മോസ്‌കോ: ശബ്ദത്തേക്കാള്‍ പത്ത് മടങ്ങ് വേഗതയില്‍ കുതിക്കുന്ന, ഞൊടിയിടയില്‍ ഒരു പ്രദേശം മുഴുവന്‍ ചാമ്പലാക്കുന്ന കിന്‍സോ എന്ന പേരിലറിയപ്പെടുന്ന ഹൈപ്പര്‍ സോണിക് മിസൈല്‍ പുറത്തെടുത്ത് റഷ്യ. ലോകത്ത് ഇതാദ്യമായാണ് യുദ്ധരംഗത്ത് ഹൈപ്പര്‍ സോണിക് മിസൈല്‍ ഉപയോഗിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
മാര്‍ച്ച് 18 വെള്ളിയാഴ്ചയാണ് ആദ്യ കിന്‍സോ ഹൈപ്പര്‍സോണിക് മിസൈല്‍ റഷ്യ ഉക്രൈനില്‍ ഉപയോഗിച്ചത്. ഉക്രൈനിലെ ഭൂമിക്കടിയിലുള്ള ഒരു വന്‍ ആയുധ സംഭരണ ശാല ഹൈപ്പര്‍ സോണിക് മിസൈല്‍ ചാമ്പലാക്കിയിരുന്നു. പടിഞ്ഞാറന്‍ ഉക്രൈനില്‍ റൊമാനിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഡെല്‍യാറ്റി ഗ്രാമത്തിലെ ഇവാനോ ഫ്രാങ്കിവ്‌സ്‌ക് പ്രദേശത്തെ ഭൂഗര്‍ഭ ആയുധ ശേഖര അറയാണ് റഷ്യ തകര്‍ത്തത്. സ്‌ഫോടകവസ്തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നു. ഉക്രൈന്റെ യുദ്ധവീര്യം തകര്‍ക്കുകയാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്നറിയുന്നു. ബാള്‍ടിക്ക് തീരത്ത് കിന്‍സോ ഹൈപ്പര്‍സോണിക് മിസൈല്‍ ഘടിപ്പിച്ച മിഗ് 31കെ യുദ്ധവിമാനം റഷ്യ ഒരുക്കിനിര്‍ത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പടിഞ്ഞാറന്‍ ഉക്രൈനില്‍ തന്നെ കിന്‍സോ പ്രയോഗിക്കാന്‍ പ്രത്യേക കാരണമുണ്ടെന്നറിയുന്നു. നാറ്റോ രാജ്യങ്ങളായ പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളുമായി പടിഞ്ഞാറന്‍ ഉക്രൈന്‍ പ്രദേശം അതിര് പങ്കുവെയ്‌ക്കുന്നുണ്ട്. പ്രധാനമായും ഉക്രൈനിലേക്ക് പുതിയ ആയുധങ്ങളും മറ്റ് എല്ലാ സാമഗ്രികളും എത്തുന്നത് ഈ അതിര്‍ത്തിയിലൂടെയാണ്. ഇവിടെ മാരകമായ ആയുധങ്ങള്‍ പ്രയോഗിക്കുക വഴി ഇത്തരം വാഹനങ്ങളുടെ വരവ് പോക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യവുമുണ്ട്.
മിഗ് 31 യുദ്ധ വിമാനങ്ങളില്‍ ഘടിപ്പിച്ച് കിന്‍സോ വിട്ടാല്‍ പിന്നെ ഒരു ശക്തിക്കും തടയാന്‍ കഴിയില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഒരു താക്കീത് എന്ന നിലയില്‍കൂടിയാകാം റഷ്യ കിന്‍സോ പ്രയോഗിച്ചതെന്ന് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് സിഎന്‍എന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു. യുഎസും പാശ്ചാത്യരാജ്യങ്ങളും ഹൈപ്പര്‍ സോണിക് മിസൈലുകളുടെ കാര്യത്തില്‍ പിറകിലാണ്. കഴിഞ്ഞ മാസം യുഎസ് പുറത്തിറക്കിയ വൈറ്റ് പേപ്പറില്‍ ഇനി ഹൈപ്പര്‍ സോണിക് ആയുധങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ മുതല്‍മുടക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. റഷ്യ കഴിഞ്ഞാല്‍ ചൈനയാണ് ഹൈപ്പര്‍ സോണിക് ആയുധങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍.
രണ്ടാം തവണയും കിന്‍സോ ഉപയോഗിച്ചതായി റഷ്യ ശനിയാഴ്ച അറിയിച്ചു. ഇത്തവണ കരിങ്കടല്‍ തുറമുഖത്തിനടുത്ത് കൊസ്റ്റിയന്റിനിവ്ക എന്ന പേരുള്ള ഇന്ധന ഡിപ്പോയാണ് ഹൈപ്പര്‍ സോണിക് മിസൈല്‍ തകര്‍ത്തതെന്ന് റഷ്യയുടെ മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു.
2018ലാണ് പുടിന്‍ കിന്‍സോ ലോകത്തിന് പരിചയപ്പെടുത്തിയത്. ആണവ പോര്‍മുന വരെ കിന്‍സോയില്‍ ഘടിപ്പിക്കാനാവും. എങ്കില്‍ മിസൈല്‍ കൂടുതല്‍ വിനാശകാരിയാവും. മാക് 5 എന്ന യുദ്ധവിമാനത്തിന്റെ ഇരട്ടി വേഗതയില്‍ കുതിക്കുന്ന ആര്‍ക്കും തകര്‍ക്കാനാവാത്ത ഹൈപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിച്ചതായാണ് അന്ന് പുടിന്‍ പ്രഖ്യാപിച്ചത്. മാക് 5 ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ കുതിക്കുന്ന യുദ്ധവിമാനമാണ്. 2000 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനത്തെ തകര്‍ക്കാന്‍ കിന്‍സോയ്‌ക്ക് കഴിയും. മറ്റ് മിസൈലുകളെപ്പോലെ ആകാശത്ത് ഉയര്‍ന്നുപറക്കുകയല്ല, ഭൂമിയോട് സമാന്തരമായി താഴ്ന്ന് പറക്കും എന്നതിനാല്‍ കിന്‍സോ ഹൈപ്പര്‍സോണിക് മിസൈലെ മിസൈല്‍ വിരുദ്ധടാങ്കുകള്‍ക്ക് എളുപ്പത്തില്‍ നശിപ്പിക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: