ലഖ്നോ: സ്ത്രീകളെ കേന്ദ്രീകരിച്ച് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ നടത്തിയ പരീക്ഷണം അമ്പേ പരാജയമായെന്ന് വിലയിരുത്തല്‍. “ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്കും പോരാടാന്‍ കഴിയും (മെം ലഡ്കി ഹൂം, ലഡ് ശക്തി ഹൂം)” എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പ്രിയങ്ക യുപിയില്‍ തെരഞ്ഞെടുപ്പിന് കരുക്കള്‍ നീക്കിയത്. എന്തിനാണ് ഗാന്ധി കുടുംബത്തില്‍ നിന്നും ഇങ്ങിനെയൊരു നേതാവെന്ന ചോദ്യം അണികള്‍ക്കിടയില്‍ ശക്തമാവുകയാണ്.
വനിതകള്‍ക്ക് 40 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തെങ്കിലും ജനങ്ങള്‍ക്കിടയില്‍ വേരുകള്‍ ഇല്ലാത്തവര്‍ ആയിരുന്നു. 148 വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്-ആരാധന മിശ്ര മോണ. ഇവര്‍ പ്രതാപ്ഗറിലെ രാംപൂര്‍ ഘാസില്‍ വിജയിച്ചു. അച്ഛന് പ്രമോദ് തിവാരി മണ്ഡലത്തില്‍ വേരുകളുള്ള കോണ്‍ഗ്രസ് നേതാവായതിനാലാണ് ജയം സാധ്യമായത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റാണിത്. 148ല്‍ 147 വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായി.
നേതാവ് പി. ചിദംബരം ഉള്‍പ്പെടെ ഗാന്ധി കുടുംബവുമായി അടുപ്പമുള്ളവര്‍ പ്രിയങ്കയുടെ പരീക്ഷണത്തെ വന്‍സംഭവമായാണ് ചിത്രീകരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ പഴയ വിജയ പാരമ്പര്യം പ്രിയങ്ക തിരിച്ചുപിടിക്കുമെന്ന് വരെ വാദമുഖങ്ങള്‍ ഉണ്ടായി. എന്നാല്‍ പ്രിയങ്ക മത്സരത്തിനിറക്കിയ പലര്‍ക്കും ലഭിച്ചത് 3000ല്‍ താഴെ വോട്ടുകള്‍ മാത്രം. യോഗി ആദിത്യനാഥ് 203 തെരഞ്ഞെടുപ്പ് പരിപാടികളില്‍ മാത്രം പങ്കെടുത്തപ്പോള്‍ പ്രിയങ്ക 209 റാലികളിലും റോഡ്ഷോകളിലും പങ്കെടുത്തുവെന്നാണ് കോണ്‍ഗ്രസ് വാഴ്ത്തിപ്പാടിയിരുന്നത്. മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ സോണിയയെയും രാഹുലിനെയും മാറ്റിനിര്‍ത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രചാരണം. വിജയത്തിന്റെ നേട്ടം ഒറ്റയ്ക്ക് അവകാശപ്പെടാനായിരുന്നു ഇതെന്ന് പറയുന്നു.
പ്രിയങ്ക ഏറെ കോലാഹലമുണ്ടാക്കിയ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെയാണ് പ്രചാരണത്തിനിറക്കിയത്. ആശാദേവി മത്സരിക്കുന്നത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ അവര്‍ക്ക് ആകെ ലഭിച്ചത് 1,555 വോട്ടുകള്‍ മാത്രം.
പൗരത്വ നിയമഭേദഗതിക്കെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കടലാസ്പുലി നേതാവ് സദഫ് ജാഫര്‍ ലഖ്നൗ സെന്‍ട്രലില്‍ മത്സരിച്ചിരുന്നു. ഇവര്‍ 2927 വോട്ടുകള്‍ക്ക് തോറ്റു. പത്രപ്രവര്‍ത്തനരംഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന നിദ അഹമ്മദിന് സംഭാവില്‍ ലഭിച്ചത് 2,256 വോട്ടുകള്‍. അതുപൊലെ മോഡലും നടിയുമായ അര്‍ച്ചനാ ഗൗതമിന് കിട്ടിയത് 1,519 വോട്ടുകള്‍.
ഗ്യാങ് ലീഡര്‍ വികാസ് ദുബെയുടെ സഹായിയായ അമര്ദുബെയുടെ വിധവ ഖുഷി ദുബൈയുടെ മൂത്ത സഹോദരി നേഹ തിവാരിക്കും പ്രിയങ്ക സീറ്റ് നല്‍കിയിരുന്നു.ഇവര്‍ക്ക് ആകെ ലഭിച്ചത് 2,302 വോട്ടുകള്‍ മാത്രം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മര്ദ്ദനത്തിനരയായതിന്റെ പേരില്‍ മാധ്യമശ്രദ്ധ നേടിയ പെണ്‍കുട്ടിയായിരുന്നു റിതു സിങ്ങ്. ഇവര്‍ മത്സരിച്ചതാകട്ടെ കര്‍ഷകസമരത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ലഖിംപൂര്‍ ഖേരിയിലും. എന്തായാലും ജയിച്ചുകയറുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 2419 വോട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: