ന്യൂദല്‍ഹി: സില്‍വര്‍ലൈനിനു വേണ്ടി കേരളത്തിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത് വിശദമായ ഡിപിആര്‍ തയ്യാറാക്കാനാണ്. അത് പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ലോക് സഭയിൽ കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്റെയും ബെന്നി ബഹനാന്റെയും ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്നും റെയിൽ മന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത് പ്രാഥമിക അംഗീകാരം മാത്രമാണ്. പദ്ധതിക്കു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി റിപ്പോര്‍ട്ടും വിശദമായ ഡിപിആറും തയ്യാറാക്കുകയും സാദ്ധ്യതാ പഠനം നടത്തുകയും ചെയ്യാന്‍ വേണ്ടി മാത്രമാണ് ഈ അംഗീകാരം. മറിച്ച് ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാരിനു മുന്നോട്ടു പോകാനുള്ള അനുമതിയില്ല. ഈ പദ്ധതിക്കായി റെയില്‍വേ ഭൂമി വിട്ടുകൊടുക്കുമെന്നുള്ള അര്‍ത്ഥവും ഇതിനില്ല.
പദ്ധതിയെക്കുറിച്ച് ഇ.ശ്രീധരന്‍ വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെയും ജനങ്ങളുടെയും ആശങ്കകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കും. ഇതിനൊപ്പം പാരിസ്ഥിതകയായ പ്രശ്നങ്ങളും കണക്കിലെടുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തമായ പാരിസ്ഥിതിക, സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോര്‍ട്ടുകള്‍ കൂടി പഠിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകാനുള്ള അനുമതി നല്‍കുയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: