തിരുവനന്തപുരം : കെ റെയിലിനെതിരെയുള്ള നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ബഹളങ്ങളെ തുടര്‍ന്ന് നിയമസഭ തത്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിനിടെ ജനങ്ങള്‍ പ്രതിഷേധിക്കുകയും ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചും അറസ്റ്റ് ചെയ്ത് നീക്കിയുമാണ് കെ റെയില്‍ ഉദ്യോഗസ്ഥര്‍ സര്‍വ്വേ കല്ല് നാട്ടിയത്.
മാടപ്പള്ളിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിപക്ഷം നിയമസഭയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്നും വി.ഡി. സതീശന് അറിയിച്ചു. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ കെ റെയിലിനെതിരായ പോസ്റ്ററുകളും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി. കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ അറിയിച്ചു.
എന്നാല്‍ നിയമസഭ ചോദ്യോത്തര വേളയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പതിവില്ല. വിഷയം ശൂന്യവേളയില്‍ പരിഗണിക്കാമെന്നും സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാവാതെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മാടപ്പള്ളി മുണ്ടുകുഴിയില്‍ കല്ല് സ്ഥാപിക്കാനെത്തിയപ്പോഴുണ്ടായ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് നടപടികള്‍ക്കെതിരെ ചങ്ങനാശ്ശേരിയില്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താലാണ്. കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും.
ജില്ലയില്‍ 16 പഞ്ചായത്തുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: