എന്നെ വേട്ടയാടുകയാണ്. അവരുടെ ഇംഗിതം നടക്കാത്തതിന്റെ ഈര്‍ഷ്യയാണ്. എന്നെയും എന്റെ മഠത്തിലുള്ളവരെയും ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു; കള്ളക്കേസു കൊടുക്കുന്നു. അതിനൊക്കെ ഭരണകൂടം ഒത്താശ ചെയ്യുന്നു. നാടിനെ സേവിക്കാന്‍ വീടുപേക്ഷിച്ചവനാണ് ഞാന്‍. ജനങ്ങളെ, രാജ്യത്തെ സേവിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് കുറ്റമാണോ സര്? ജനങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നത് കുറ്റമാണോ? എന്നാല്‍ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു. ഏതു മണ്ണില്‍ നിന്നാണോ എന്നെ ആട്ടിപ്പായിക്കാന്‍ ക്ഷുദ്രശക്തികള്‍ ശ്രമിക്കുന്നത്, അവിടെ ഞാനെന്റെ നിലപാടുതറയൊരുക്കും.’ തീവ്രവാദ ശക്തികള്‍ക്കൊപ്പം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരും വേട്ടയാടിയ സംന്യാസിവര്യന്‍ കണ്ണീരോടെ ഇതു പറഞ്ഞപ്പോള്‍ തെല്ലിട സഭ നിശ്ശബ്ദമായി. കണ്ണീര് തുടയ്ക്കാന്‍ അടുത്തിരുന്ന സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതൊക്കെ നിരസിച്ചു. സഭയിലെ പച്ചപ്പരവതാനിയില്‍ വീണ ചുടുകണ്ണീരിന് എല്ലാം ചുട്ടെരിക്കാനുള്ള ശക്തിയുണ്ടായിരുന്നു. ആര്‍ത്തട്ടഹസിച്ച കോണ്‍ഗ്രസ്-യച്ചൂരിപ്പാര്ട്ടി അംഗങ്ങള്‍ക്ക് പക്ഷേ അതൊന്നും മനസ്സിലായില്ല. ആ എംപിയുടെ പേര് യോഗി ആദിത്യനാഥ് എന്നായിരുന്നു.
ഇതിനു ശേഷം യമുനയിലൂടെ ഒരു പാടു വെള്ളം ഒഴുകി. കേവലം പത്തു വര്‍ഷം കഴിഞ്ഞപ്പോഴത്തെ സ്ഥിതിയെന്തായി? ആ യോഗിയുടെ കര്‍മഭൂമി ത്യാഗസുരഭിലമായിരിക്കുന്നു. ഗുണ്ടകളും സാമൂഹികദ്രോഹികളും ഞെട്ടിവിറച്ച് മാളത്തിലൊളിക്കുന്നു. കോണ്‍ഗ്രസിന്റെ എക്കാലത്തെയും സുരക്ഷിത സംസ്ഥാനത്ത് മഷിയിട്ടു നോക്കിയാല്‍ക്കൂടി കൈപ്പത്തി ചിഹ്നം കാണാനില്ല. അന്ന് ലോക്സഭയില്‍ വീണ കണ്ണീരില്‍ രാക്ഷസീയ ശക്തികള്‍ എരിഞ്ഞൊടുങ്ങാന് തുടങ്ങിയത് ഇന്നും തുടരുന്നു; ഉത്തര്‍പ്രദേശിനെ ഉത്തമപ്രദേശമാക്കി മാറ്റാനുള്ള യോഗിയുടെ പ്രവര്‍ത്തനവും അങ്ങനെതന്നെ. അന്നത്തെ കണ്ണീരിനെ അപഹസിച്ച കൂട്ടര്‍ക്ക് സഭയിലിപ്പോള്‍ എത്രയുണ്ട് അംഗങ്ങള്‍? കൊടി പിടിക്കാന്‍ കൂടി പണം കൊടുക്കാതെ ആളെ കിട്ടുമോ? അപ്പോള്‍ കണ്ണീരിന്റെ വില മനസ്സിലായില്ലേ?
ചിലര്‍ക്ക് കാവിനിറം കണ്ടാല്‍ വെകിളി പിടിച്ചപോലെയാണ്. യോഗി ആദിത്യനാഥിന്റെ കാവി വേഷമാണ് ക്ഷുദ്രശക്തികള്‍ക്ക് ചതുര്‍ത്ഥിയായത്. അതേ വികാരത്തില്‍ കിടന്നു പിടയ്ക്കുന്ന ചിലര്‍ ഇപ്പോഴുമുണ്ട് ഈ നമ്പര്‍ വണ്‍ കേരളത്തില്‍. അതിലൊരാളാണ് പന്തളത്തെ ക്രമസമാധാനപാലകനായ മഹാന്. ടിയാന് കാവി വല്ലാത്ത അലര്‍ജിയാണ്. പന്തളം മഹാദേവക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് ഇരട്ടക്കാളയെ അണിയിച്ചൊരുക്കി ശോഭായാത്രയായി പോകുന്ന ചടങ്ങുണ്ട്. പതിവുപോ
ലെ ഭക്തര്‍ കാളക്കോലവുമായി പോകവേ ഈ മാന്യന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു. കാരണമറിയുമോ? കാളക്കൊമ്പില്‍ അലങ്കാരപ്പണികള്‍ ചെയ്തത് കാവിത്തുണി ചുറ്റിയാണ്. കരക്കാരുടെ പണം, നാട്ടുകാരുടെ അമ്പലം, ആര്‍ക്കും പരാതിയില്ല. തികച്ചും സ്വാഭാവികമായി നടക്കുന്ന ചടങ്ങുകള്‍. എന്നാല്‍ ക്രമസമാധാനക്കോയ്മയ്ക്ക് അത് പിടിക്കുന്നില്ല. ടിയാന് ഉവാച: ‘ക്ഷേത്രത്തില്‍ കാവിത്തുണിയുമായി ചെന്നാല്‍ മതേതരത്വം തകരും’ ഇങ്ങനെ ആക്രോശിച്ച് ക്ഷേത്രച്ചടങ്ങുകള്‍ അലങ്കോലമാക്കി പ്രശ്നമുണ്ടാക്കാന്‍ ആരാണിദ്ദേഹത്തിന് എന്‍ഒസി കൊടുത്തത്? പന്തളത്തെ രാഷ്ട്രീയത്തില്‍ വന്ന കാവിച്ചുവയില് വെകിളിപിടിച്ച ഏതു നേതാവിന്റെ കൂലിത്തൊഴിലാളിയായാണ് മേപ്പടിയാന് രംഗപ്രവേശം ചെയ്തത്?
യോഗി ആദിത്യനാഥിനോടുള്ള കലിപ്പും പന്തളത്തെ കാവിക്കൊടിക്കലിപ്പും തമ്മില്‍ നേരിട്ട് ബന്ധമില്ലെങ്കിലും അന്തര്‍ധാര സജീവമാണ്. ഏറിയും കുറഞ്ഞും വരുന്ന ഈ വിഭ്രാന്തിക്ക് ചികിത്സ കിട്ടിയില്ലെങ്കില്‍ അത് ക്യാന്‍സര്‍ വ്രണമാകാനുള്ള സാധ്യത ഏറെയാണ്. ആയതിനാല്‍ ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത!
നേര്‍മുറി
നിശ്ശബ്ദതയാണു സൃഷ്ടിക്കുന്നതെങ്കില്‍ അതു ജനാധിപത്യമല്ല: മുഖ്യമന്ത്രി
ഹാ! സുന്ദര ജനാധിപത്യന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: