പാലക്കാട്: ധോണിയില്‍ ജനവാസ മേഖലയിലിറങ്ങി ദിവസങ്ങളായി ഭീതി പടര്‍ത്തിയ പുലി ഒടുവില്‍ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലര്‍ച്ചെയോടെ പുലി കുടുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം പുലി കോഴിയെ പിടിച്ച വെട്ടം തടത്തില്‍ ടി.ജി മാണിയുടെ വീട്ടുവളപ്പിലാണ് കൂട് സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞദിവസം മാണിയുടെ വീട്ടില്‍ നിന്ന് കോഴിയെ പിടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് പുലി പരിസരത്തുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലി കുടുങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിക്കൂട് വന പാലകർ സ്ഥലത്ത് നിന്ന് മാറ്റി. പുലിക്കൂട് നീക്കുന്നതിനിടെ പുതുപ്പെരിയാരം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനെ പുലി മാന്തി. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൂട്ടിലായ പുലിയെ ധോണിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാർ വിശദ പരിശോധന നടത്തിയശേഷം പുലിയെ വനത്തിലേക്ക് വിട്ടേക്കും. പറമ്പിക്കുളത്തെ വനത്തിൽ വിടാനാണ് ആലോചന. പ്രാഥമിക പരിശോധനയില്‍ പുലിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: