ഇറക്കത്ത് രാധാകൃഷ്ണന്
പുരാണങ്ങള്‍ ഭാരതീയരുടെ അക്ഷയ സമ്പത്താണ്. ‘സംത്യം വദ, ധര്‍മ്മം ചര’ മുതലായ വേദവാക്യങ്ങള്‍ കഥകളിലൂടെയും ഗുരുശിഷ്യസംവാദത്തിലൂടെയും വ്യക്തമാക്കുന്ന പുരാണങ്ങള്‍ നമ്മുടെ പൈതൃക സ്വത്താണ്. ശ്രീമദ് ഭാഗവതപുരാണം ശ്രീ ശുക- പരീക്ഷിത്ത് സംവാദരൂപത്തിലാണ് പറഞ്ഞു തരുന്നത്. ഏകാദശ സ്കന്ധത്തില്‍ നിമി- നവയോഗി സംവാദത്തിലൂടെ ഭാഗവത ധര്‍മ്മത്തെ എങ്ങനെയാണ് ഉപദേശിച്ചു തരുന്നത് എന്ന് ശ്രദ്ധിക്കാം:
ശ്രീകൃഷ്ണ ഭഗവാന്റെ ദ്വാരകയില്‍ നാരദ മഹര്‍ഷി ഇടയ്ക്കിടയ്ക്ക് എത്തും. ഭഗവാന്റെ പാദാരവിന്ദങ്ങളെ കാണാതിരിക്കാന്‍ നാരദന് കഴിയില്ല. ഒരിക്കല്‍ നാരദന് വന്നപ്പോള്‍ വസുദേവര്‍ അദ്ദേഹത്തെ പൂജിച്ചിരുത്തി, ഇങ്ങനെ ചോദിച്ചു; ‘പണ്ട് ഞാന്‍ സന്തതിക്കായി ഭഗവാനെ പൂജിച്ചു. അത് സാധിച്ചു. ശാശ്വത മോക്ഷത്തിനുവേണ്ടി ഞാന്‍ അര്ച്ചിച്ചില്ല. അതിനാല്‍ സര്‍വ്വ ഭീതിയില്‍ നിന്നും മോചിക്കുവാനുള്ള മാര്‍ഗ്ഗം ഭാഗവത ധര്‍മ്മം ഉപദേശിച്ചു തന്നാലും.’ ഇതു കേട്ട നാരദന് സന്തോഷത്തോടെ ഇങ്ങനെ പറഞ്ഞു:
ലോകമാകെ പരിപാവനമാക്കുന്നതാണ് ഭാഗവത ധര്‍മ്മം. അങ്ങയുടെ ചോദ്യത്തിനുള്ള ഉത്തരം ഋഷഭപുത്രന്മാരായ നവയോഗികളും നിമി രാജാവും തമ്മിലുള്ള സംവാദത്തിലൂടെ വ്യക്തമാക്കാം. സ്വായം ഭുവമനുപുത്രന്റെ വംശത്തിലുള്ള ഋഷഭന്റെ നൂറ് പുത്രന്മാരില് മൂത്തയാളാണ് ഭരതന്. ഭരതന് ഭരിച്ചതിനാല്‍ ഭാരതമെന്ന പേരുണ്ടായി. ഭരതന്റെ അനുജന്മാരില് ഒന്പതുപേര് അധ്യാത്മ വിജ്ഞരായ യോഗികളായി. അവരെയാണ് നവയോഗികളെന്ന് വിശേഷിപ്പിക്കുന്നത്. കവി, ഹരി, അന്തരീക്ഷന്‍, പ്രബുദ്ധന്, പിപ്പലായനന്‍, ആവിഹോത്രന്‍, ഭ്രമിളന്‍, ചമസന്‍, കരഭാജനന്‍ എന്നാണ് ഇവരുടെ പേരുകള്‍. സനകാദി മുനിമാരെപ്പോലെ പരിശുദ്ധരായ ഇവര്‍ ലോകം ചുറ്റി സഞ്ചരിച്ച അവസരത്തില്‍ നിമി ഭൂപന്‍ ഭരിക്കുന്ന വിദേഹത്ത് എത്തിച്ചേര്‍ന്നു. അവിടെ നടക്കുന്ന യാഗത്തില്‍ പങ്കെടുത്തു. സൂര്യതേജസ്സിന് തുല്യരായ നവയോഗികളെ കണ്ട് നിമി ആചാര്യവിധികളോടെ പൂജിച്ചിരുത്തി ആത്യന്തിക ക്ഷേമത്തിനുള്ള മാര്‍ഗമായി ഭാഗവത ധര്‍മ്മം ഉപദേശിച്ചു തരണമെന്ന് അപേക്ഷിച്ചു.
ചോദ്യം -1
മുനിമാരേ നിങ്ങള്‍ ഭഗവാന് വിഷ്ണുവിന്റെ പാര്ഷദന്മാരാണെന്ന് ഞാന്‍ അറിയുന്നു. ലോകത്തെ ശുദ്ധമാക്കുന്നതിന് വേണ്ടിയാണല്ലോ നിങ്ങള്‍ ഈ ലോകത്ത് സഞ്ചരിക്കുന്നത് ക്ഷണഭംഗുരമായ മര്ത്ത്യജന്മം ദുര്‍ല്ലഭമാണ്. മനുഷ്യര്‍ക്ക് പരമമായ ശുഭത്തെ നല്‍കുന്നത് എന്താണ്? മനുഷ്യര്‍ക്ക് സംസാരത്തില്‍ സജ്ജനസംസര്‍ഗ്ഗം ലഭിക്കുകയാണെങ്കില്‍ അത് നിധിക്ക് തുല്യമാണ്. ശരണം പ്രാപിക്കുന്നവന് വിഷ്ണു സ്വാത്മാവിനെക്കൂടി നല്കുന്നു. ആ ഭാഗവതധര്‍മ്മത്തെ ഞങ്ങള്‍ യോഗ്യരാണെന്നുണ്ടെങ്കില് ഭവാന്മാര് ഉപദേശിച്ചു തന്നാലും?
അതു കേട്ട് യോഗ്യനായ വിദേഹന് ഭഗവതധര്മ്മം ഉപദേശിക്കുന്നതിനായി നവയോഗികളില്‍ മുന്‍പനായ കവിയോഗിയാണ് ആദ്യം സംസാരിച്ചത്. പതിനൊന്ന് ശ്ലോകങ്ങളിലൂടെ വിശദീകരിക്കുന്നു. അത് ചുരുക്കിപ്പറയാം.
ഈ പ്രപഞ്ചം ഇല്ലാത്തതാണ് അസത്തായ പ്രപഞ്ചം സത്യമാണെന്ന് തോന്നിക്കുന്ന ബുദ്ധിക്ക് നിവൃത്തിയുണ്ടാക്കുവാനായി അച്യുതപാദങ്ങളെ ഉപാസിക്കണം. അജ്ഞന്മാര്ക്ക് അവിദ്യാനാശം സംഭവിക്കാനും ഭോഗികളായ കര്മ്മമാര്ഗികള്ക്ക് മുക്തി നേടുവാനും ഭഗവാന് അരുളി ചെയ്ത ഭാഗവതധര്മ്മമാണിത്. മനസാവാചാ കര്‍മ്മണാ ചെയ്യുന്നതെല്ലാം വിഷ്ണുപാദങ്ങളില്‍ സമര്‍പ്പിക്കുക. ഗുരുവിനെ ഭക്തിയോടുകൂടി ഭജിക്കണം. മനസ്സിനെ നിയന്ത്രിക്കുന്നവന് ഭയമുണ്ടാകില്ല. അന്തരംഗത്തില്‍ ഭഗവാന് നിറഞ്ഞു നില്‍ക്കണം. ദ്വൈത ഭ്രമം ഇല്ലാതാകണം. ഈശ്വരനും പ്രപഞ്ചവും ഭിന്നമായി തോന്നുന്നത് ദ്വൈത ഭ്രമം കൊണ്ടാണ്.
കായേന വാചാ മനസേന്ദ്രിയൈര്വ്വം
ബുദ്ധ്യാത്മനാവാനുസൃത സ്വഭാവാത്
കരോതി യദ്യത് സകലം പരസ്മൈ
നാരായണാ യേതി സമര്‍പ്പയേത്തത്
(ഏകാദശസ്കന്ധം 2-ാം അദ്ധ്യായം 36)
മനസ്സുകൊണ്ടോ ശരീരം കൊണ്ടോ ബുദ്ധികൊണ്ടോ വാക്കുകൊണ്ടോ മറ്റേതെങ്കിലും ഇന്ദ്രിയം കൊണ്ടോ ചെയ്യുന്ന സര്‍വകര്‍മ്മങ്ങളും ഭഗവാനായികൊണ്ട് സമര്‍പ്പിക്കുന്നു. സകല ചരാരങ്ങളും ഈശ്വരമയമാണെന്ന് മനസ്സിലാക്കി എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ചു ജീവിക്കുന്നതാണ് ഭാഗവതധര്‍മ്മം. അപ്പോള്‍ ഭക്തി, വൈരാഗ്യം, തത്ത്വബോധം എന്നിവ വന്നുചേരും. ഭഗവദ് കഥകള്‍ കീര്‍ത്തിക്കുമ്പോള്‍ അചഞ്ചല ഭക്തി ഭവിക്കും. അന്ത്യത്തില്‍ മോക്ഷപദം പ്രാപിക്കുകയും ചെയ്യും. ആകാശം, ഭൂമി, ജലം, കാറ്റ്, വായു, സൂര്യന്, ചന്ദ്രന്, സരിത്തുക്കള്‍ സമുദ്രങ്ങള്‍, ജീവജാലങ്ങള്‍, ഭൂതങ്ങള്‍ തുടങ്ങി സര്‍വ്വതിനേയും ഭഗവദ്സേവരൂപമായി കണ്ട് ധ്യാനിക്കണം. ഭാഗവതധര്‍മ്മം ഗ്രഹിച്ച നിമി വീണ്ടും ചോദിച്ചു.
ഭാഗവതന്മാരായ ഭക്തരുടെ ധര്‍മ്മം, ആചാര ഭാഷണരീതി, സ്വഭാവം എന്താണ്? ഈശ്വരന് പ്രസന്നനാകുന്ന ലക്ഷണം എന്താണ്? യോഗവൈഭവ ധര്‍മ്മാചാരങ്ങള്‍ ഏതുവിധത്തിലാണ്?
നിമിയുടെ ചോദ്യങ്ങള്‍ക്ക് ഓരോ യോഗികളാണ് ഉത്തരം പറയുന്നത്. രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ഹരിയോഗിയാണ് പറയുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: