കൊച്ചി: മത തീവ്രവാദികളുടെ വംശഹത്യക്കിരയായ കശ്മീരി പണ്ഡിറ്റുകളുടെ ജീവിത കഥ പ്രേക്ഷകരില്‍ നിന്നും മറച്ചു പിടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് കേരളത്തിലെ തിേയറ്ററുകളില്‍ ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ പ്രദര്‍ശിപ്പിക്കാത്തതെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
രാജ്യത്താകമാനം ഈ സിനിമക്ക് വന്‍ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് മലയാളി പ്രേക്ഷകര്‍ക്ക് കശ്മീര്‍ ഫയല്‍സ് കാണാനുള്ള അവസരം ഇവിടെ നിഷേധിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. സിനിമ ആവശ്യാനുസരണം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി 18ന് സംസ്ഥാനത്തെ താലൂക്ക് കേന്ദ്രങ്ങളില്‍ സിനിമ തിയേറ്ററുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ബാബു അറിയിച്ചു.
വിതരണക്കാരും തിയേറ്റര്‍ ഉടമകളും മത തീവ്രവാദികളുടേയും കപടമതേതരക്കാരുടെയും ഭീഷണിക്ക് വഴങ്ങുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ മൗനം നടിക്കുന്നതിന് കാരണം ഇരകളുടെ മതമാണ്. വിനോദ നികുതി ഒഴിവാക്കി പരമാവധി പ്രേക്ഷകരിലേക്ക് ഈ ചരിത്ര സിനിമയെ എത്തിക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ മുന്നോട്ട് വരുമ്പോഴാണ് ഇവിടെ ഈ സിനിമയെ ജനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഒരു വിഭാഗം സ്ഥാപിത താല്പര്യക്കാര് ശ്രമിക്കുന്നത്. കേരളത്തിലും ഈ സിനിമയുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: