ന്യൂദല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇപ്പോഴും എണ്ണ വാങ്ങിക്കൂട്ടുമ്പോള്‍ ഇന്ത്യ മാത്രം റഷ്യയോട് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍.
റഷ്യയില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐഒസി) കഴിഞ്ഞ ദിവസം വന്‍ വിലക്കിഴിവില്‍ 30 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ വാങ്ങിയതിനെതിരെ ചില പാശ്ചാത്യകേന്ദ്രങ്ങളില് നിന്നും ഇന്ത്യയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്.
റഷ്യയ്ക്കെതിരെ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുടെ എണ്ണ വാങ്ങുന്നുണ്ട്. നെതര്‍ലാന്റ്സ്, ഇറ്റലി, പോളണ്ട്, ഫിന്‍ലാന്റ്, ലിത്വാനിയ, റൊമാനിയ എന്നിവയെല്ലാം റഷ്യയുടെ എണ്ണയെ ആശ്രയിക്കുന്നവരാണ്. മാത്രമല്ല, റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നതിന് തടസ്സമില്ലാത്ത രീതിയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയെ ഉപരോധിക്കുന്നത്. എന്തിന് യൂറോപ്യന്‍ യൂണിയനില്‍പെട്ട രാജ്യങ്ങള്‍ ഇപ്പോഴും റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റില്‍ (വിദേശ ഇടപാടുകള്‍ നടത്തുമ്പോള്‍ പണക്കൈമാറ്റം നടത്തുന്നതിനുള്ള സംവിധാനമാണ് സ്വിഫ്റ്റ്. അമേരിക്കയും യുകെയും റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റില്‍ നിന്നും പുറത്തി നിര്‍ത്തിയിരിക്കുകയാണ്) നിന്നും പുറത്താക്കിയിട്ടില്ല. അതായത് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഇപ്പോഴും അവരുടെ കറന്‍സികളില്‍ റഷ്യന്‍ ബാങ്കുകള്‍ വഴി പണമടച്ച് എണ്ണ വാങ്ങാം. ഇങ്ങിനെയുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യ മാത്രം റഷ്യയോട് പരിമിതമായി എണ്ണക്കച്ചവടം നടത്തണമെന്ന് ശഠിക്കാനാവില്ല. ഇന്ത്യ തീര്‍ച്ചയായും കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടാവുന്ന മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
റഷ്യയുമായി നിയമാനുസൃതമായി ഇന്ത്യ നടത്തുന്ന എണ്ണ ഇടപാടിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. യുഎസും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ കഴിഞ്ഞ ദിവസം പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
എണ്ണയുടെ കാര്യത്തില്‍ ഇന്ത്യ ഏതാണ്ട് പൂര്‍ണ്ണമായും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ്. ആഗോള ഊര്‍ജ്ജ വിപണിയില്‍ ഇന്ത്യ എല്ലാ സാധ്യതകളും അന്വേഷിക്കുമെന്നും കേന്ദ്ര വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. രാജ്യത്തെ 85 ശതമാനം എണ്ണ ആവശ്യങ്ങളും ഇറക്കുമതി വഴിയാണ് നടക്കുന്നത്. ഒരു ദിവസം 50 ലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ കൂടുതല്‍ എണ്ണ വരുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്. ഇറാഖ് (23ശതമാനം), യുഎഇ (11 ശതമാനം) എന്നിങ്ങനെ. യുഎസില്‍ നിന്നും 7.3 ശതമാനം എണ്ണ വാങ്ങുന്നുണ്ട്. വരും മാസങ്ങളില്‍ യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 11 ശതമാനം വരെ ഉയരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറുന്നു.
പുതിയ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാന്‍ കഴിയില്ല. മറ്റ് രാജ്യങ്ങളെ ആശ്രയിച്ചാല്‍ കൂടുതല്‍ വില കൊടുക്കേണ്ടി വരും. റഷ്യയില്‍ നിന്നും ഒരു ശതമാനം മാത്രമാണ് എണ്ണ ഇന്ത്യ വാങ്ങുന്നത്.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ‘റഷ്യയില്‍ നിന്നും വിലക്കുറവില്‍ എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയെ പാശ്ചാത്യരാഷ്ട്രങ്ങളുടെ ഉപരോധം ബാധിക്കില്ല. പക്ഷെ ഈ നാളുകളിലെ ചരിത്ര പുസ്തകം എഴുതുമ്പോള്‍ ഇന്ത്യ ഏത് ഭാഗത്ത് നിലകൊള്ളുന്നു എന്ന കാര്യം ഓര്‍ക്കണം. റഷ്യന്‍ നേതാക്കള്‍ക്ക് പിന്തുണ നല്‍കുന്നത് ഉക്രൈന് ആക്രമണത്തിന് പിന്തുണ നല്കുന്നതുപോലെയാണ്. ‘- കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ജെന്‍ സാകി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: