തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെബി മേത്തറിന് നല്‍കിയതിനെച്ചൊല്ലി കോണ്‍ഗ്രസ്സിലും യുഡിഎഫിലും കലാപം. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്മെന്റ് സീറ്റാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. വിവാദമായതോടെ അസീസ് പ്രസ്താവന പിന്‍വലിച്ചു.
ജെബി മേത്തര്‍ പണം നല്കി വാങ്ങിയതാണ് രാജ്യസഭാ സീറ്റെന്നാണ് തിരുവനന്തപുരത്ത് ആര്‍വൈഎഫ് സമ്മേളനത്തില്‍ അസീസ് പറഞ്ഞത്. പേയ്മെന്റ് സീറ്റാണെന്ന ആരോപണം തന്റെ സൃഷ്ടിയല്ലെന്നും രണ്ട് സീറ്റുകളും ന്യൂനപക്ഷത്തിനാണ് കൊടുത്തത് എന്നാണ് ഉദ്ദേശിച്ചതെന്നും അസീസ് പറഞ്ഞു. അസീസിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്പി നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചെന്നാണ് വിവരം. വിവാദപരാമര്‍ശത്തില്‍ അസീസിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി രംഗത്തെത്തി. ആരോപണം അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും യുഡിഎഫില്‍ പ്രശ്നമുണ്ടാക്കാന്‍ കുറേ കാലമായി അസീസ് ശ്രമിക്കുന്നുണ്ടെന്നും ഉണ്ണിത്താന് പറഞ്ഞു.
ആലപ്പുഴ മുന്‍ ഡിസിസി അധ്യക്ഷന്‍ എം. ലിജു, കെപിസിസി മുന്‍സെക്രട്ടറി ജയ്സണ്‍ ജോസഫ് എന്നിവരടക്കമുള്ള പ്രമുഖരെ തള്ളിയാണ് ജെബി സീറ്റുറപ്പിച്ചത്. കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തി. ഇതിനിടെ എം. ലിജുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പരിശ്രമിച്ചിരുന്നു. എന്നാല്‍ മുസ്ലിം പരിഗണനയില്‍ ജെബി മേത്തര്‍ സ്ഥാനാര്‍ഥിയായി. മേത്തര്‍ കുടുംബത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളാണ് സ്ഥാനാര്‍ഥിത്വം നേടിക്കൊടുത്തതെന്നും പേയ്മെന്റ് സീറ്റാണെന്നും സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപമുയര്‍ന്നു. സ്ഥാനാര്‍ഥിത്വത്തിനെതിരെ കോണ്‍ഗ്രസ്സില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. കെ. സുധാകരന് തന്നെ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചെന്നാണ് സൂചന. മറ്റ് പല മുതിര്‍ന്ന നേതാക്കളും പ്രതിഷേധം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: