തൃശൂർ : അമേരിക്കയില്‍ നിന്നൊരു മലയാളി സംഗീതജ്ഞന്റെ ശബ്ദമാധുരി കൂടി മലയാള സിനിമാഗാന ലോകത്തേക്ക് ഒഴുകിയെത്തുന്നത് ഒരുപാട് പ്രതീക്ഷകളോടെയാണ്. ‘ഓടിച്ചിട്ടൊരു കല്യാണം’ എന്ന സിനിമയില്‍ തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയായ സാധക അലക്‌സാണ്ടര്‍ ആലപിച്ച ഗാനത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം നടന്നു.
ഒരു പതിറ്റാണ്ട് മുന്‍പ് അമേരിക്കയിലെത്തി മലയാളികളായ കുട്ടികള്‍ക്ക് കര്‍ണാടക സംഗീതം അഭ്യസിപ്പിച്ചും, മലയാള ഗാനങ്ങളുടെ മാധുര്യം പകര്‍ന്നു നല്‍കി സംഗീതാഭിരുചികള്‍ക്ക് പ്രോത്സാഹനം നല്‍കി കുട്ടികള്‍ക്ക് സംഗീത ലോകത്തേക്കുള്ള വഴികാട്ടുകയും ചെയ്ത വ്യക്തിയാണ് അലക്‌സാണ്ടര്‍. പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവ. മ്യൂസിക് കോളേജില്‍ നിന്നും ഗാനഭൂഷണം കഴിഞ്ഞ ശേഷം നിരവധി പ്രഗത്ഭരുടെ അടുത്ത് സംഗീതം അഭ്യസിച്ച ശേഷമാണ് അമേരിക്കയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് ആരംഭിച്ചത്.
സംഗീത മേഖലയില്‍ അലക്‌സാണ്ടറിന്റെ പ്രവര്‍ത്തന മികവിന് ന്യൂയോര്‍ക്ക് സെനറ്റര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. റോക്ക്‌ലാന്റിലെ സൈക്യാട്രി സെന്ററില്‍ പ്രൊജക്ട് അസിസ്റ്റന്റാണ് അലക്‌സാണ്ടര്‍ ഇപ്പോള്‍. അമേരിക്കയില്‍ സംഗീത കളരിയുമായി ചേക്കേറിയ അലക്‌സാണ്ടര്‍ താന്‍ ജനിച്ചു വളര്‍ന്ന നാടിന്റെ ഗ്രാമീണതയും, പാരമ്പര്യവും സമന്വയിപ്പിച്ച് ദൃശ്യ ഗാനം ആവിഷ്‌കരിക്കാനുള്ള ശ്രമവും ഇതിനകം തുടങ്ങിയിട്ടുണ്ട്.
ഗുഡ് വേ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അമിത് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമ്പാടി ദിനിലാണ്. ലെജിന്‍ ചെമ്മണിയുടെ വരികള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം നല്‍കിയിരിക്കുന്നു. ലിനി സ്റ്റാന്‍ലിയോടൊപ്പം സാധക അലക്‌സാണ്ടര്‍ ആലപിച്ച ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: