ന്യൂദല്‍ഹി: 100 യാത്രക്കാരുമായി തിങ്കളാഴ്ച പുലര്‍ച്ചെ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം ഒടുവില്‍ പാകിസ്ഥാനില്‍ ഇറങ്ങിയ സാഹചര്യത്തെക്കുറിച്ച് ദുരൂഹത ഏറുന്നു. ആരാണ് ഖത്തറിലെ ദോഹയിലിറങ്ങേണ്ട ഈ വിമാനം വഴിതിരിച്ച് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്? ഈ ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.
തിങ്കളാഴ്ച രാവിലെ 3.50ന് ദല്‍ഹിയില്‍ നിന്നും പറന്നുപൊങ്ങിയ ഈ യാത്രാവിമാനം രാവിലെ 5.30ന് തന്നെ പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറങ്ങുകയായിരുന്നു. യാത്രാ പുറപ്പെടുമ്പോള്‍ ക്യുആര്‍579 എന്ന ഈ വിമാനത്തില്‍ 100 യാത്രക്കാരുണ്ടായിരുന്നു.
ഇതിന് ഖത്തര്‍ എയര്‍വേയ്സ് ഉദ്യോഗസ്ഥര്‍ നല്കുന്ന ഔദ്യോഗിക വിശദീകരണം ഇതാണ്: ‘ വിമാനത്തിലെ കാര്‍ഗോയില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് എമര്‍ജന്‍സി പ്രഖ്യാപിച്ച് ദല്‍ഹി-ദോഹ ക്യുആര്‍ 579 വിമാനം പാകി്സ്ഥാനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. കറാച്ചിയില്‍ സുരക്ഷിതമായി ഇറങ്ങിയ വിമാനത്തിന് എമര്‍ജന്‍സി സേവനം ലഭിച്ചു. യാത്രക്കാരെ ഉടന്‍ പുറത്തിറക്കി.’
ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഖത്തര്‍ എയര്‍വേയ്സ് വിശദീകരിക്കുന്നു. മറ്റൊരു ഫ്ളൈറ്റില്‍ യാത്രക്കാരെ ദോഹയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അസൗകര്യം നേരിട്ടതില്‍ മാപ്പ് ചോദിക്കുന്നതായും ഖത്തര്‍ എയര്‍വേയ്സ് പറയുന്നു.
എങ്കിലും ഒട്ടേറെ സുരക്ഷാപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഇത്തരമൊരു തീരുമാനത്തില്‍ ദുരൂഹത എന്തെങ്കിലും ഉണ്ടോ എ്ന്ന അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: