കൊച്ചി: സംഘടനാവികാസത്തിന്റ അടിസ്ഥാനം സമാജത്തിന്റെ വിശ്വാസം ആര്ജ്ജിക്കലാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്. ആര്‍എസ്എസ് രൂപം കൊണ്ടിട്ട് നൂറ് വര്‍ഷമാകുന്ന 2025 ഓടെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രവര്ത്തനമെത്തിക്കുകയാണ് ലക്ഷ്യം. എല്ലാ സ്ഥലങ്ങളിലും പ്രവര്‍ത്തനമുള്ള 500 മണ്ഡലങ്ങള്‍ ആ സമയമാകുമ്പോഴേക്ക് യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 11 മുതല്‍ 13 വരെ ഗുജറാത്തിലെ കര്‍ണാവതിയില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ തീരുമാനങ്ങള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുകയായിരുന്നു പ്രാന്തകാര്യവാഹ്.
ഏപ്രില്‍ 15 മുതല്‍ ജൂലൈ പകുതി വരെ രാജ്യത്ത് 104 കേന്ദ്രങ്ങളില്‍ സംഘ ശിക്ഷാ വര്‍ഗുകള്‍ നടക്കും, ഓരോ വര്ഗിലും ശരാശരി 300 പേര് പങ്കെടുക്കും. കേരളത്തില്‍ ഇത്തരത്തില്‍ അഞ്ച് വര്ഗുകളാണ് നടക്കുക. മെയ്, സപ്തംബര്‍ മാസങ്ങളില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് കേരളത്തിലെത്തും.
അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവനും സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കും. 55,000 പ്രവര്ത്തനസ്ഥലങ്ങളില് നിന്ന് ഒരുലക്ഷം സ്ഥലങ്ങളില്‍ പ്രവര്ത്തനമെത്തിക്കും. സംഘടനയോടൊപ്പം സമാജത്തെ ശക്തിപ്പെടുത്തി ഏകോപിപ്പിച്ച് ലക്ഷ്യത്തിലേക്ക് മുന്നേറണം എന്നതാണ് കര്‍മ്മപദ്ധതി. അതിന്റെ പ്രതിഫലനം രാഷ്ട്രീയമടക്കം എല്ലാ മേഖലയിലും പ്രകടമാകും. സംഘവിവിധക്ഷേത്രസംഘടനകളെല്ലാം 2025 വരെയുള്ള സമഗ്രമായ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സ്വാശ്രയഭാരതത്തിലേക്കുള്ള മുന്നേറ്റത്തില്‍ സ്വയംപര്യാപ്ത കേരളത്തെ സാക്ഷാത്കരിക്കും. ഗ്രാമീണമേഖലകളെ സ്വയംപര്യാപ്തമാക്കുന്നതിനും യുവാക്കളെ തൊഴില്‍ ദാതാക്കളാക്കുന്നതിനും ഊന്നല്‍ നല്‍കിയുള്ള കാര്യപദ്ധതികള്‍ നടപ്പാക്കും.
പ്രഭാവിത ഭാരതം എന്ന സങ്കല്‍പ്പത്തില്‍ അടിസ്ഥാനമാക്കി സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായ അമൃത മഹോത്സവ പരിപാടികള്‍ രാജ്യം മുഴുവന്‍ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലും അത്തരം പരിപാടികള്‍ നടക്കുന്നു. വേലുത്തമ്പിദളവയുടെ വീരാഹുതിദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അമൃതോത്സവസമിതി നടത്തുന്ന പരിപാടികളിലും കേളപ്പജി പയ്യന്നൂരിലേക്ക് നടത്തിയ ഉപ്പ് സത്യഗ്രഹയാത്രയെ അനുസ്മരിച്ച് കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് നടത്തുന്ന യാത്രയിലുംആര്എസ്എസ് പങ്കാളികളാകുമെന്ന് അദ്ദേഹം പറഞ്ഞു.
എളമക്കര ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസ് എറണാകുളം വിഭാഗ് പ്രചാര്‍ പ്രമുഖ് പി.ജി. സജീവും പങ്കെടുത്തു.
നിയമം എല്ലാവര്ക്കും ബാധകം
രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ എല്ലാ പൗരന്മാര്ക്കും ബാധ്യതയുണ്ടെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്. ഹിജാബ് വിഷയത്തില്‍ ആര്‍എസ്എസിന്റെ നിലപാടെന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഷയം സുപ്രീംകോടതിയിലാണ്. അന്തിമവിധി വരുംവരെ കാത്തിരിക്കണം. കേരളത്തിലടക്കം ഇത്തരം കാര്യങ്ങളില്‍ പിന്തുടരുന്ന കീഴ്വഴക്കങ്ങളും നിയമങ്ങളുമുണ്ട്. അത് അനുസരിച്ച് കാര്യങ്ങള്‍ നടക്കണം. വിഷയങ്ങള്‍ ഈ അടുത്ത കാലത്ത് മാത്രം ഉണ്ടായതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: