ഇംഫൽ: മണിപ്പൂരില്‍ ബിജെപി മുഖ്യമന്ത്രിയായി എൻ. ബിരേൻ സിംഗ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണത്തുടര്‍ച്ചയുടെ ഭാഗമായി രണ്ടാം തവണയാണ് ബിരേൻ സിംഗ് മുഖ്യമന്ത്രിയാകുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ലാ ഗണേശൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നെംച കിപ്ജെന്, വൈ. ഖേംചന്ദ് സിങ്ങ്, ത് ബിശ്വജിത് സിങ്ങ്, അവാംഗ്ബു ന്യൂമയ്, ഗോവിന്ദാസ് കൊന്തൗജം എന്നീ അഞ്ച് എംഎല്‍എമാര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
സത്യപ്രതിജ്ഞാച്ചടങ്ങില്‍ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ, കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജിജു, ബിജെപി മുതിർന്ന നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവര്‍ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
ബിജെപി ഐകകണ്ഠ്യേനയാണ് മുഖ്യമന്ത്രി പദത്തിലേക്ക് ബിരേൻ സിംഗിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നു. ഇംഫാലിൽ ഞായറാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ബിരേൻ സിംഗിനെ തന്നെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തത്. 60 അംഗ നിയമസഭയിൽ 32 സീറ്റുകൾ നേടിയാണ് മണിപ്പൂരിൽ ബിജെപി തുടർഭരണം പിടിച്ചത്.
മണിപ്പൂരിനെ അഴിമതി മുക്തമാക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തയുടന്‍ മാധ്യമപ്രവര്‍ത്തകരോട് ബീരേന്‍ സിങ്ങ് പറഞ്ഞു. 61 കാരൻ ബീരേൻ സിംഗ് മാദ്ധ്യമ രംഗത്ത് നിന്നാണ് 2002ൽ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. നേരത്തെ അദ്ദേഹം ഫുട്ബോൾ താരമായിരുന്നു. 2016ൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു. 2017ൽ സ്വന്തം മണ്ഡലം നിലനിർത്തി മുഖ്യമന്ത്രിയുമായി. ഇത്തവണ സഖ്യങ്ങളില്ലാതെ മത്സരിച്ച് ജയിച്ച ബിജെപിക്ക് കരുത്തനായ മുഖ്യമന്ത്രി എന്ന നിലയിലാണ് ബീരേൻ രണ്ടാം ഘട്ടഭരണത്തിന് ചുക്കാൻ പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: