കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്ങിനെ തുടര്‍ന്ന് മെഡിക്കല്‍ പിജി വിദ്യാര്‍ഥി പഠനം അവസാനിപ്പിച്ചു. ഓര്‍ത്തോ വിഭാഗത്തില്‍ പിജി വിദ്യാര്‍ഥിയായ ഡോ. ജിതിന്‍ ജോയിയാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ചത്. മാനസികമായി പീഡിപ്പിച്ചെന്നും വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ അമിത ജോലി ചെയ്യിച്ചെന്നും ജിതിന്‍ പരാതിപ്പെട്ടു.
സംഭവത്തില്‍ ഓര്‍ത്തോ വിഭാഗത്തിലെ രണ്ട് പിജി സീനിയര്‍ വിദ്യാര്‍ഥികളെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
ഫെബ്രുവരി നാല് മുതല്‍ 11 വരെയായിരുന്നു ഡോ. ജിതിന് നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനം. രാത്രി ഉറങ്ങാന്‍ സമ്മതിക്കാതെ വാര്‍ഡുകളില്‍ അധിക ഡ്യൂട്ടി എടുപ്പിച്ചു. മനപ്പൂര്‍വ്വം ഡ്യൂട്ടികളില്‍ വൈകിയെത്തി ജോലി ഭാരമുണ്ടാക്കി എന്നിങ്ങനെയാണ് ജിതിന്‍ പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയിലുള്ളത്.
വകുപ്പ് മേധാവിയോട് നിരവധി തവണ ഇക്കാര്യം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവിടെ ഇതാണ് രീതിയെന്ന് പറഞ്ഞ് നിസ്സാരവത്കരിച്ചെന്നും ജിതിന്‍ പറയുന്നു. തുടര്‍ന്ന് ജിതിന്‍ പഠനം അവസാനിപ്പിക്കുകയായിരുന്നു. മറ്റൊരു കോളജില്‍ പഠനം തുടങ്ങിയ ശേഷമാണ് പ്രിന്‍സിപ്പലിന് നേരിട്ട് പരാതി നല്‍കിയത്. അതേസമയം, പരാതി പ്രിന്‍സിപ്പല്‍ പോലീസിന് കൈമാറിയിരുന്നതായും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് ജിതിന്‍ അറിയിച്ചതിനാല്‍ കേസെടുത്തില്ലെന്നും മെഡിക്കല്‍ കോളജ് പോലീസും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: