ഡോ.എം.പി.മിത്ര
വൈദ്യശാസ്ത്ര മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സംഭാവന ചെയ്ത, ചരിത്രത്തിന്റെ താളുകളില്‍ ഇടംപിടിച്ച ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.എം.എസ്.വല്യത്താനും, സയന്‍സ് റിപ്പോര്‍ട്ടിങ്ങില്‍ നിരവധി പുരസ്‌കാരങ്ങള്‍ സമാഹരിച്ചിട്ടുള്ള പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ വി.ഡി. ശെല്‍വരാജും ചേര്‍ന്ന് രചിച്ച ‘മയൂര ശിഖ, ജീവിതം അനുഭവം അറിവ്’ എന്ന ഗ്രന്ഥം. ഒരു പക്ഷെ ടെലിഫോണും ഇമെയിലും വഴി, എഴുനൂറില്‍പ്പരം കിലോ മീറ്ററുകളുടെ അകാലത്തില്‍ തെക്കും വടക്കും ഇരുന്നു രചിച്ച ആദ്യത്തെ ഗ്രന്ഥം എന്ന ഖ്യാതിയും ഇതിനായിരിക്കാം.
അനന്യ സാധാരണമായ ആര്‍ജ്ജവവും, അസാമാന്യ വ്യക്തിത്വവും അര്‍പ്പിതമനസ്സും, ഗവേഷണ ത്വരയും കൊണ്ട് വൈദ്യ ശാസ്ത്ര മേഖലകളില്‍ ആറു പതിറ്റാണ്ടു കാലത്തെ, അറിവിന്റെ ചക്രവാളങ്ങള്‍ തേടിയുള്ള യാത്രയുടെ ചരിത്രം ഡോ.എം.എസ്. വല്യത്താന്‍ എന്ന ‘അത്ഭുത മനുഷ്യന്‍’, ഇവിടെ നിന്നും ആരംഭിക്കുകയാണ്.
അദ്ദേഹത്തിന്റെ ആദ്യ മലയാള കൃതിയായ ‘മയൂര ശിഖ, ജീവിതം അനുഭവം, അറിവ്’ എന്ന പുസ്തകത്തില്‍ ആ യാത്രയുടെ സംഭവ ബഹുലമായ കഥ ചുരുക്കി പറഞ്ഞിരിക്കുന്നു. പത്തു അദ്ധ്യായങ്ങളിലായി വളരെ സരളവും ലളിതവുമായ ഭാഷയില്‍ വൈദ്യ ശാസ്ത്ര രംഗത്തെ പഴയതും പുതിയതുമായ സംഭവ പരമ്പരകള്‍ പറഞ്ഞു പോകുന്നത് വായനക്കാരെ ഒരത്ഭുത ലോകത്തേക്ക് ഉയര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല.
സാധാരണ ആധുനിക വൈദ്യം പഠിച്ചുകഴിഞ്ഞാല്‍ അതില്‍ മാത്രം അന്ധമായി വിശ്വസിക്കുന്ന സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് അദ്ദേഹം ഈ പുസ്തകത്തില്‍ ഉടനീളം അവലംബിച്ചിരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രലോകത്തെ ദേശീയവും അന്തര്‍ദേശീയവുമായ, പ്രഗത്ഭരായ, ഗുരുതുല്യരായ ഡോക്ടര്‍മാരോടൊപ്പം പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം അദ്ദേഹത്തിന് ലഭിച്ചിരുന്നതു തന്റെ യാത്രയിലെ അസുലഭ ഭാഗ്യമായി കരുതേണ്ടിയിരിക്കുന്നു.
സംഗീതത്തോടും, വൈദ്യ-വൈദ്യേതര പുസ്തകങ്ങളോടും, പുരാണേതിഹാസങ്ങളോടും എഴുത്തിനോടും പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ അദമ്യമായ അഭിനിവേശം ഈ പുസ്തകത്തില്‍ പലയിടത്തും കാണാം. പുസ്തകം ആരംഭിക്കുന്ന അധ്യായത്തിന്റെ പേര് തന്നെ പുസ്തകം കാമധേനു എന്നതാണ്; തുടര്‍ന്നുള്ളത് എഴുത്തിന്റെ ലോകം എന്നും. വഞ്ചിയൂര്‍ ശ്രീചിത്ര ലൈബ്രറി, വാഷിങ്ടണിലെ 200 വര്‍ഷം പഴക്കമുള്ള ലൈബ്രറി, ഫിലാഡല്‍ഫിയയിലെ പുസ്തകക്കട, ഓക്‌സ്‌ഫോര്‍ഡ് ലൈബ്രറി, യുഎസ് കോണ്‍ഗ്രസ് ലൈബ്രറി, നളന്ദയിലെ ഗ്രന്ഥശേഖരം തുടങ്ങിയ പരാമര്‍ശങ്ങള്‍, എഴുത്തിനോടും വായനയോടും പുലര്‍ത്തിയിരുന്ന തീവ്രമായ വികാരത്തിന്റെ നേര്‍രേഖകള്‍ ആണ്. നിത്യേന അഞ്ചു മണിക്കൂര്‍ അദ്ദേഹം വായനയ്‌ക്കായി മാറ്റിയപ്പോള്‍, തെളിഞ്ഞ നെയ് വിളക്കാണ് ഡോ. എം.എസ്. വല്യത്താന്‍ എന്ന ചരിത്ര പുരുഷന്‍.
ഭാഷാ ചരിത്രത്തെപ്പറ്റിയുള്ള നാരായണ പണിക്കരുടെ ഗ്രന്ഥത്തില്‍ നിന്നും ആരംഭിച്ചു വായന, മാക്‌സ് മുള്ളറുടെ ‘സേക്രഡ് ബുക്ക്‌സ് ഓഫ് ദി ഈസ്റ്റ്, പ്രൊഫ. റൈസ് ഡേവിഡ്‌സിന്റെ ക്വസ്റ്റ്യന്‍സ് ഓഫ് കിംഗ് മിലിന്ദ, അലക്‌സിസ് കാരള്‍ ന്റെ മാന്‍ ദി അണ്‍നോണ്‍’ തുടങ്ങിയ കൃതികളിലൂടെ സഞ്ചരിച്ചു പാശ്ചാത്യ വൈദ്യ ചരിത്രത്തിന്റെ കാണാമറയത്തു കിടക്കുന്ന വിഷയങ്ങള്‍ ഹൃദിസ്ഥമാക്കി. കിസരി മോഹന്‍ ഗാംഗുലിയുടെ മഹാഭാരതത്തിലൂടെ, അഷ്ടാംഗ ഹൃദയം, ചരക സംഹിത, സുശ്രുത സംഹിത തുടങ്ങി പ്രാചീന ഭാരതത്തിന്റെ ആരോഗ്യ വിജ്ഞാന വിഭാഗമായ ആയുര്‍വേദത്തിലൂടെ, മെക്കാളെ പറഞ്ഞതുപോലെ ഭാരതത്തില്‍ നിലനിന്നിരുന്ന സമ്പന്നമായ സാംസ്‌കാരികസത്തയുടെ ആത്മാവിലേക്ക് ലയിച്ചു ചേര്‍ന്നു.
ഡോ.എം.എസ്.വല്യത്താന്‍ ആയുര്‍വേദ പഠനത്തിലേക്ക് തിരിയുന്നതും വളരെ യാദൃച്ഛികമാണ്. ശ്രീ ചിത്രയില്‍ നിന്നും വിരമിക്കുന്നതിനു അല്‍പ്പം മുന്‍പ്, കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ സ്ഥാപക ദിന ആഘോഷത്തില്‍ മുഖ്യാതിഥി ആയി ക്ഷണിച്ചപ്പോള്‍ സുശ്രുത സംഹിതയുടെ ഇംഗ്ലീഷ് പരിഭാഷ വായിച്ചതു പ്രചോദനമായി. പിന്നീട് ബാംഗ്ലൂര്‍ സി.വി.രാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗാന്ധി സ്മാരക പ്രഭാഷണത്തില്‍ ചരകനെ കുറിച്ച് സംസാരിച്ചു. പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനായ സതീഷ് ധവാന്‍, ചരകനെ കുറിച്ച് കൂടുതല്‍ പഠിക്കണം എന്ന് അഭിപ്രായപ്പെട്ടു. ജെ.ആര്‍.ഡി.ടാറ്റായുടെ ജീവചരിത്രം എഴുതിയ ഡോ. ലാലാ ഹോമി ഭാഭാ ഫെലോഷിപ്പും വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് 2003 ല്‍ ചാരക സംഹിതയ്‌ക്കും, 2006 ല്‍ സുശ്രുത സംഹിതയ്‌ക്കും, 2009 ല്‍ അഷ്ടാംഗ ഹൃദയത്തിനും വ്യാഖ്യാനം എഴുതി. അതോടെ ശരീരത്തിലെ ത്രിദോഷങ്ങളെ ആസ്പദമാക്കിയുള്ള ആയുര്‍വേദത്തിലെ രോഗ നിര്‍ണയത്തിന് ഒരു ശാസ്ത്രീയ അടിത്തറ ഉണ്ട് എന്നദ്ദേഹം മനസ്സിലാക്കി. തുടര്‍ന്നാണ് ആയുര്‍വേദിക് ബയോളജി എന്ന നൂതന ശാഖയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ വ്യാപൃതനാവുന്നത്. ആയുര്‍വേദത്തിലെ വിവിധ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് ഏതാണ്ട് മുപ്പതോളം പേജുകള്‍ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിരിക്കുന്നത്, ഭാരതീയ സാംസ്‌കാരിക പൈതൃകത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അഭിമാനമാണ്.
അസാധാരണ ഹൃദയസ്പന്ദനത്തിനു, യുക്തി ഭദ്രതയുടെ പശ്ചാത്തലത്തില്‍ കായിക താരം പി.ടി.ഉഷയ്‌ക്ക് ഫിറ്റ്‌നസ് നല്‍കിയ സംഭവം, മനസ്സിനെക്കുറിച്ചുള്ള ഭാരതീയ സങ്കല്പം, കൊട്ടാരത്തിലെ കണ്‍സള്‍ട്ടേഷന്‍ മുറി, തിരുവനന്തപുരത്തെ ഫോര്‍ട്ട് ഹോസ്പിറ്റല്‍ ആയി രൂപഭേദം വന്ന കഥ, മനുഷ്യ ഹൃദയം തുറന്നു നാലു അറകളും ലോകത്തിനു കാട്ടിക്കൊടുത്ത ഇറ്റാലിയന്‍ ചിത്രകാരന്‍ ഡാവിഞ്ചി, കൃത്രിമ വാല്‍വ് നിര്‍മ്മാണ ഘട്ടത്തില്‍ തന്റെ മനസ്സിലെ സാന്നിധ്യമായിരുന്ന വിവരം,ഭ്രാന്താശുപത്രി എന്ന് പറയാതെ മാനസിക ആരോഗ്യ കേന്ദ്രം എന്ന് മാത്രം പറയുവാന്‍ ശഠിച്ച ഡോ.കൃഷ്ണന്‍ തമ്പി, ആദ്യ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ആയിരുന്ന ഡോ. എം.കെ.ഗോപാലപിള്ളയുടെ സംഭാവന, ആരോഗ്യ പരിപാലന രംഗത്തു ബ്രിട്ടീഷുകാരുടെ നേര്‍ വഴികള്‍ , ആശുപത്രികള്‍ വളരുന്നതിന്റെയും ഗവേഷണം തളരുന്നതിന്റെയും കാരണം, ആത്മാവ് ശരീരത്തിലേക്ക് കയറുന്നതു ഹൃദയം വഴിയാണ് എന്ന് ചരകന്‍ പറയുന്ന കാര്യം തുടങ്ങി, സാധാരണക്കാര്‍ക്ക് അജ്ഞാതമായ നിരവധി വിജ്ഞാനപ്രദമായ വിഭവങ്ങള്‍ സംക്ഷിപ്തമായി സൂചിപ്പിച്ചുകൊണ്ടാണ്ട് ഗ്രന്ഥരചന.
2014 ല്‍ വി.ഡി.ശെല്‍വരാജ് ഡോ.എം.എസ്.വല്യത്താനുമായി നടത്തിയ അഭിമുഖം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ചണ്ഡിഗര്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ സര്‍ജന്‍ ആയി ജോലി ചെയ്യുമ്പോള്‍, അവിടെ തന്നെ ഡെന്റല്‍ സര്‍ജന്‍ ആയി ജോലി ചെയ്യുന്ന ഡോ.അഷിമയുമായുള്ള പ്രേമം, വിവാഹ കാര്യങ്ങളില്‍ പഞ്ചാബ് ഗവര്‍ണര്‍ പട്ടം താണുപിള്ള ഇടപെടുന്നതും, ഒന്നേകാല്‍ രൂപ മാത്രം കല്യാണത്തിന് ചെലവായ കാര്യം തുടങ്ങിയ പല വിഷയങ്ങളും അതില്‍ ചേര്‍ത്തിരിക്കുന്നു. മഹാഭാരത്തിലെ മൗസല പര്‍വതത്തിന്റെ, കഥ വിവരിച്ചുകൊണ്ട്, വ്യാസന്‍ അര്‍ജ്ജുനനോട് നീ ഇനി ഒരു സാധാരണക്കാരന്‍ മാത്രമാണ് എന്ന് ഉപദേശിക്കുന്ന കഥയില്‍നിന്നും അദ്ദേഹം മനസിലാക്കിയത് ”ഒരു ദൗത്യം തുടങ്ങുന്നത് പോലെ പ്രധാനമാണ് അത് അവസാനിപ്പിക്കുന്നതും” എന്ന ആശയമാണ്. “ആലളീൃല ്യീൗ േെമൃ േ മി്യവേശിഴ, ഹലമൃി വീം ീേ ളശിശവെ ശ േ’ എന്ന് ആംഗലേയത്തിലും ചൊല്ലുണ്ടല്ലോ? വി.ഡി. ശെല്‍വരാജിന്റെ ലളിത സുന്ദരമായ, ഒഴുക്കുള്ള, കൃത്യതയുള്ള ഭാഷ ഈ പുസ്തകത്തിന്റെ ശോഭ വര്‍ധിപ്പിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
ഓരോരുത്തര്‍ക്കും ഓരോ നിയോഗങ്ങള്‍ ഉണ്ട്. എത്തിച്ചേരേണ്ട വഴികളിലേക്ക് അത് കൊണ്ടെത്തിക്കും. ദൂരമോ പ്രായമോ അതില്‍ തടസ്സമാവാറില്ല. ഇത് ഒരു നാട്ടുനടപ്പാണ്. നടക്കുന്നവര്‍ അറിഞ്ഞില്ലെങ്കിലും, നടപ്പാതകള്‍ ചെന്നെത്തുന്നിടം ആ ലക്ഷ്യസ്ഥാനത്തുതന്നെ ആയിരിക്കും എന്നു കാണാം. ശാസ്ത്രീയതയുടെ പിന്‍ബലം ഇല്ലെങ്കിലും, ഒരര്‍ത്ഥത്തില്‍ നിയതിയുടെ നിയന്ത്രണം തന്നെ ആയിരിക്കാം ‘നിയോഗം.’ പുസ്തകത്തിന്റെ തലക്കെട്ടിലെ ‘അനുഭവം ‘വര്‍ണ്ണത്തില്‍ മയൂര ശിഖയോട് ചേര്‍ന്ന് ഒന്നായി നില്‍ക്കുന്നതും യാദൃശ്ചികം ആകാം? ഡോ. എം.എസ്.വല്യത്താനും ആ നിയതിയുടെ അനുഗ്രഹം ഉണ്ടായിട്ടുണ്ട്; തീര്‍ച്ച. ജനറല്‍ സര്‍ജറി പഠിക്കുവാന്‍ ഇറങ്ങി തിരിച്ച അദ്ദേഹം കാര്‍ഡിയാക് സര്‍ജറിയില്‍ എത്തിയതും, കൃത്രിമ വാല്‍വ് രൂപകല്‍പന ചെയ്യുവാന്‍ ശ്രീചിത്രയില്‍ എത്തിയതും, പിന്നീട് അലോപ്പതി ചികിത്സാ രംഗത്തുനിന്ന് വിടവാങ്ങി, അവിടെ നിന്ന് ആയുര്‍വേദ പഠനത്തിലൂടെ ആയുര്‍വേദിക് ബയോളജി എന്ന നൂതന വിഷയത്തിന്റെ ഉപജ്ഞാതാവായി മാറിയത് ഒരു പക്ഷേ കാലം കരുതി വച്ചിരുന്നതായിരിക്കാം. ഹൃദ്രോഗ ശസ്ത്രക്രിയയില്‍ അദ്ദേഹം ഈശ്വര തുല്യനാണ്; എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അര്‍ദ്ധ ആയുര്‍വേദീശ്വരന്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: