ഓക്ലന്‍ഡ്: വനിതാ ലോകകപ്പില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഓസ്ട്രേലിയക്കെതിരെ. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തോല്‍വി നേരിട്ട ഇന്ത്യക്ക് വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം. എന്നാല്‍ ടൂര്‍ണമെന്റില്‍ കളിച്ച മത്സരങ്ങളെല്ലാം വിജയിച്ച് മികച്ച ഫോമിലാണ് ഓസ്ട്രേലിയ. ഇന്ന് വിജയിക്കാന്‍ മികച്ച പ്രകടനം തന്നെ ഇന്ത്യക്ക് പുറത്തെടുക്കേണ്ടി വരും.
രണ്ട് വീതം വിജയവും തോല്‍വിയുമായി തപ്പിതടയുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം സെമിഫൈനല്‍ സാധ്യത സജീവമാക്കാനുള്ള അവസരമാണ്. ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലൊഴികെ മറ്റൊരു മത്സരത്തിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയില്ല. സ്മൃതി മന്ദാന മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ആശ്വാസമാണ്. വിന്‍ഡീസിനെതിരെ ഇരുവരും സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ നായിക മിതാലി രാജ്, ദീപ്തി ശര്‍മ എന്നിവരൊന്നും ഫോമിലേക്കെത്താത് ടീമിന് തിരിച്ചടിയാണ്. നിലവില്‍ അഞ്ചാം സ്ഥാനത്ത് കളിക്കുന്ന ഹര്‍മന്‍പ്രീത് കൗര്‍ മുന്‍ നിരയിലേക്ക് തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കില്‍ മിതാലി രാജിന് പിന്നോട്ട് ഇറങ്ങേണ്ടിവരും.
ബൗളര്‍മാരുടെ പ്രകടനമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. പേസ് ബൗളര്‍ ജുലന് ഗോസ്വാമി 200മത്തെ ഏകദിന മത്സരത്തിനാണ് കളിക്കാന്‍ തയ്യാറെടുക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന ഗോസ്വാമി തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാല്‍ ഇന്ത്യക്ക് പ്രതീക്ഷയാകും. സ്പിന്നര്‍ രാജേശ്വരി ഗെയ്ഖ്വാദും ഫോമിലാണ്. മറുവശത്ത് ഓപ്പണര്‍ റെയ്ച്ചല്‍ ഹെയ്ന്സിന്റെ മികവാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷ. ഓള്‍റൗണ്ടര്‍ എലീസ പെറി ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങുന്നത് ഓസീസിന് സാധ്യതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: