ഗുജറാത്തിലെ കര്‍ണാവതിയില്‍ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ നല്കുന്ന സന്ദേശം വ്യക്തമാണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവര്‍ത്തനം കൂടുതല്‍ മേഖലകല്‍ലേക്ക് വ്യാപിച്ച് സംഘടന പുതിയ ഔന്നത്യങ്ങള്‍ കീഴടക്കിയിരിക്കുന്നു. രാജ്യവ്യാപകമായിത്തന്നെ ശാഖകളുടെ എണ്ണം വര്‍ദ്ധിക്കുകയും, കൂടുതല്‍ യുവാക്കള്‍ സംഘടനാ പ്രവര്‍ത്തനങ്ങല്‍ലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 നെ അപേക്ഷിച്ച് പ്രവര്‍ത്തനം മുഴുവനായിത്തന്നെ പുനരാരംഭിക്കാന്‍ കഴിഞ്ഞ മറ്റേതെങ്കിലും സംഘടന ഉണ്ടെന്ന് തോന്നുന്നില്ല. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ശാഖകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ ഒന്നേകാല്‍ ലക്ഷത്തോളം യുവാക്കളാണ് ‘ജോയിന്‍ ആര്‍എസ്എസ്’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ സംഘടനയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. കൊവിഡ് രാജ്യത്ത് മഹാമാരിയായി പ്രഖ്യാപിച്ച ദിവസംതന്നെ അഞ്ചര ലക്ഷത്തോളം സംഘപ്രവര്‍ത്തകര്‍ വിവിധതരം സേവനങ്ങളുമായി രംഗത്തിറങ്ങി എന്നറിയുമ്പോള്‍ അതിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. ക്ഷേത്രങ്ങള്‍, സന്യാസാശ്രമങ്ങള്‍, ബുദ്ധവിഹാരങ്ങള്‍, ഗുരുദ്വാരകള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് വളരെയധികം പേര് കൊവിഡ്കാല സേവനങ്ങള്‍ നടത്താന്‍ രംഗത്തിറങ്ങിയത് രാജ്യത്തുണ്ടായ ഉണര്‍വായി ആര്‍എസ്എസ് വിലയിരുത്തുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള പല സാമൂഹ്യശാസ്ത്രജ്ഞന്മാരും ചിന്തകരും ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെ അത്ഭുതത്തോടെയാണ് നോക്കിക്കാണാറുള്ളത്. ആശയാദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെയും, അതേസമയം കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടും മുന്നേറുന്ന സംഘടന 2025 ല്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ പോവുകയാണ്. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇത് ആഘോഷിക്കുക. എണ്ണത്തിലും വണ്ണത്തിലും വളര്‍ന്നുകൊണ്ടിരിക്കുക എന്നതു മാത്രമല്ല സംഘത്തിന്റെ ലക്ഷ്യം. സാമൂഹ്യമാറ്റം സാധ്യമാക്കുക എന്നതുമാണ്. ഈ ദിശയില്‍ ജില്ലകള്‍ തോറും ഒരു മാതൃകാഗ്രാമം നിര്‍മിക്കാനാണ് സംഘം ആഗ്രഹിക്കുന്നത്. ഇതിനോടകംതന്നെ 400 ഗ്രാമങ്ങളില്‍ ഈ മാറ്റം പ്രകടമാണെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വ്യക്തമാക്കുമ്പോള്‍ ഈ ലക്ഷ്യ പൂര്‍ത്തീകരണം ഒട്ടും അസാധ്യമല്ലെന്നു കാണാനാവും. ഓട്ടത്തില്‍ എല്ലാവരുടെയും മുന്നിലാവുകയല്ല, എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സംഘത്തിന്റെ രീതിയെന്നും സര്‍കാര്യവാഹ് വിശദീകരിക്കുന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സംഘപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളിലെ നല്ലവരായ മനുഷ്യരുടെ സഹകരണത്തോടെ സമൂഹത്തെ മാറ്റത്തിലേക്ക് വഴിതെളിക്കാനാവുമെന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. സംഘടിതബോധവും ദേശീയവികാരവും ശക്തിപ്പെടുന്നതിലൂടെ സമൂഹം ഭാവാത്മകമായ പരിവര്‍ത്തനത്തിന് വിധേയമാവും. പുതുതലമുറയില്‍പ്പെട്ട എസ്. സുദര്ശന്, വി. അനീഷ് എന്നിവര്‍ യഥാക്രമം പ്രാന്തപ്രചാരക്, സഹപ്രാന്തപ്രചാരക് എന്നീ ചുമതലകളില്‍ എത്തിയതും, ഇതുവരെ പ്രാന്തപ്രചാരകായിരുന്ന പി.എന്‍. ഹരികൃഷ്ണകുമാര്‍ കേരളം, തമിഴ്നാട് ഉള്‍പ്പെടുന്ന ദക്ഷിണ ക്ഷേത്ര സഹസമ്പര്‍ക്ക പ്രമുഖിന്റെ ചുമതലയിലേക്ക് മാറിയതും, ഒ.കെ. മോഹനന് ദക്ഷിണ ക്ഷേത്ര പ്രചാരക് പ്രമുഖായതും ഇതുവരെ ആ സ്ഥാനം വഹിച്ചിരുന്ന പി.ആര്. ശശിധരന് ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗമായതും കേരളവുമായി ബന്ധപ്പെട്ട് പ്രതിനിധിസഭയിലുണ്ടായ പ്രഖ്യാപനങ്ങളാണ്.
കര്‍ണാവതിയിലെ ആര്‍എസ്എസ് പ്രതിനിധിസഭ അംഗീകരിച്ച പ്രമേയം മാറിയ കാലത്ത് എന്തൊക്കെയാണ് രാജ്യത്ത് ആവശ്യമെന്നും, ഏതുതരം വികസന മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും വ്യക്തമാക്കുകയുണ്ടായി. സമൃദ്ധമായ പ്രകൃതിവിഭവങ്ങളും വിപുലമായ മാനവികശേഷിയും സംരംഭകത്വശേഷിയും ഭാരതത്തിന് ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. പരിസ്ഥിതി സൗഹൃദപരവും മനുഷ്യകേന്ദ്രീകൃതവുമായ തൊഴിലുകള്‍ക്ക് പ്രാധാന്യം നല്കുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തമാകണമെന്നും, അത് വികേന്ദ്രീകരണത്തിനും ആനുകൂല്യങ്ങളുടെ തുല്യവിതരണത്തിനും പ്രാമുഖ്യം നല്‍കണമെന്നുമുള്ള പ്രമേയം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് നീതിയുക്തമായ ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ നിര്‍മിതിക്ക് ആവശ്യമാണ്. പലതരം സ്വാധീനങ്ങളിലും സമ്മര്‍ദ്ദങ്ങളിലുംപെട്ട് പലരും കാണാതെ പോകുന്ന കാര്യമാണിത്. ഭാരതം എക്കാലത്തും സമ്പല്‍സമൃദ്ധമായിരുന്നു. വിഭവദാരിദ്ര്യം ഉണ്ടായിരുന്നില്ല. പക്ഷേ സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണം സാധ്യമല്ലാതെപോയതാണ് സമൂഹത്തെ ദുര്‍ബലപ്പെടുത്തിയത്. തൊഴില്‍ തേടുന്ന മാനസികാവസ്ഥയില്‍നിന്ന് യുവാക്കള്‍ പുറത്തുവന്ന് തൊഴില്‍ സംരംഭകരായി മാറണമെന്ന പ്രതിനിധിസഭയുടെ നിര്‍ദ്ദേശത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതിവേഗം മാറുന്ന ആഗോള സാമ്പത്തിക സാഹചര്യങ്ങളുടെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഒരു സമൂഹമെന്ന നിലയില്‍ പുതിയ വഴികള്‍ തേടുമ്പോള്‍ സമ്പദ്വ്യവസ്ഥയില് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത പ്രമേയത്തില്‍ ഊന്നിപ്പറയുന്നത് ശ്രദ്ധേയമാണ്. ഭാരതത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വവും അല്ലാതെയുമുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇതിന് മാറ്റം വരുത്താന്‍ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ആശയസംവാദങ്ങള്‍ ആവശ്യമാണെന്ന് സര്‍കാര്യവാഹ് പറയുന്നതില്‍ പുതിയ മുന്നേറ്റത്തിനുള്ള പാത തെളിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: