ന്യൂദല്‍ഹി: . ഇന്ത്യയുടെ കര-നാവിക-വ്യോമ പ്രതിരോധത്തെ കരുപ്പിടിപ്പിച്ചത് റഷ്യയുടെ ഉദാരമനസ്‌കതയാണ്. പ്രതിരോധമേഖലയില്‍ ഇന്ത്യയെ കരുത്തിലേക്ക് കൈപ്പിടിച്ച് കയറ്റിയത് റഷ്യയാണ്.
പണം നല്‍കിയാലും കിട്ടാത്ത ആധുനിക ആയുധങ്ങളും അതിന് പിന്നിലെ സാങ്കേതിക വിദ്യകളുമാണ് റഷ്യ യാതൊരുമടിയുമില്ലാതെ ഇന്ത്യയ്‌ക്ക് കൈമാറിയത്. പാശ്ചാത്യരാജ്യങ്ങള്‍ അറച്ചുനില്‍ക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. ഇന്ത്യയുടെ പ്രതിരോധ ശക്തിയുടെ 60 ശതമാനത്തിന് കടപ്പെട്ടിരിക്കുന്നത് റഷ്യയോട് തന്നെ. ഏറ്റവുമൊടുവില്‍ ചൈനയ്‌ക്ക് പോലും പേടിസ്വപ്‌നമാകുന്ന എസ്400ട്രയംഫ് എന്ന വ്യോമ പ്രതിരോധസംവിധാനവും ഇന്ത്യയ്‌ക്ക് കൈമാറിയതും റഷ്യ
മുങ്ങിക്കപ്പല്‍ മുതല്‍ യുദ്ധവിമാനങ്ങള്‍ മുതല്‍ സാദാ റൈഫില്‍ വരെ ഇന്ത്യയുടെ സൈനികശക്തിക്ക് പിന്നില്‍ റഷ്യയുണ്ടെന്നറിയുക. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും എന്നു പറഞ്ഞതുപോലെ ഭാരതത്തിന്റെ നാവികസേനയിലും കരസേനയിലും വ്യോമസേനയിലും റഷ്യയുണ്ട്. ഇനി ഇന്ത്യയുടെ ഓരോ സൈനിക വിഭാഗങ്ങളിലും എത്രത്തോളം റഷ്യയുടെ കരുത്തുണ്ടെന്നറിയാം.
ഭാരതത്തിന്റെ കരസേന
ഇന്ത്യയുടെ കരസേനയ്‌ക്കാവശ്യമായ പീരങ്കികളും ചെറിയ റൈഫിള്‍ വരെയും റഷ്യയുടേതാണ്. ഇന്ത്യ സ്വയം സൃഷ്ടിച്ച അര്‍ജുന്‍ ടാങ്ക് മാറ്റിനിര്‍ത്തിയാല്‍ മിക്ക ആയുധങ്ങളും റഷ്യയുടേതാണ്.
ടി-90, ടി-72 എന്നീ ടാങ്കുകള്‍ ഇന്ത്യയുടെ കരസേനയുടെ പ്രധാന സായുധ ടാങ്കുകളാണ്. ഇതിപ്പോള്‍ ഇന്ത്യയില്‍ റഷ്യയുടെ സാങ്കേതിക വിദ്യയനുസരിച്ച് നിര്‍മ്മിക്കുന്നു. ചൈനയുമായി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ ഈ ടാങ്കുകള്‍ ഇന്ത്യ ലഡാക്കില്‍ വിന്യസിച്ചിരുന്നു.
നേരത്തെ ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ടി-55 ടാങ്കാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴും യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ലക്ഷ്യവേധിത വെടിവെപ്പിന് ഉപയോഗിക്കുന്നുണ്ട് ഈ ടാങ്ക്.
പീരങ്കികളും മിസ്സൈലുകളും
ഇന്ത്യ ഉപയോഗിക്കുന്ന പ്രധാന റോക്കറ്റ് സംവിധാനങ്ങളായ സ്‌മെര്‍ചും ഗ്രാഡും റഷ്യയില്‍ നിന്നുള്ളതാണ്. ഇന്ത്യ ഇപ്പോള്‍ സ്വന്തമായി പീരങ്കികള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഇനി ടാങ്ക് വേധിത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എടുത്താലും എല്ലാം റഷ്യയുടേത് തന്നെ. കൊന്‍കേഴ്‌സ് ആന്‍റി ടാങ്ക് ഗൈഡഡ് മിസ്സൈല്‍, കൊറെന്‍റ് എടിജിഎം, ഒഎസ്എ എന്ന കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന മിസൈല്‍, കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന പെചോറ മിസൈല്‍, കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന സ്‌ട്രെല, ഇഗ്ല മിസൈലുകള്‍ ഇതെല്ലാം റഷ്യനാണ്.
ബ്രഹ്മോസിലും റഷ്യയുണ്ട്
ഇന്ത്യയുടെ ഏറ്റവും വേഗം കൂടി ക്രൂസ് മിസൈലായ ബ്രഹ്മോസ് പോലും ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണെന്നറിയുക.
ചെറിയ ആയുധങ്ങള്‍
ഇന്ത്യയില്‍ ഏറെ പേര് കേട്ട, ഇപ്പോഴും തീവ്രവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന എകെ 47 റഷ്യന്‍ ഉല്‍പന്നമാണ്. ഇപ്പോള്‍ എകെ-203 എന്ന റൈഫില്‍ ഇന്ത്യയുടം റഷ്യയും കൂടി സംയുക്തമായി നിര്‍മ്മിക്കാന്‍ ആലോചിക്കുന്നു. ഇനി കരസേന ഉപയോഗിക്കുന്ന ഡ്രഗുനൊവ് റൈഫിള്‍, എന്‍എസ് വി യന്ത്രത്തോക്ക്, ഒഎസ് വി 96 റൈഫിളുകള്‍ എന്നിവയെല്ലാം റഷ്യയുടേതാണ്. യുദ്ധവിമാനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന ഷില്‍ക ഗണ്ണും റഷ്യയുടേത്.
ഭാരതത്തിന്റെ നാവിക സേന
കപ്പുകള്‍ക്കെതിരെ ഉപയോഗിക്കുന്ന ഇന്ത്യന്‍ നാവിക സേനയുടെ കെഎച്-35, പി-20 എന്നീ മിസൈലുകള്‍ റഷ്യയുടേതാണ്. ക്ലബ് എന്ന കപ്പലിനെതിരെയും കരയിലും തൊടുക്കാവുന്ന മിസൈലുകള്‍, എപിആര്‍-3ഇ എന്ന കപ്പലിനെതിരെ തൊടുക്കാവുന്ന ടോര്‍പിഡോ എന്നിവ റഷ്യയില്‍ നിന്നുതന്നെ. കെഎച്ച് 35 ഹെലികോപ്റ്ററുകളില്‍ നിന്നും കപ്പലുകളില്‍ നിന്നും തൊടുക്കാം.
രജ്പുത് ക്ലാസില്‍ പെട്ട കപ്പലുകള്‍, തല്‍വാര്‍ ക്ലാസില്‍ പെട്ട ഫ്രിഗേറ്റുകള്‍, വീര്‍ ക്ലാസില്‍ പെട്ട കോര്‍വെറ്റുകള്‍ എന്നിവ റഷ്യയില്‍ നിന്നുള്ളവയാണ്. ഇന്ത്യ ഉപയോഗിക്കുന്ന 8 കിലോ-ക്ലാസ് മുങ്ങിക്കപ്പല്‍ റ,്‌യ നല്‍കിയതാണ്. ഇന്ത്യയുടെ മുങ്ങിക്കപ്പലുകളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നുള്ളവയാണ്.
ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വഹിക്കുന്ന ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നും ഉപയോഗിക്കുന്ന 45 മിഗ് 29കെ റഷ്യില്‍ നിന്നുള്ളതാണ്. കാമൊവ് എന്ന് മുങ്ങിക്കപ്പലുകള്‍ക്കെതിരെ ഉപയോഗിക്കുന്ന ഹെലികോപ്റ്ററും റഷ്യ നല്‍കിയതാണ്.
ചക്ര എന്ന പേരിലറിയപ്പെടുന്ന ശ്രേണിയില്‍പ്പെട്ട ആണവശക്തിയുള്ള ആക്രമണ മുങ്ങിക്കപ്പലുകള്‍ റഷ്യയാണ് ആവശ്യമെങ്കില്‍ വാടകയ്‌ക്ക് നല്‍കുന്നത്. ഇന്ത്യയുടെ സ്വന്തം ബാലിസ്റ്റിക് മിസൈല്‍ മുങ്ങിക്കപ്പലുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈനികരെ വര്‍ഷങ്ങളോളം പരിശീലിപ്പി്ച്ചത് ഈ റഷ്യന്‍ മുങ്ങികപ്പല്‍ ഉപയോഗിച്ചാണ്.
ഭാരതത്തിന്റെ വ്യോമസേന
ഇന്ത്യയുടെ വ്യോമസേന ഇപ്പോള്‍ ഫ്രാന്‍സിനെയും ഇസ്രയേലിനെയും കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ സുഖോയ് എസ്യു-30 എംകെ1 യുദ്ധവിമാനങ്ങള്‍ റഷ്യയുടേതാണ്. മിഗ് 29 യുപിജി, മിഗ് 21 എന്നിവയെല്ലാം റഷ്യയില്‍ നിന്നാണ്.
മിസൈലുകളും റഷ്യയില്‍ നിന്നുള്ളവയാണ്. ആര്‍-77, ആര്‍-37, ആര്‍-73 എന്നീ ആകാശത്ത് നിന്നും ആകാശത്തേക്ക് തൊടുക്കുന്ന മിസൈലുകളും കെഎച്ച് 59, കെഎച്ച് 35, കെഎച്ച് 31 എന്നീ ആകാശത്ത് നിന്നും കരയിലേക്ക് തൊടുക്കുന്ന മിസൈലുകളും റഷ്യയുടേതാണ്. കെഎബി എന്ന ലേസറില്‍ നിയന്ത്രിക്കുന്ന ബോംബുകളും റഷ്യയുടേതാണ്. ഇത് എസ് യു 30 എംകെ ഐ യുദ്ധവിമാനത്തില്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ ചൈനയ്‌ക്കും പാകിസ്ഥാനും ഏറ്റവുമധികം ഭയം വിതറുന്ന എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനവും റഷ്യയാണ് ഇന്ത്യക്ക് നല്‍കിയത്. എം ഐ17 എന്ന യൂട്ടിലിറ്റി ഹെലികോപ്റ്റര്‍, എം ഐ 35 ആക്രമണ ഹെലികോപ്റ്റര്‍, എം ഐ 26 എന്ന ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ എന്നിവയും റഷ്യ നല്‍കിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: