തിരുവനന്തപുരം: ‘ദ കാശ്മീര്‍ ഫയല്‍’ എന്ന ചിത്രത്തിന് സമൂഹത്തില്‍ കൂടുതല്‍ പ്രചാരം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരത്ത് കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ തപസ്യ കലാസാഹിത്യവേദി സിനിമ പ്രദര്‍ശനം സംഘടിപ്പിച്ചു. തിരുവനന്തപുരം ഏരീസ് പ്ലസില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ ഷോയില്‍ നിറഞ്ഞ സദസ്സായിരുന്നു.
സിനിമാ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം രാഷ്‌ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. സഹ പ്രാന്ത കാര്യവാഹ് ടി.വി പ്രസാദ് ബാബു, സംസ്‌കാര്‍ ഭാരതീയ ക്ഷേത്രീയ പ്രമുഖ് തിരൂര്‍ രവീന്ദ്രന്‍ സംസ്ഥാന സെക്രട്ടറി ജിഎം മഹേഷ്, സംസ്ഥാന സമിതി സുജാത, തപസ്യ ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട്, ബിപിന്‍ ചന്ദ്രന്‍, ജില്ലാ സംഘടനാ സെക്രട്ടറി സുജിത്ത് ഭവാനന്ദന്‍, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
സ്വന്തം നാടും നഷ്ടപ്പെട്ട് പിറന്ന മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം കേരളീയ സമൂഹത്തിന് ഒരു അനുഭവ പാഠം തന്നെയാണെന്ന് സേതുമാധവന്‍ അഭിപ്രായപ്പെട്ടു. തുടക്കത്തില്‍ കേരളത്തിലെ തിയേറ്ററുകള്‍ ഈ സിനിമയോട് വിമുഖത കാണിച്ചതില്‍ തപസ്യ കലാസാഹിത്യവേദി ദുഃഖം രേഖപ്പെടുത്തി.
തിരുവനന്തപുരത്തിന് വിവിധഭാഗങ്ങളില്‍ സിനിമ ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാനുള്ള പ്രചരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. കലാ സാഹിത്യ മേഖലയിലെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിനിമ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുവാനും കൂട്ടായ്മ തീരുമാനിച്ചു. പിറന്ന മണ്ണില്‍ കാശ്മീര്‍ പണ്ഡിറ്റുകള്‍ നേരിട്ട പീഡനങ്ങള്‍ പ്രമേയമാക്കി സിനിമ നിര്‍മ്മിച്ച സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ തപസ്യ അഭിനന്ദിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണെന്ന് തപസ്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: