തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലുള്ള തിയേറ്റര്‍ അനുഭവം ഇനി തലസ്ഥാന നഗരത്തിലും. അത്യാധുനിക ദൃശ്യ, ശബ്ദ സംവിധാനങ്ങളോടെ ലോകോത്തര നിലവാരത്തില്‍ നവീകരിച്ച കെ.എസ്.എഫ്.ഡി.സിയുടെ കൈരളി, നിള, ശ്രീ തിയേറ്റര്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 16, ബുധന്‍) നടക്കും.
വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാന് നവീകരിച്ച തിയേറ്റര്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആര്. അനില്‍, ഗതാഗതത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും.
12 കോടി ചെലവിട്ടാണ് കോംപ്ലക്സിലെ തിയേറ്ററുകളായ കൈരളി, നിള, ശ്രീ എന്നിവ നവീകരിച്ചിട്ടുള്ളത്. ലഭ്യമായ ഏറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് തിയേറ്ററുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. എസ്.എം.പി.ടി.ഇ. മാനദണ്ഡമനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന ദൃശ്യ അനുഭവം നല്കുന്ന ആര്.ജി.ബി. 4 കെ ലേസര്‍ പ്രൊജക്ടറും ട്രിപ്പിള്‍ ബീം 3 ഡി യൂണിറ്റുമാണ് മൂന്ന് തിയേറ്ററിലും. 32 ചാനല്‍ ഡോള്‍ബി അറ്റ്മോസ് ഉന്നത നിലവാരത്തിലുള്ള ശബ്ദാനുഭവം നല്‍കും.
തിയേറ്ററിനകത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ബേബി റൂം ആണ് മറ്റൊരു പ്രധാന സവിശേഷത. സിനിമാ പ്രദര്‍ശനത്തിനിടയില്‍ കുഞ്ഞുങ്ങള്‍ അസ്വസ്ഥരാകുന്നെങ്കില്‍ രക്ഷിതാക്കള്‍ക്ക് ബേബി റൂമിനകത്തിരുന്ന് കുഞ്ഞിനെ ശ്രദ്ധിക്കുകയും സിനിമ തുടര്‍ന്നു കാണുകയും ചെയ്യാം. തിയേറ്റര്‍ ലോബിയിലെ ഫീഡിംഗ് റൂം മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. ഈ രണ്ട് സംവിധാനങ്ങളിലൂടെ തികച്ചും വനിതാ, ശിശു സൗഹൃദാന്തരീക്ഷമാണ് തിയേറ്റര്‍ നല്‍കുന്നത്. റാംപ്, വീല്‍ ചെയര്‍ സംവിധാനങ്ങള്‍ ഒരുക്കി ഭിന്നശേഷി സൗഹൃദവുമാക്കിയിട്ടുണ്ട്.ശീതികരിച്ച ആകര്‍ഷകമായ ലോബി, കാന്റീനുകള്‍, ഫുഡ് കോര്‍ട്ട്, നവീകരിച്ച ടോയ് ലറ്റുകള്‍ എന്നിവയ്ക്കു പുറമേ വായനാമുറി, ലിഫ്റ്റ്, ഡോര്‍മെറ്ററി, വിഐപി റൂം, വിഐപി ലോഞ്ച് എന്നീ സൗകര്യങ്ങളും പുതുതായി സജ്ജീകരിച്ചിട്ടുണ്ട്.
ലോകോത്തര സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ സാധ്യമാക്കുന്ന സര്‍ക്കാര്‍ തിയേറ്ററുകള്‍ തന്നെയാകണം ഏറ്റവും മികച്ചതെന്ന കെഎസ്എഫ് ഡിസിയുടെ ലക്ഷ്യമാണ് കൈരളി, നിള, ശ്രീ കോംപ്ലക്സ് നവീകരണത്തിലൂടെ സാധ്യമാകുന്നതെന്ന് കെഎസ്എഫ് ഡിസി ചെയര്മാന് ഷാജി എന്‍.കരുണ്‍ പറഞ്ഞു.
കൈരളി, നിള, ശ്രീ കോംപ്ലക്സിലുള്ള പല സൗകര്യങ്ങളും കേരളത്തിലെ ചുരുക്കം ചില തിയേറ്ററുകളില്‍ കാണാമെങ്കിലും ഒരു കോംപ്ലക്സിലെ എല്ലാ സ്ക്രീനുകളിലും ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഇവിടെ മാത്രമാണെന്ന് കെഎസ്എഫ് ഡിസി എംഡി എന്‍.മായ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ സിനിമാ മേഖലയിലെ പ്രതിഭകളേയും പഴയകാല തിയേറ്റര്‍ ഉടമകളേയും സിനിമാ പ്രവര്‍ത്തകരേയും സാങ്കേതിക വിദഗ്ധരേയും ആദരിക്കും. ഉദ്ഘാടനച്ചടങ്ങിനു ശേഷം സൗജന്യ സിനിമാ പ്രദര്‍ശനവും നടക്കും.
1988 ലാണ് കെ.എസ്.എഫ്.ഡി.സി തിരുവനന്തപുരത്ത് കൈരളി, ശ്രീ തിയേറ്ററുകള്‍ ആരംഭിച്ചത്. 2010 ല്‍ ഡിജിറ്റല്‍ പ്രൊജക്ഷന് സൗകര്യം ഒരുക്കി. 2012 ല്‍ കൈരളി തിയേറ്ററിനെ രണ്ടാക്കി നിളയെന്ന മൂന്നാമതൊരു തിയേറ്റര്‍ കൂടി കോംപ്ലക്സില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: