കാസര്‍കോട്: മതപഠനത്തിനെന്ന പേരില്‍ യെമനിലേക്ക് പുറപ്പെട്ട കാസര്‍കോട് സ്വദേശി ഉള്‍പെട്ട 14 അംഗ കുടുംബത്തെ ഒമാന്‍ പോലീസ് അതിര്‍ത്തിയില്‍ നിന്നും പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചു. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ അബ്ദുല്‍ ഹാഷിം എന്ന ഹാഷിയും (32) ഭാര്യ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനിയും ഇവരുടെ കുടുംബത്തില്‍പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റു 12 പേരെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഹാഷിയുടെ കുടുംബ പശ്ചാത്തലവും പ്രവര്‍ത്തന മണ്ഡലങ്ങളും ബന്ധങ്ങളും അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശേഖരിച്ചവരികയാണ്. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഇവര്‍ യെമനിലേക്ക് പോകാനായി സുല്‍ത്താനറ്റ് ഓഫ് ഒമാനിലെ സലാലയിലെത്തിയത്. സലാലയില്‍ നിന്ന് 200 കിലോമീറ്ററോളം ദൂരമുള്ള യെമന്‍ തലസ്ഥാന നഗരിയായ സന്‍ആയിലെത്താന്‍ അതിര്‍ത്തിക്കടുത്ത് എത്തിയപ്പോള്‍ യെമന്‍ ചെക് പോസ്റ്റ് അധികൃതര്‍ ഇവരെ തടഞ്ഞ് തിരിച്ചയച്ചതായാണ് വിവരം പുറത്ത് വന്നിരിക്കുന്നത്. സലഫികളിലെ ദായിഷ് വിഭാഗത്തില്‍പെട്ട ഇവര്‍ ചട്ടങ്ങള്‍ ശക്തമായി പിന്തുടരുന്നവരാണെന്നും പഠനവും ആടുമേയ്ച്ചുള്ള ജീവിതരീതിയിലും ആകൃഷ്ടരായാണ് ഇവര്‍ പോയതെന്നുമാണ് സൂചന ലഭിച്ചിരിക്കുന്നത്.
മസ്ക്കറ്റ് വഴി കോഴിക്കോട് വിമാനത്താവളത്തിലേക്ക് കയറ്റിവിട്ട ഇവരുടെ വിവരങ്ങള്‍ എമിഗ്രേഷന്‍ അധികൃതര്‍ കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ അടക്കം പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. പഠനത്തിന്റെ പേരില്‍ ഭീകര സംഘടനകളില്‍ പലരും എത്തിപ്പെടുന്നത് ആശങ്ക പരത്തുന്നുണ്ട്. സ്ത്രീകളേയും കുട്ടികളേയും യുവാക്കളേയും റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തേ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ നിന്ന് ദായിഷില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ സംഘത്തിലെ പലരും അമേരിക്കന്‍ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറിയ പുതിയ സര്‍ക്കാര്‍ ജയിലില്‍ അവശേഷിച്ചവരെ തുറന്നു വിട്ടിരുന്നു. ഇതില്‍ പടന്ന, തൃക്കരിപ്പൂര്‍ സ്വദേശികളും ഉണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: