ഭാരതമാതാവിന്റെ ശിരസ്സിലണിഞ്ഞ മകുടമാണ് കാശ്മീര്‍. ജഗദ് ഗുരു ആദി ശങ്കരാചാര്യരുടെ തപോഭൂമിയും കശ്യപ മഹര്‍ഷിയുടെ കര്‍മ്മ ഭൂമിയും. സമ്പൂര്‍ണ്ണ ലോകത്തിനും ഭാരതീയ സംസ്കാരത്തിന്റ പ്രചാരവും വ്യാപനവും നിര്‍വഹിച്ച ചരിത്രമുള്ള ദേവഭൂമി. കലകളുടേയും സംസ്കാരത്തിന്റേയും വിളനിലം. ഭരതനാട്യ ശാസ്ത്രം പിറന്ന മണ്ണ്. പഞ്ചതന്ത്രകഥകള്‍ രൂപപ്പെട്ട പ്രദേശം.വേദ സൂക്തങ്ങള്‍ കേട്ടുണര്‍ന്ന നാട്. പതഞ്ജലി യോഗയുടെ ഉത്ഭവ ഭൂമി… അഭിമാനകരമാണ് കശ്മീര്‍ താഴ്വരയുടെ ഹൈന്ദവ ചരിത്രം. അതിനെ ഇല്ലായ്മ ചെയ്യാന്‍ നടത്തുന്ന തീവ്രവാദത്തിന്റെ തീയില്‍ പ്രാണന് അര്‍പ്പിക്കുകയായിരുന്നു കുറെ വര്‍ഷങ്ങളായി ഭാരതത്തിന്റെ അരുമ സന്താനങ്ങള്‍. അവരുടെ കഥയാണ് ‘ദി കശ്മീരി ഫയല്‍സ്’
1990 കളിലെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടേയും പലായനത്തിന്റെയും കഥ പറഞ്ഞ ‘ദി കശ്മീരി ഫയല്‍സ്’ ഇറങ്ങും മുന്‍പ് വിവാദത്തിലായിരുന്നു. കശ്മീരികളുടെ അവസ്ഥ തുറന്നു പറയുന്ന സിനിമയ്ക്കെതിരെ വ്യാജ പ്രചാരണങ്ങളും നടന്നു. സംവിധായകനും അഭിനേതാക്കള്‍ക്കും എതിരെ നിരവധി ഭീഷണികള്‍ ഉയര്‍ന്നു. മുസ്ലിം വിരുദ്ധമെന്ന് പറഞ്ഞ് ചിലര്‍ കോടതി കയറി. സിനിമ റിലീസ് ചെയ്തതോടെ കാര്യങ്ങള്‍ മാറി. ആദ്യം കുറച്ച് തീയേറ്ററില്‍ മാത്രം ഇറക്കിയ സിനിമ പിന്നീട് നിരവധി തിയേറ്ററുകളിലും റിലീസ് ചെയ്തു. ‘ദി കശ്മീരി ഫയല്‍സ്’ തരംഗമായി മാറി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഹരിയാന, അസം, ഉത്തരാഖണ്ഡ്, ത്രിപുര സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചു.
‘ദി കശ്മീരി ഫയല്‍സ്’ വളരെ മികച്ച ചിത്രമാണെന്നും, എല്ലാവരും നിര്‍ബന്ധമായും കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി ആവശ്യപ്പെട്ടു. ഇത്തരം സിനിമകളാണ് ഇനി നിര്‍മ്മിക്കേണ്ടതെന്ന് കൂട്ടിച്ചേര്‍ത്ത നരേന്ദ്രമോദി സത്യങ്ങള്‍ ആരും ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിഭാഗീയത ഉണ്ടാക്കാനും വര്‍ഗീയത പരത്താനും വേണ്ടിയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമാക്കി. സിനിമയ്ക്ക് ലോകത്തു കിട്ടാവുന്ന ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് അംബാസഡറെ കിട്ടിയതിനു സമാനമായി നരേന്ദ്രമോദിയുടെ പിന്തുണ.
സച്ചിന് ടെണ്ടുല്‍ക്കറിനെതിരെ ഇമ്രാന് ഖാന് പന്തെറിയുന്നതിന്റെ റേഡിയോ കമന്ററിയുടെ പശ്ചാത്തലത്തില്‍, മഞ്ഞുവീണ കശ്മീര്‍ തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍. നന്ദി മാര്‍ഗ്ഗില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 24 പണ്ഡിറ്റുകളെ നിരത്തി നിര്‍ത്തി നെറ്റിയിലേക്ക് വെടിയുതിര്‍ക്കുന്ന മുസ്ലിം തീവ്രവാദി നേതാവ്. ഈ രണ്ടു രംഗങ്ങള്‍ക്കുമിടയിലെ 2.50 മണിക്കൂര്‍ അസുഖകരമായ സംഭവങ്ങളെ മുഖാമുഖം കൊണ്ടുവരുന്നു. ആകാംക്ഷയും അമ്പരപ്പും ഞെട്ടലും വിഷമവും വേദനയും മരവിപ്പും മാറിമാറി സന്നിവേശിക്കുന്ന ദൃശ്യങ്ങള്‍.
കൃഷ്ണ പണ്ഡിറ്റ് എന്ന ചെറുപ്പക്കാരന്റെ ജീവിത യാത്രയാണ് സിനിമ. ദല്‍ഹിയിലെ പ്രശസ്ത യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റ് പദത്തിനായി മത്സരിക്കുന്ന നേതാവാണ് കൃഷ്ണ പണ്ഡിറ്റ്. മനുഷ്യാവകാശ പ്രവര്‍ത്തകയുടെ വേഷമിട്ട് പ്രവര്‍ത്തിക്കുന്ന വിഘടനവാദ സൈദ്ധാന്തിക പ്രൊഫ. രാധികാ മേനോന് ആണ് കൃഷ്ണ പണ്ഡിറ്റിന്റെ മാര്‍ഗ്ഗദര്‍ശി. മാതാപിതാക്കളും ജ്യേഷ്ഠ സഹോദരനും ഇസ്ലാം തീവ്രവാദികളാല്‍ അരുംകൊലചെയ്യപ്പെട്ട ശേഷം, മുത്തച്ഛന് പുഷ്ക്കര്‍ നാഥ് പണ്ഡിറ്റിനോടൊപ്പം കശ്മീര്‍ താഴ്വരില് നിന്ന് പലായനം ചെയ്തതാണ് കൃഷ്ണ. ദല്‍ഹിയില്‍ വളര്‍ന്നു വന്ന കൃഷ്ണയ്ക്ക് മുത്തച്ഛന് പറഞ്ഞുകൊടുത്ത കുറച്ചു കഥകളല്ലാതെ കുടുംബചരിത്രത്തെക്കുറിച്ച് ഒന്നും അറിയില്ല.
അസുഖങ്ങളാല്‍ വിഷമിക്കുമ്പോഴും മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും നിരന്തരം പരാതികള്‍ എഴുതിക്കൊണ്ട് പുഷ്ക്കര്‍ നാഥ് പണ്ഡിറ്റ് അനീതിക്കെതിരെയുള്ള തന്റെ പോരാട്ടം തുടര്‍ന്നു. അദ്ദേഹത്തിന് ഒരൊറ്റ അഭ്യര്‍ത്ഥനയേ ഉള്ളൂ. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് ജമ്മുകശ്മീരിനെ വേര്‍തിരിച്ചു നിര്‍ത്തുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുക. അതിലൂടെ പ്രശ്നത്തിന് പകുതി പരിഹാരം ആകുമെന്ന് അദ്ദേഹം വിശ്വസിച്ചു.
തന്റെ ചിതാഭസ്മം കശ്മീര്‍ താഴ്വരയില് വിതറണം എന്ന മുത്തച്ഛന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റാന്‍ കൃഷ്ണ പുറപ്പെടുന്നു. കശ്മീരിലെ വീട്ടിലേക്കെത്താന്‍ സഹായത്തിനായി തന്റെ നാല് പഴയകാല സുഹൃത്തുക്കളെ ബന്ധപ്പെടാനും മരിയ്ക്കുന്നതിനു മുമ്പ് മുത്തച്ഛന് പറഞ്ഞിട്ടുണ്ടായിരുന്നു. കൃഷ്ണ കശ്മീര്‍ സന്ദര്‍ശിക്കുന്നു. അവരില്‍ നിന്ന് തന്റെ കുടുംബത്തിന് സംഭവിച്ച ദാരുണ ദുരന്തത്തിന്റെ വൃത്താന്തം കൃത്യമായ തെളിവുകളോടും വസ്തുതകളോടും കൂടിത്തന്നെ അറിയുന്നു. സ്വന്തം പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനിക്കുന്ന ഒരു വ്യക്തിയായി മാറി അയാള്‍ തിരിച്ചെത്തുന്നു.
ആദ്യ സീനില്‍ തന്നെ പ്രേക്ഷകര്‍ക്കും കഥയുടെ ഭാഗമാകാന്‍ തോന്നും. സിനിമയില്‍ കാണുന്നതൊക്കെ അവര്‍ക്ക് സംഭവിച്ചതുപോലെ. അതിന് സാക്ഷ്യം വഹിക്കുന്നതുപോലെ തോന്നും. സ്ക്രീനില്‍ കാണുന്ന വസ്തുതകള്‍ ഇന്ദ്രിയങ്ങളെ ഞെട്ടിക്കും. ഒരുകാലത്ത് താഴ്വരയില് ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന അദ്ധ്യാപകനും തത്വജ്ഞാനിയും ആയിരുന്ന പുഷ്ക്കര്‍ നാഥ് പണ്ഡിറ്റ്. തന്റെ കുടുംബത്തില്‍ അവശേഷിക്കുന്നവരെ സംരക്ഷിക്കാന്‍ നിസ്സഹായതയോടെ പ്രയത്നിക്കുന്ന വൃദ്ധന്. തന്റെ കണ് മുന്നില്‍ തന്നെ സംഭവിക്കുന്ന ഭീകരതയ്ക്കെല്ലാം സാക്ഷിയാകേണ്ടി വന്ന ദേശീയവാദി. ആദ്യം തന്റെ മകന്റെയും, പിന്നീട് മരുമകളുടേയും കൊച്ചുമകന്റേയും കൊലയാളി ഫറൂഖ് അഹമ്മദ് ഭിട്ട തന്റെ പഴയ വിദ്യാര്‍ഥിയായിരുന്നു എന്നറിയുമ്പോള്‍ അദ്ദേഹത്തില്‍ പ്രകടമാവുന്ന അവിശ്വസനീയതയും ഭീതിയും ഒരിക്കലും മറക്കാന്‍ കഴിയില്ല.
കൃഷ്ണയുടെ അമ്മയായ ശാരദാ പണ്ഡിറ്റിന്റെ കഥാപാത്രം വളരെനാള്‍ നമ്മുടെ മനസ്സുകളെ വേട്ടയാടും എന്നതുറപ്പാണ്. ഭീതിയുടെ പരമകാഷ്ഠ, ദയയ്ക്കു വേണ്ടിയുള്ള യാചന. ഭീകരന്റെ തീട്ടൂരം അനുസരിച്ചു പ്രവര്‍ത്തിക്കേണ്ടി വരുന്ന രംഗം. തന്റെ രണ്ടു കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ സ്വന്തം ഭര്‍ത്താവിന്റെ രക്തത്തില്‍ കുതിര്‍ന്ന അരി തിന്നേണ്ടി വന്ന സാഹചര്യം. വേദനയില്‍ ഉള്ള നിസ്സംഗത, പിന്നീട് നയിക്കേണ്ടി വന്ന അപമാനത്തിന്റെയും അനാഥത്വത്തിന്റെയും ജീവിതം. മരണത്തിന്റെ മുന്നില്‍ കാണിച്ച ധീരത എല്ലാം നമ്മുടെ ഹൃദയങ്ങളെ ഉലയ്ക്കും.
മനുഷ്യാവകാശത്തിന്റെ മുഖംമൂടിയണിഞ്ഞ് വിഘടനവാദത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന രാധികാ മേനോന് എന്ന കഥാപാത്രത്തെ വളരെ കൃത്യതയോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്യാമ്പസ്സുകളില്‍ നിന്ന് ആദര്‍ശ ധീരരായ ചെറുപ്പക്കാരെ വലയിലാക്കുന്ന വിഘടനവാദ രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളെ ശ്രദ്ധയോടെ ആവിഷ്ക്കരിച്ചിരിക്കുന്നു.
ക്യാമ്പസ് രാഷ്ട്രീയത്തില്‍ നിന്ന് പഠിച്ച പ്രത്യയശാസ്ത്രം തത്തയെപ്പോലെ വെറുതേ ആവര്‍ത്തിക്കുക മാത്രം ചെയ്യുന്ന തലമുറയെ, തലതിരിഞ്ഞ അധ്യാപകര്‍ വാര്‍ത്തെടുക്കുന്നതെങ്ങനെ എന്നതിന് ഉദാഹരണമാണ് രാധിക മേനോന്. മനുഷ്യാവകാശ ഫെമിനിസ്റ്റ് എന്നറിയപ്പെടുന്ന നിവേദിത മേനോന് എന്ന ദല്‍ഹി ജെഎന്‍യുവിലെ അധ്യാപികയുമായി കഥാപാത്രത്തിന് സാദൃശ്യമുള്ളത് യാദൃച്ഛികമല്ലെന്ന് എങ്ങനെ തോന്നാതിരിക്കും?
സത്യാവസ്ഥയെല്ലാം അറിയാമായിരുന്നിട്ടും തീവ്രവാദ ആക്രമണങ്ങളും പണ്ഡിറ്റുകള്‍ക്കെതിരായ അതിക്രമങ്ങളും നേരില്‍ കണ്ടിട്ടും ഒന്നും ചെയ്യാനാകാത്തതിന്റെ വിഷമം പേറുന്ന ഐഎഎസ് ഉദ്യോഗസ്ഥന് ബ്രഹ്മദത്ത്. പണ്ഡിറ്റുകളുടെ ദുരിതം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബ്രഹ്മദത്ത് പിന്നീട് ഗവര്‍ണറുടെ ഉപദേശകനായപ്പോള്‍ പലായനം ചെയ്തവരെ സഹായിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ ഉന്നത ഉദ്യോഗസ്ഥന് പോലും എത്ര നിസാരന്‍ എന്ന് തെളിയിക്കുന്നു.
മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഈ വംശഹത്യയ്ക്ക് വലിയ പങ്കുവഹിച്ച നിയമങ്ങള്‍ നീക്കം ചെയ്തിട്ടും ആറ് വംശഹത്യകളെ അതിജീവിച്ച പണ്ഡിറ്റുകളെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ കഥ രാജ്യത്ത് പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നുമില്ല. അതിനൊരു മറുപടിയാണ് വിവേക് അഗ്നിഹോത്രിയുടെ ‘ദ കാശ്മീര്‍ ഫയല്‍സ്’ കാശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് മനസ്സിലാക്കാന്‍ പൊതുസമൂഹത്തെ സഹായിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സംഭാവന. പ്രേക്ഷകരെ സിനിമ ആഴത്തില്‍ സ്പര്‍ശിക്കുന്നു. ഗാഢനിദ്രയില്‍ നിന്ന് ഉണര്‍ത്തുന്നു. കശ്മീരില്‍ എന്താണ് സംഭവിച്ചത് എന്നതിലേക്ക് നയിക്കുന്ന ഭയാനകമായ കാലഘട്ടത്തെയും സംഭവങ്ങളെയും കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ സിനിമ പ്രേരിപ്പിക്കും. ആയിരം ചിന്തകളും പതിനായിരക്കണക്കിന് വികാരങ്ങളും ഉണര്‍ത്തും.
കുറ്റവാളികള്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തിയവര്‍ മാത്രമല്ല, ഭയമോ പക്ഷപാതമോ ഇല്ലാതെ സംസാരിക്കാന്‍ ശബ്ദവും ഉത്തരവാദിത്വമുള്ളവരും തുല്യകുറ്റക്കാരാണെന്ന് സിനിമ പറയാതെ പറയുന്നു. ഇവരില്‍ മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും അക്കാദമിക് വിദഗ്ദ്ധരും ബുദ്ധിജീവികളും ഉള്‍പ്പെടുന്നു.
മാധ്യമങ്ങളുടെ കാപട്യത്തേയും കഴുകന് കണ്ണുകളേയും തുറന്നുകാട്ടുന്നുണ്ട് ചിത്രത്തില്‍. സത്യമറിഞ്ഞിട്ടും നുണപറയുന്നതിനു പിന്നില്‍ സാമ്പത്തിക നേട്ടമാണെന്ന് സമ്മതിക്കുന്നു. ദല്‍ഹിയില്‍ മതേതരവാദിയും ജമ്മുവില്‍ കമ്മ്യൂണിസ്റ്റും കശ്മീരിലെത്തിയാല്‍ വര്ഗ്ഗീയവാദിയുമാകുന്ന രാഷ്ട്രീയക്കാരന് എന്നു പറയുമ്പോള്‍ കൊള്ളുന്നതാര്‍ക്ക് എന്ന് എല്ലാവര്ക്കും മനസ്സിലാകും.
സിനിമയില്‍ കശ്മീരല്ലാതെ പരാമര്‍ശിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. ആദി ശങ്കരാചാര്യര്‍ കാല് നടയായി കേരളത്തില്‍ നിന്ന് എത്തി എന്നു പറയുമ്പോഴാണിത്. എന്നാല്‍ സിനിമ ആരും കാണരുതെന്ന് ആഗ്രഹിച്ചവരും കേരളീയരാണ്. സിനിമക്കെതിരെ കള്ളപ്രചാരണവുമായി എത്തിയ രാഷ്ട്രീയ പാര്‍ട്ടി കേരളത്തിലെ കോണ്‍ഗ്രസ്സാണ്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അപ്രഖ്യാപിത വിലക്ക് കേരളത്തിലെ തീയേറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തി. തുടക്കത്തില്‍ രണ്ടു തിയേറ്ററുകളില്‍ മാത്രമാണ് എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉയരുകയും കളിച്ച തീയേറ്ററുകളില്‍ എല്ലാ ഷോകളും ഹൗസ് ഫുള്‍ ആകുകയും ചെയ്തതോടെ കൂടുതല്‍ തീയേറ്ററുകളിലേക്ക് സിനിമ എത്തി.
അപ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പൊട്ട പ്രതിഷേധവുമായി വന്നത്. കാശ്മീരില്‍ കൊല്ലപ്പെട്ടവരില്‍ പണ്ഡിറ്റുകളേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങളാണെന്ന ഒരു കണക്ക് ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഇട്ടാണ് കോണ്‍ഗ്രസ് വന്നത്. ചരിത്രം അറിയാത്ത ഏതൊ മുസ്ലിം തീവ്രവാദിയാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് എന്നു വിളിച്ചുപറയുന്നതായിരുന്നു ഇത്. ദേശീയ തലത്തില്‍ വിവാദമായതോടെ പോസ്റ്റും വലിച്ച് തടിയൂരി. പണ്ഡിറ്റുകളെയെല്ലാം ആര്‍എസ്എസുകാരായി ചിത്രീകരിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസുകാര്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു ഒരു കശ്മീരി പണ്ഡിറ്റാണ് എന്നത് പോലും അറിയുമോ എന്ന സംശയം ഉയരുന്നത് യാദൃച്ഛികം. സത്യത്തില്‍ കേരളമാണ് ഈ സിനിമ കാണേണ്ടത്. കാരണം ഇതിലെ സംഭവങ്ങള്‍ സമീപ ഭാവിയില്‍ അരങ്ങേറാന്‍ സാധ്യതയുള്ള സംസ്ഥാനം കേരളം മാത്രമാണ്. അതിനാല്‍ ഭാവി തലമുറയുടെ സംരക്ഷണത്തിന് മുന്‍ കരുതല്‍ എന്നു കരുതിയെങ്കിലും സിനിമ കാണണം.
‘ദ കാശ്മീര്‍ ഫയല്‍സ്’ കശ്മീരി ഹിന്ദുക്കളുടെ മാത്രം കഥയല്ല. വലിയ കഷ്ടപ്പാടുകള്‍ക്കിടയിലും ഒരു ചെറിയ സമൂഹം അതിന്റെ സംസ്കാരം മുറുകെപ്പിടിച്ചതിന്റെ കഥയാണിത്. കാശ്മീരില്‍ നിന്ന് ഉത്ഭവിച്ച, മനുഷ്യരാശിക്ക് മുഴുവന്‍ വഴിവിളക്കായ ഏറ്റവും ഗഹനമായ ഹൈന്ദവ ചിന്തയുടെ ഉറവയുടെ കഥയാണ്. നട്ടെല്ലില്ലാത്ത ഇന്ത്യന്‍ സര്‍ക്കാരുകളുടെയും, യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലാത്തതിനാല്‍ അവരെ വെള്ളപൂശുന്ന നിലപാടുകളുടെയും കഥയാണിത്. നിങ്ങളുടെ നാശമല്ലാതെ മറ്റൊന്നും മനസ്സില്‍ ഇല്ലാത്തവരെ ഒറ്റക്കെട്ടായി നേരിടാന്‍ സമൂഹം തയ്യാറായില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നതിന്റെ കഥയാണിത്. ന്യൂനപക്ഷ പ്രീണനത്തിനും പരദൂഷണത്തിനും പരസ്പരം മത്സരിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ കഥയാണിത്. തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയില്‍ നമ്മുടെ സൈനികരെ ബലിയര്‍പ്പിച്ചതിന്റെ കഥ കൂടിയാണിത്. ഇന്ത്യന്‍ നാഗരികത അഭിമുഖീകരിക്കുന്ന ഭീഷണികളെക്കുറിച്ചള്ള ഓര്‍മ്മപ്പെടുത്തലാണ്. വംശഹത്യയും തുടര്‍ന്നുള്ള പലായനവും നാഗരികതയ്ക്കും മാനവികതയ്ക്കും മേലുള്ള കളങ്കമായി ഓര്‍മ്മിക്കേണ്ടതാണെന്നും, സമാനമായത് ഇനിയൊരിക്കലും സംഭവിക്കില്ലന്ന് ഉറപ്പാക്കണമെന്നും ജനങ്ങളോട് പറയുകയാണ് സിനിമ.
എല്ലാവരേയും കാണിക്കേണ്ട സിനിമയാണ് ‘ദ കശ്മീര്‍ ഫയല്‍സ്.’ നിങ്ങളൊരു മനുഷ്യനും മനുഷ്യത്വമുള്ളവനുമാണെങ്കില് തീര്‍ച്ചയായും ഈ സിനിമ കാണുക. സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചവരെ പിന്തുണയ്ക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: