ഇടുക്കി: വേനല്‍ക്കാലം ആദ്യ രണ്ടാഴ്ച പിന്നിടുമ്പോള്‍ കനത്ത ചൂടില്‍ വെന്തുരുകി കേരളം. പുലര്‍ച്ചെ പോലും ഉഷ്ണം കൂടുന്നതിനാല്‍ ഫാനും എസിയും ഇല്ലാതെ വീടുകളിലും ഫില്റ്റുകളിലും കിടുന്നുറങ്ങാനാകുന്നില്ല. പാലക്കാട്, പുനലൂര്‍, വെള്ളാനിക്കര എന്നിവിടങ്ങളില്‍ പകല്‍ സമയത്തെ കൂടിയ താപനില 38 ഡിഗ്രിക്ക് മുകളിലെത്തി. എന്നാല്‍ തീരദേശ മേഖലയില്‍ താപനിലക്ക് നേരിയ കുറവുണ്ടെങ്കിലും ആര്‍ദ്രത കൂടുതലായതിനാല്‍ ഇവിടെയാണ് മറ്റിടങ്ങളിലേക്കാള്‍ കൂടിയ ചൂട്(പുഴുങ്ങല് പോലെ) അനുഭവപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കൊച്ചി കുസാറ്റിലെ അറ്റ്മോസ്ഫറിക് സയന്‍സ് അസി. പ്രൊഫ. ഡോ. എസ്. അഭിലാഷിന്റെ നേതൃത്വത്തില്‍ താപനിലയും ആര്‍ദ്രതയും സംയോജിപ്പിച്ച് ഹീറ്റ് ഇന്‍ഡെക്സ് എന്ന പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. താപനിലയും ആര്‍ദ്രതയും ചേര്‍ത്ത് റിയല്‍ ടൈമില്‍ ആളുകള്‍ക്ക് അനുഭവപ്പെടുന്ന ചൂടാണ് ഇതിലൂടെ കണക്ക് കൂട്ടിയെടുക്കുന്നതെന്ന് അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു.
ഹൈറേഞ്ച് മേഖലയില്‍ ആര്‍ദ്രത കുറവായതിനാല്‍ ഇവിടെ ഈ പ്രശ്നം ഒരുപരിധിവരെ ഉണ്ടാകില്ല. സാധാരണയായി രാവിലെ കൂടാന്‍ തുടങ്ങുന്ന താപനില വൈകിട്ടോടെ കുറഞ്ഞ് പുലര്‍ച്ചെ ഏറ്റവും കുറവിലെത്തും. എന്നാല്‍ ഈ സമയത്തും ആര്‍ദ്രത കൂടി നില്ക്കുന്നതിനാല് ഇപ്പോള്‍ ഉഷ്ണം ഏറിവരികയാണ്.
അന്തരീക്ഷ വായുവിലെ നീരാവി അഥവാ ജലാംശത്തിന്റെ അളവിനെയാണ് ആര്‍ദ്രത(ഹ്യുമിഡിറ്റി) എന്ന് പറയുന്നത്. ശരീരത്തിലെ താപനില നിയന്ത്രിക്കുന്നത് വിയര്‍ക്കല്‍ എന്ന പ്രക്രിയയിലൂടെയാണ്. വിയര്‍ക്കുന്ന ജലം അതേ വേഗത്തില്‍ തന്നെ ബാഷ്പീകരിച്ച് പോകുമ്പോള്‍ ശരീരത്തിന് തണുപ്പ് അനുഭവപ്പെടും. എന്നാല്‍ ആര്‍ദ്രത കൂടിയിരിക്കുന്ന സമയങ്ങളില്‍ ജലം ബാഷ്പീകരിക്കാന്‍ കാലതാമസം നേരിടും. ഇതാണ് ശരീരം വിയര്‍ത്തൊലിക്കാന്‍ കാരണം.
പൊതുവെ കേരളത്തില്‍ എല്ലാ സീസണിലും ഇത്തരം വിയര്‍ത്തൊലിക്കുന്ന പ്രതിഭാസം അനുഭവപ്പെടാറുണ്ടെങ്കിലും വേനല്‍ക്കാലത്ത് ഇത് പലപ്പോഴും അസഹനീയമായി മാറുകയാണ്. മഴക്കാലത്ത് ആര്‍ദ്രത കുറഞ്ഞു നില്ക്കുന്നതിനാല് വിയര്‍ക്കുന്ന വേഗത്തില്‍ തന്നെ ജലം ബാഷ്പീകരിച്ച് പോകും. ശരീരം തണുക്കാനും ഇതിടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: