ഇടുക്കി: സംസ്ഥാനത്തെ അന്തരീക്ഷ താപനില ഉയരുന്നു, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം(ഐഎംഡി). സീസണിലെ ഏറ്റവും കൂടിയ താപനില ഇന്നലെ കൊല്ലം പുനലൂരില്‍ രേഖപ്പെടുത്തി, 38.8 ഡിഗ്രിയാണിത്. ശനിയാഴ്ച ഇത് 38.7 ഡിഗ്രിയായിരുന്നു. വെള്ളാനിക്കര-38.6, പാലക്കാട്-37.4, തിരുവനന്തപുരം- 34.5, കൊച്ചി- 32.8, കോഴിക്കോട്-36, മൂന്നാര്‍- 30 എന്നിങ്ങനെയാണ് മറ്റ് പ്രധാന സ്ഥലങ്ങളിലെ ഇന്നലത്തെ കൂടിയ താപനില.
കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്ത് താപനില ഏറി വരികയാണ്. ഒരാഴ്ചയോളമായി പാലക്കാട്, വെള്ളാനിക്കര(തൃശ്ശൂര്‍), പുനലൂര്‍ എന്നിവിടങ്ങളിലെ താപനില ഇടവിട്ട് 38 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. കൂടുതല്‍ സ്ഥലങ്ങളിലും കൂടിയ താപനില 35 ഡിഗ്രിക്ക് മുകളിലാണ്. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ശരാശരി കൂടിയ താപനിലയില്‍ 1 മുതല്‍ 2 ഡിഗ്രി വരെ വര്‍ദ്ധനവിന് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു.
എയര്‍ കണ്ടീഷണര്‍, കൂളര്‍ പോലുള്ളവയുടെ ഉപഭോഗം കൂടിയതിനാല്‍ വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. എസ്എസ്എല്‍സി പരീക്ഷയടക്കം തുടങ്ങാത്തിനാല് ഈ ദിവസങ്ങളില്‍ പരമാവധി 86 മില്യണ്‍ യൂണിറ്റായിരുന്നു ഉപഭോഗം കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ നാലു ദിവസമായി ഉപഭോഗം ഇതിന് മുകളിലാണ്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 86.32 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: