പൊന്‍കുന്നം (കോട്ടയം): ജല്‍ ജീവന് മിഷനില്‍ രാജ്യത്തെ ഒന്‍പത് കോടിയിലധികം വീട്ടില്‍ പൈപ്പ് കണക്ഷന് എത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കാനായി. ഗോവ, തെലങ്കാന, ഹരിയാന സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍, പുതുച്ചേരി, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് 100 ശതമാനം നേട്ടം കൈവരിച്ചത്.
പഞ്ചാബ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ 90-99 ശതമാനം വരെ വീടുകളില്‍ പൈപ്പ് കണക്ഷന് നല്കി. 2019 ആഗസത് വരെ 3.23 കോടി വീടുകളില്‍ മാത്രമാണ് പൈപ്പ് കണക്ഷന് ഉണ്ടായിരുന്നത്. ജല്‍ ജീവന് മിഷന് നടപ്പാക്കിയതോടെ കണക്ഷനുകളുടെ എണ്ണത്തില്‍ 179 ശതമാനം വര്‍ധിച്ച് ഒമ്പത് കോടിയിലെത്തി. 5.8 കോടി വീടുകളില്‍ കഴിഞ്ഞ 30 മാസം കൊണ്ട് പൈപ്പ് കണക്ഷന് ലഭിച്ചിട്ടുണ്ട്.
പ്രതിദിനം 63,000 വീടുകളില്‍ പൈപ്പ് കണക്ഷന് എത്തുന്നുവെന്നാണ് കണക്ക്. ഇപ്പോള്‍ 1.36 ലക്ഷത്തിലധികം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് കണക്ഷനുണ്ട്. 8,48,113 സ്കൂളുകളില്‍ 2022 ഫെബ്രുവരി 23 വരെ പൈപ്പ് കണക്ഷന് എത്തി. 8,69,406 അങ്കണവാടികളിലും കണക്ഷന് എത്തിക്കാനായി.
പദ്ധതി നടപ്പാക്കുന്നതിലൂടെ ഗ്രാമങ്ങളിലെ തൊഴില്‍ ലഭ്യതയും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നു. അതത് ഗ്രാമങ്ങളില്‍ തൊഴില്‍ ലഭിക്കുക, ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി ആരംഭിച്ചതിനു ശേഷം 3.82 ലക്ഷം വില്ലേജ് ആക്ഷന്‍ പ്രോഗ്രാമുകള്‍ തയാറാക്കി. 4.69 ലക്ഷം വാട്ടര്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കമ്മിറ്റികളില്‍ 50 ശതമാനം സ്ത്രീ പങ്കാളിത്തവും ഉറപ്പുവരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: