ഇറക്കത്ത് രാധാകൃഷ്ണന്‍
ദേവര്‍ഷി നാരദനെ ദ്വാരകയില്‍ കണ്ട വസുദേവര്‍ അകമഴിഞ്ഞ ആദരവോടെയും ഭക്തിയോടെയും സ്വീകരിച്ചു. എന്നിട്ട് ഇപ്രകാരം അപേക്ഷിച്ചു. അല്ലയോ ദേവര്‍ഷേ; ആധ്യാത്മികം, ആധി ദൈവികം, ആധി ഭൗതികം എന്ന മൂന്ന് വിധ താപങ്ങളാല്‍ ദുഃഖിച്ചു കൊണ്ടിരിക്കുന്ന സകല ദേഹികളുടേയും സന്താപങ്ങള്‍ സംഹരിച്ച് അവര്‍ക്ക് സുഖം കൊടുക്കാന്‍ ലോകത്ത് സഞ്ചരിക്കുന്ന മഹാത്മാവേ അവിദ്യ നശിപ്പിച്ച് ആത്മാനന്ദം അനുഭവപ്പെടുത്തുന്ന ഭഗവത്‌സേവ നടത്തുന്ന അങ്ങ് ഭാഗവത ധര്‍മ്മങ്ങള്‍ ഞങ്ങള്‍ക്ക് ഉപദേശിച്ചുതരണം. ഇതിന് ദേവര്‍ഷി ഋഷഭപുത്രന്മാരായ നവയോഗികളും നിമിരാജാവും തമ്മിലുള്ള സംവാദം പറഞ്ഞു കൊടുക്കുന്നു. ഒന്നാമത്തെ ചോദ്യത്തിന് കവി യോഗിയാണ് മറുപടി പറഞ്ഞത്. നിമിരാജാവിന്റെ രണ്ടാമത്തെ ചോദ്യം ഇതായിരുന്നു.
ഭാഗവതന്മാരായ ഭക്തരുടെ ധര്‍മ്മം എന്താണ്? ഈശ്വരപ്രിയന്റെ ലക്ഷണം എന്താണ്? യോഗ വൈഭവ ധര്‍മ്മാചാരങ്ങള്‍ ഏത് വിധം?
ഈ ചോദ്യത്തിന് ഉത്തരം ഹരിയോഗിയാണ് വിശദീകരിക്കുന്നത്. സര്‍വ്വഭൂതങ്ങളിലും അന്തര്യാമിയായിരിക്കുന്നവന്‍ ആത്മാവായ ഹരി തന്നെ. സര്‍വ്വഭൂതങ്ങളില്‍ ആത്മാവ് സ്ഥിതി ചെയ്യുന്നതിനാല്‍ ആത്മാവുതന്നെ സകലവും എന്നു കാണുന്നവനാണ് ഉത്തമഭക്തന്‍. ഭഗവാനെ സര്‍വ്വഭൂതങ്ങളിലും ഭഗവാനില്‍ സര്‍വ്വഭൂതങ്ങളേയും ദര്‍ശിക്കുന്നവനാണ് ഭാഗവതോത്തമന്‍. ഭഗവാനില്‍ ഭക്തി, ഭക്തന്മാരില്‍ മൈത്രി, വിരോധികളില്‍ ഉപേക്ഷ, അജ്ഞരില്‍ സ്‌നേഹം ഇവയാണ് മധ്യമന്റെ ലക്ഷണം. ഭഗവാന്റെ പ്രതിമയില്‍ ശ്രദ്ധ, ഭഗവത്ഭക്തന്മാരിലും അന്യരിലും അശ്രദ്ധ ഇവയുള്ളവന്‍ പ്രാകൃത ഭക്തനാണ്. ഉത്തമന്‍ അഭേദമായി കാണുന്നവന്‍. മദ്ധ്യമന്‍ ഭേദം കാണുന്നവന്‍. പ്രാകൃതന്‍ വിഗ്രഹാദികളില്‍ മാത്രം ദൈവബുദ്ധിയുള്ളവന്‍.
വിഷയങ്ങളെ ഇന്ദ്രിയങ്ങള്‍കൊണ്ട് ഗ്രഹിക്കുമ്പോഴും ഒട്ടുതന്നെ സന്തോഷമോ ദ്വേഷമോ ഇല്ലാത്തവനും സര്‍വ്വവും വിഷ്ണുമായാമയമായി കാണുന്നവനും ആരാണോ അവനാണ് ഭാഗവതഭക്തന്‍. ശരീരം മനസ്സ് പ്രാണന്‍, ഇന്ദ്രിയങ്ങള്‍, ബുദ്ധി ഇവയുടെ ഉല്പത്തി നാശം, വിശപ്പ്, ദാഹം, ഭയം, ആഗ്രഹം, അധ്വാനം എന്നിങ്ങനെയുള്ള സംസാരധര്‍മ്മങ്ങളെക്കൊണ്ട് മോഹിക്കാതിരിക്കുന്നവന്‍ ആരാണോ അവനാണ് ഭാഗവതോത്തമന്‍. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍, ബ്രഹ്മചാരി, ഗൃഹസ്ഥന്‍, വാനപ്രസ്ഥന്‍, സംന്യാസി, ദേവന്‍, മനുഷ്യന്‍, വംശം, ഗോത്രം ഇവയില്‍ അഹങ്കരിക്കാതിരിക്കുന്നത് ആരാണോ അവനാണ് ഭഗവാന് പ്രിയപ്പെട്ടവന്‍. ആദ്യം ഭഗവദ്പാദങ്ങളെ ഹൃദയകമലത്തില്‍ ധ്യാനിക്കണം. തീവ്രഭക്തിയോടെ സ്മരിക്കുമ്പോള്‍ ഭഗവദ്പ്രസാദമുണ്ടാകും.
യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാകുമ്പോള്‍ മാത്രമേ ഭഗവാന്‍ ഹൃദയത്തിരിലിക്കുന്നുവെന്നറിയുകയുള്ളൂ. ത്രിഭുവനസൗഖ്യങ്ങള്‍ ലഭിച്ചാല്‍ക്കൂടി ദേവാദികളാല്‍ പോലും അന്വേഷിക്കുന്ന ഹരിപാദാംബുജങ്ങളിലുള്ള ഭക്തി കൈ വെടിയാതിരിക്കുന്നവനാണ് ശ്രേഷ്ഠഭക്തന്‍. കഷ്ടപ്പാടും സര്‍വ്വദുരിതങ്ങളും ഇല്ലാതാക്കുന്ന ഭഗവാന്റെ തൃപ്പാദങ്ങളെ സ്വഹൃദയത്തില്‍വച്ച് പൂജിക്കുകയും തിരുനാമങ്ങള്‍ ജപിക്കുകയും ചെയ്യുന്നവന്‍ ഉത്തമഭക്തനാണ്. ഈ അവസ്ഥ വിഷയവൈരാഗ്യം വന്നവര്‍ക്കേ സാധിക്കുകയുള്ളൂ.മറുപടിയില്‍ മനം കുളിര്‍ത്ത നിമി മൂന്നാമത്തെ ചോദ്യം ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: