ന്യൂദല്‍ഹി: നാഗാലാന്‍ഡില്‍ നിന്നുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എസ്. ഫാങ്നോണ്‍ കൊന്യാക്കിന് നിയോഗം. 1970ന് ശേഷം ഈ മേഖലയില്‍ നിന്നുള്ള വനിതാ എംപി ആവുകയാണ് ഫാങ്നോണ്‍.
1963ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരു വനിത പോലും നാഗാലാന്‍ഡ് അസംബ്ലിയിലെത്തിയിട്ടില്ല. 1970ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റാണോ ഷൈസയാണ് ഇതിന് മുമ്പ് ഇവിടെ നിന്ന് എംപിയായ വനിത. മോദി സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിന് നല്കുന്ന ഊന്നലിന്റെ പ്രതിഫലനമാണ് ഫാങ്നോണിന്റെ പുതിയ നിയോഗമെന്ന് മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന് ട്വീറ്റ് ചെയ്തു.
നാല്പത്തിനാലുകാരിയായ കൊന്യാക് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്, മോണ്‍ ടൗണിലെ ചിങ്ങായി സ്വദേശിയാണ് കൊന്യാക്. ബിജെപി, മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ എന്‍ഡിപിപി, എന്‍പിഎഫ് എന്നീ മൂന്ന് പാര്‍ട്ടികളുടെ മുന്നണിയാണ് നാഗാലാന്‍ഡ് ഭരിക്കുന്നത്. കോണ്‍ഗ്രസ്, എന്പിപിതുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സഭയില്‍ എംഎല്‍എമാരില്ല. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും ഉപമുഖ്യമന്ത്രി വൈ. പാറ്റണും ഫാങ്നോണ്‍ കൊന്യാക്കിന് ആശംസകള്‍ നേര്‍ന്നു. ത്രിപുരയില്‍ നിന്ന് ഡോ. മണിക് സാഹ, അസമില്‍ നിന്ന് പബിത്ര മാര്‍ഗരിറ്റ, ഹിമാചല്‍ പ്രദേശില്‍ നിന്ന് ഡോ. സിക്കന്ദര്‍ കുമാര്‍ എന്നിവര്‍ ബിജെപി സ്ഥാനാര്‍ഥികളാകും. മാര്‍ച്ച് 31 നാണ് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: