മൂലമറ്റം: വില പറഞ്ഞ് ഉറപ്പിച്ച് പണം മുന്‍കൂറായി നല്കി ചക്കകള്‍ സ്വന്തമാക്കാന്‍ വ്യാപാരികള്‍ പറമ്പുകളും വീടുകളും കയറിയിറങ്ങുകയാണ്. പാകമാകും മുന്‍പേയുള്ള ഇടിച്ചക്കകള്‍ വെട്ടി നാടു കടത്തുകയാണ് വ്യാപാരികള്‍. കഴിഞ്ഞ കൊവിഡ് കാലത്തും ലോക്ഡൗണ്‍ ദിവസങ്ങളിലും ചക്ക കൊണ്ടും ചക്കക്കുരു കൊണ്ടും വിവിധ വിഭവങ്ങള്‍ ഒരുക്കി ആസ്വദിച്ചു കഴിച്ചിരുന്ന ചക്ക പ്രേമികള്‍ക്കു ഇനി ചക്ക കിട്ടുമോ എന്നു കണ്ടറിയണം. അത്രയേറെയാണ് ചക്കയ്ക്ക് ഡിമാന്‍ഡ്.
പറമ്പിലെ പ്ലാവില്‍ അവശേഷിക്കുന്ന ചക്കത്തിരിക്ക് പോലും വില പറഞ്ഞ് പണം നല്‍കിയിരിക്കുകയാണ് വ്യാപാരികള്‍. ഇടിച്ചക്ക പാകത്തിലുള്ളവയൊക്കെ പറിച്ച് കാലടി, പെരുമ്പാവൂര്‍, ഓടക്കാലി എന്നിവിടങ്ങളിലെ കയറ്റുമതി കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് വ്യാപാരികള്‍. ഇക്കുറി എല്ലാ വര്‍ഷത്തേക്കാളും ഇടച്ചക്കയ്ക്ക് നല്ല ഡിമാന്‍ഡാണ്. 35 രൂപ മുതല്‍ 50 രൂപ വരെയാണ് ഒരു ഇടിയന് ചക്കയുടെ വില.
മൂപ്പെത്താത്ത ഇടിയന് ചക്ക ഫുഡ് സപ്ലിമെന്റ് ആയാണ് ഏറെ ഉപയോഗിക്കുന്നത്. വിവിധ ചക്ക വിഭവങ്ങളും ന്യൂട്രിയന്റ് ആയും ഇത് മാറ്റിയെടുക്കുന്നു. സീസണ് ആകുന്നതിന് മുന്‍പ് തന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ന്യൂദല്‍ഹി, മുംബൈ, ബെംഗളുരൂ, ചെന്നൈ, അടക്കമുള്ള മെട്രോ നഗരങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ആണ്ു ചക്ക അയയ്ക്കുന്നത്. വടക്കേ ഇന്ത്യയിലും ഗള്‍ഫിലും ഒക്കെ രുചിയുടെ താരമായി മാറിയിരിക്കുകയാണ് നാടന്‍ ചക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: