തിരുവനന്തപുരം : ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിലൂടെ കെറെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.കെ ബാലന്. അവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഭൂമി വിട്ടു കിട്ടും.കീഴാറ്റൂരില്‍ സമരം നടത്തിയവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പമാണെന്നും എ.കെ. ബാലന് പറഞ്ഞു.
കെ റെയില്‍ പദ്ധതിയുടെ കല്ലിടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുന്‍ മന്ത്രിയുടെ ഈ വിമര്‍ശനം. കല്ലിടുന്നതിനിടെ പ്രതിഷേധക്കാരും കെ റെയില്‍ ഉദ്യോഗസ്ഥരും പോലീസും തമ്മിലുണ്ടായ വാക്ക് തര്‍ക്കം ഇരു കൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇത് വിവാദമാവുകയും ചെയ്തതിന് പിന്നാലെയാണ് മുന്‍ മന്ത്രി വിഷയത്തില്‍ പ്രതികരിക്കുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കരട് നയരേഖയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് കടുംപിടുത്തമില്ല. മുന്നണിയിലും പാര്‍ട്ടി കീഴ്ഘടകങ്ങളിലും ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും എ.കെ. ബാലന് കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിക്കുമ്പോഴും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചു. പദ്ധതിയെ എതിര്‍ക്കുന്നവര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് എതിരാണ്. പദ്ധതി പ്രഖ്യാപിച്ചതില്‍ നിന്നും പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: