ന്യൂദല്‍ഹി: പ്രസവങ്ങളെത്തുടര്ന്നുള്ള മാതൃമരണം കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ശ്രമങ്ങള്‍ വലിയ വിജയത്തിലേക്ക് അടുക്കുന്നു. പുതിയ കണക്കു പ്രകാരം ഇന്ത്യയുടെ മാതൃമരണ അനുപാതം പത്തു പോയിന്റ് കുറഞ്ഞ്, ലക്ഷത്തില്‍ 103 എന്നായി.
2016-2018ല്‍ ഇത് 113 ആയിരുന്നു. അതാണ് 2017-2019ല്‍ 103 ആയി കുറഞ്ഞത്, 8.8 ശതമാനം കുറവ്. ഇത് 2014-2016ല്‍ 130, 2015-17-ല്‍ 122 ആയിരുന്നു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് പുതിയ കണക്ക് പുറത്തിറക്കിയത്. 2030ഓടെ മാതൃ മരണ അനുപാതം (എംഎംആര്‍) ലക്ഷത്തിന് വെറും 70 എന്ന സുസ്ഥിര വികസന നിരക്കില്‍ എത്തിക്കുകയാണ് ലക്ഷ്യം. 2020-2021ലെ കണക്ക് വരുന്നതോടെ ഇത് ലക്ഷത്തിന് നൂറ് എന്നായി കുറയും. ഈ ചരിത്ര നേട്ടം അടുത്തെത്തി.
സുസ്ഥിര വികസന ലക്ഷ്യം നേടിയ സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് ഏഴായി. കേരളം (30), മഹാരാഷ്ട്ര (38), തെലങ്കാന (56), തമിഴ്നാട് (58), ആന്ധ്രാപ്രദേശ് (58), ഝാര്‍ഖണ്ഡ് (61), ഗുജറാത്ത് (70)എന്നിവയാണിവ. മൂന്ന് സംസ്ഥാനങ്ങളില്‍ (കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്) – മാതൃമരണ അനുപാതം 15 ശതമാനത്തിലധികം കുറഞ്ഞു. ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ബീഹാര്‍, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിരക്ക് 10-15 ശതമാനത്തിനിടയില്‍ കുറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത്, ഒഡീഷ, കര്‍ണാടക എന്നിവിടങ്ങളില്‍ 5-10 ശതമാനം കുറവ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: