ന്യൂദല്‍ഹി: റഷ്യ-ഉക്രൈന് യുദ്ധത്തില്‍ ലോകം മുഴുവന്‍ ഒറ്റപ്പെടുത്തിയപ്പോള്‍ റഷ്യയുടെ കൂടെ നിന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്ക് റഷ്യ കൂടുതല്‍ ചായുന്നു.
ഐക്യരാഷ്ട്ര സഭയില്‍ റഷ്യയെ അപലപിക്കുന്ന പ്രമേയം അമേരിക്കയും യൂറോപ്യന്‍ രാഷ്ടങ്ങളും പിന്തുണച്ചപ്പോല് ഇന്ത്യ മൗനം പാലിച്ചു. ഉക്രൈനെ ആക്രമിച്ച റഷ്യയ്ക്കെതിരായ പ്രമേയത്തെ ലോകത്തിലെ ഒരു വിധം അംഗങ്ങള്‍ വോട്ട് ചെയ്ത് പിന്തുണച്ചപ്പോള്‍ ഇന്ത്യ വിട്ടു നിന്നു. ഈ ഉപകാരസ്മരണയില്‍ ഇന്ത്യയോട് കൂടുതല്‍ ചായാന്‍ ശ്രമിക്കുകയാണ് റഷ്യ.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിക്കുമ്പോള്‍ റഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വാചാലരാവുകയാണ്. “പ്രധാനമന്ത്രി മോദിയും ഇന്ത്യന്‍ നേതൃത്വവും അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ സ്വതന്ത്രമായ നയമാണ് പിന്തുടരുന്നത്. ഇന്ത്യയുടെ ഈ സ്വതന്ത്രമായ വിദേശ നയത്തെ ഞങ്ങള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ സ്വാധീനവും പങ്കും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് “- ഡെനിസ് അലിപൊവ് പറയുന്നു.
ഇന്ത്യയിലെ റഷ്യന്‍ സ്ഥാപനപതി ഡെനിസ് അലിപൊവ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കുതിപ്പ് നല്കുന്ന വലിയൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്. യുഎസിലെയും യൂറോപ്പിലെയും മരുന്നു കമ്പനികള്‍ ഉപരോധത്തിന്റെ ഭാഗമായി റഷ്യയെ ബഹിഷ്കരിച്ചപ്പോള്‍ ഇന്ത്യയിലെ മരുന്നു കമ്പനികളെ മാത്രം ആശ്രയിക്കാന്‍ റഷ്യ ആലോചിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യ കോവിഡ് കാലത്ത് കഴിവ് തെളിയിച്ചു. ലോകത്തിലെ ഒട്ടേറെ രാഷ്ട്രങ്ങളില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഫലപ്രദമായ വാക്സിന് എത്തിച്ചത് വഴി ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ത്യ എന്ന വിശ്വാസം ലോകരാഷ്ട്രങ്ങള്ക്കുണ്ടായിട്ടുണ്ട്. റഷ്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയിലേക്ക് ഇന്ത്യയെ എത്തിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഈ ആത്മവിശ്വാസമാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒറിജിനലിനേക്കാള്‍ മെച്ചപ്പെട്ട പകര്‍പ്പുകള്‍ (ഡ്യൂപ്ലിക്കേറ്റ്) ഇന്ത്യയ്ക്ക് നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതി ഡെനിസ് അലിപൊവ് പറയുന്നത്. ഇന്ത്യയ്ക്ക് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുന്ന ഈ നിര്‍ദേശത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നയതന്ത്രപരമായ ഒരു തീരുമാനമെടുക്കാന്‍ ഇനിയും സമയമെടുത്തേക്കും.
വന്‍ വിലക്കിഴിവില്‍ 30 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് ഇന്ത്യയ്ക്ക് റഷ്യ നല്‍കിയത്. ഇനി ഭാവിയില്‍ യൂറോപ്യന്‍ ഇതര രാഷ്ട്രങ്ങളുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ ആലോചിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മുന്‍ഗണന റഷ്യ നല്‍കുമെന്നറിയുന്നു. ഉക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും ഒഴിപ്പിക്കാന്‍ വേണ്ടി റഷ്യ മണിക്കൂറുകളോളം വെടിനിര്‍ത്താന്‍ പോലും തയ്യാറായി. ഇത് പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മിലുള്ള ചര്‍ച്ചയുടെ അനന്തരഫലമായിരുന്നു. രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന സുമിയില്‍ നിന്നും റഷ്യയുടെ സഹായമില്ലെങ്കില് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് ദുഷ്കരമായേനെ. മാത്രമല്ല, അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ സ്വാധീനവും പങ്കും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഭാവിയില്‍ റഷ്യ ഇന്ത്യയെ സഹായിക്കുമെന്ന് ഇതിനകം റഷ്യന്‍ നേതാക്കള്‍ തന്നെ പ്രസ്താവിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: