തൃശൂർ: കോർപറേഷനിൽ കോൺഗ്രസ് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കേണ്ടതില്ലെന്ന് ബിജെപി. ഇടത്-വലത് മുന്നണികളോട് പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്ന് ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ അറിയിച്ചു.
കോർപ്പറേഷന്റെ 55 അംഗ ഭരണസമിതിയിൽ ഇടതു പക്ഷത്തിനു 25ഉം കോൺഗ്രസിന് 24ഉം അംഗങ്ങൾ ആണുള്ളത്. ആറ് അംഗങ്ങൾ ഉള്ള ബിജെപി നിലപാട് നിർണായകമായിരുന്നു. ബിജെപി പിന്തുണക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. ഇടതു പക്ഷത്ത് നിന്നും ചിലരെ അടർത്തിയെടുക്കാൻ ശ്രമിച്ചുവെങ്കിലും അതും ഫലപ്രദമായില്ലെന്നാണ് അറിയുന്നത്. അവിശ്വാസം പാസാകണമെങ്കിൽ 28 അംഗങ്ങൾ വേണം. ഇതോടെ ഇടതു ഭരണത്തിനെതിരെ കോൺഗ്രസ് കൊണ്ട് വരുന്ന അവിശ്വാസം പാസാവാനിടയില്ല.
കോൺഗ്രസ്സ് കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും ബിജെപി കൗൺസിലർമാർ വിട്ടുനിൽക്കുമെന്നും അഡ്വ കെ.കെ അനീഷ്കുമാർ അറിയിച്ചു. സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചയ്‌ക്കും പാർലമെൻ്ററി പാർട്ടി യോഗത്തിനും ശേഷമാണ് ഐക്യകണ്ഠമായിരുന്നു ബിജെപി തീരുമാനം. സിപിഎമ്മിനെ മാറ്റി കോൺഗ്രസ്സിനെ കൊണ്ട് വരലും കോൺഗ്രസ്സിനെ മാറ്റി സിപിഎമ്മിനെ കൊണ്ട് വരലും ബിജെപിയുടെ നയപരിപാടിയല്ല. രണ്ട് പാർട്ടികളുടേയും തെറ്റായ നിലപാടുകൾക്കെതിരെയുള്ള പോരാട്ടം തുടരും.
ഭരണ അസ്ഥിരത ഉണ്ടാക്കാൻ ബിജെപി ആർക്കും പിന്തുണ നൽകില്ല. ബിജെപി ഈ നിലപാട് പിന്തുടരുന്നത് കൊണ്ടാണ് രണ്ട് മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത ജില്ലയിലെ 21 പഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും ഭരണ സ്തംഭനം ഉണ്ടാകാത്തത്. ബിജെപി പാലിക്കുന്ന ഈ ജനാധിപത്യ മര്യാദ തിരുവില്വാമലയിൽ ഇടത്-വലത് മുന്നണികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇത് ജനാധിപത്യവിശ്വാസികൾ വിലയിരുത്തട്ടെയെന്നും അഡ്വ കെ.കെ അനീഷ്കുമാർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: