കൊച്ചി: പെര്‍മിറ്റില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ഗുജറാത്ത് ബോട്ടായ ഹെവന്‍, ലക്ഷദ്വീപ് ബോട്ട് തേര എന്നിവയാണ് കോസ്റ്റല്‍ പോലിസ് പിടികൂടിയത്. തുടര്‍ന്ന് ബോട്ടുകളെ വൈപ്പിന്‍ ഫിഷറീസ് വകുപ്പിന് കൈമാറി.
അനധികൃത മത്സ്യബന്ധനം നടത്തിയതിന് തേര ബോട്ടിന് തൊണ്ണൂറായിരം രൂപ പിഴയീടാക്കുകയും ഇരുപതിനായിരം രൂപ പെര്‍മിറ്റിനായി ഈടാക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് അനുവദിച്ച കളര്‍ കോഡ് ഗുജറാത്ത് ബോട്ട് ഉപയോഗിച്ചുവെന്ന കാരണത്താല്‍ ബോട്ടിലെ മത്സ്യം കാളമുക്ക് ഫിഷറീസ് ഹാര്‍ബറില്‍ വെച്ച് ലേലം ചെയ്യുകയായിരുന്നു.
തുടര്‍ നടപടികള്‍ ഇന്ന് സ്വീകരിക്കുമെന്ന് ഫിഷറീസ് അസി.ഡയറക്ടര്‍ അനീഷ് പറഞ്ഞു. അതേസമയം ഫിഷറീസ് വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ഗില്‍നെറ്റ് ആന്റ് ലോങ് ലൈന്‍ ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. സാധാരണ ഇത്തരം നടപടികളില്‍ പിഴ ഈടാക്കി വിടാമെന്നിരിക്കെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മത്സ്യം ചുളു വിലയില്‍ ലേലം ചെയ്യുന്ന നടപടി ഒത്ത് കളിയുടെ ഭാഗമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
ആഴ്ചകള്‍ കടലില്‍ കിടന്ന് വരുന്നവരെ ദ്രോഹിക്കുന്ന നടപടിയാണ് ഫിഷറീസ് വകുപ്പിന്റേതെന്നും ഗില്‍നെറ്റ് ബോട്ടുകള്‍ കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ എത്തുന്നത് തടയാനുള്ള അധികൃതരുടെ ഗൂഢ നീക്കത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ഗില്‍നെറ്റ് ആന്‍ഡ് ലോങ് ലയിങ് ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ. എം. നൗഷാദ് ആരോപിച്ചു. ലേലം കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നടത്താമെന്നിരിക്കെ സ്വകാര്യ ഹാര്‍ബറില്‍ നടത്തിയതിന് പിന്നിലും ഒത്ത് കളിയുണ്ട്. ഗുജറാത്ത് ബോട്ടിനെ പെര്‍മിറ്റ് എടുപ്പിച്ച ശേഷം വിട്ടയക്കുകയും പിന്നീട് തിരികെ വിളിപ്പിച്ച് മത്സ്യം ലേലം ചെയ്യുകയുമാണുണ്ടായതെന്നും നൗഷാദ് ആരോപിച്ചു.
അതേസമയം മത്സ്യം മോശമാകാതിരിക്കാന്‍ അടിയന്തരമായി ലേലം ചെയ്യാമെന്നും മത്സ്യഫെഡ് അധികൃതരുടെ സാന്നിധ്യത്തിലാണ് ലേലം ചെയ്തതെന്നും അടുത്തുള്ള ഹാര്‍ബറില്‍ ലേലം ചെയ്യാന്‍ അനുവാദമുണ്ടെന്നും ഫിഷറീസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതര സംസ്ഥാന ബോട്ടുകള്‍ കൊച്ചിയില്‍ വരുന്നത് തടയാനുള്ള ഗൂഢ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എ. എം. നൗഷാദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: